Latest News

സീറോ മലബാർ ലണ്ടൻ റീജണൽ വനിതാ ഫോറത്തിന് സാരഥികളായി

2017-10-11 01:47:28am | അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ വനിതകളുടെ ഉന്നമനത്തിനും,കൂട്ടായ്‌മ്മക്കും, ശാക്തീകരണത്തിനുമായി രൂപം കൊടുത്ത വനിതാ ഫോറത്തിന് ലണ്ടൻ റീജണിൽ നവ നേതൃത്വം ആയി.രൂപതാദ്ധ്യക്ഷൻ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ,ബ്രെൻഡ്‌വുഡ്, സൗത്താർക്ക് ചാപ്ലിൻസികളുടെ കീഴിലുള്ള 22 കുർബ്ബാന കേന്ദ്രങ്ങളിൽ നിന്നായി എത്തിയ നൂറിൽപ്പരം പ്രതിനിധികളുടെ യോഗമാണ് റീജണൽ വനിതാ ഫോറം പ്രഥമ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ വനിതാ ഫോറം ഡയറക്ടർ സി.മേരി ആൻ മാധവത് യോഗത്തിനു നേതൃത്വം നൽകി. വനിതാ ഫോറം എന്ന സംഘടനകൊണ്ട് രൂപത വിഭാവനം ചെയ്യുന്ന ആല്മീയ-സാമൂഹ്യ മൂല്യങ്ങളും ആശയങ്ങളും പ്രതിഫലിച്ച സിസ്റ്റർ മേരിയുടെ ആമുഖ പ്രസംഗത്തിൽ സംഘടനയുടെ അനിവാര്യത,ലക്‌ഷ്യം,കർമ്മ പരിപാടികൾ എന്നിവ സവിസ്തരം പ്രതിപാദിക്കുകയുണ്ടായി.സ്ത്രീ എന്ന നിലയിലും, കുടുംബ നാഥയെന്ന നിലയിലും ഏറെ ഉത്തരവാദിത്വങ്ങൾ നിക്ഷിപ്തമായിട്ടുള്ള വനിതകളുടെ അർപ്പണ മനോഭാവത്തിനും,ത്യാഗങ്ങൾക്കും അർഹമായ ബഹുമാനവും,മഹത്വവും ലഭിക്കുവാനും സംഘടന പ്രയോജനകരമാകും.സാമൂഹിക രംഗങ്ങളിലും കുടുംബങ്ങളിലും ചാലിക ശക്തിയായി വർത്തിക്കുന്ന വനിതകളുടെ ഈ മുന്നേറ്റം  സഹവർത്തത്തോടെയുള്ള ഏകോപന പ്രവർത്തനങ്ങൾക്കായി ഉപകരിക്കും.

ലണ്ടൻ റീജണൽ ചാപ്ലിൻസികളുടെ നേതൃത്വം നൽകുന്ന ഫാ.സെബാസ്റ്റിൻ ചാമക്കാല, ഫാ.ജോസ് അന്ത്യാംകുളം, പിതാവിന്റെ സെക്രട്ടറി ഫാൻസുവ പത്തിൽ എന്നിവർ റീജണൽ യോഗത്തിനും, തെരഞ്ഞെടുപ്പിനും മേൽനോട്ടം വഹിച്ചു. തെരഞ്ഞെടുപ്പിൽ ലണ്ടൻ റീജണയിലെ എല്ലാ കുർബ്ബാന കേന്ദ്രങ്ങളിൽ നിന്നും ഉള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു.

ലണ്ടൻ റീജണൽ വനിതാ ഫോറം പ്രഥമ ഭാരവാഹികളായി ഡെയ്‌സി ജെയിംസ് വാൽത്തംസ്റ്റോ (പ്രസിഡണ്ട്‌)     അൽഫോൻസാ ജോസ് എൻഫീൽഡ് (വൈസ് പ്രസിഡണ്ട്) ജെസ്സി റോയി (സെക്രട്ടറി), ജെയ്റ്റി റെജി (ജോ. സെക്രട്ടറി) ആലീസ് ബാബു (ട്രഷറർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ലണ്ടൻ റീജണൽ വുമൺസ് ഫോറം ഉദ്ഘാടനം നിർവ്വഹിച്ച അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവ് നവ സാരഥികൾക്ക് വിജയങ്ങൾ നേരുകയും തങ്ങളുടെ അർപ്പണത്തിലൂടെയും,  സഹനത്തിലൂടെയും, ത്യാഗങ്ങളിലൂടെയും കുടുംബ ഭദ്രത കുരുപ്പിടിപ്പിക്കുന്നതുപോലെ വിശ്വാസത്തിന്റെ മേഖലയിലും സഭയുടെ വളർച്ചാ മേഖലകളിലും തങ്ങളുടെ നിസ്തുലമായ സേവനങ്ങൾക്കൊണ്ട് നാളിന്റെ ഭാവി സുദൃഢമാക്കട്ടേ എന്നാശംസിക്കുകയും ചെയ്തു. ലണ്ടനിലെ വാൽത്തംസ്റ്റോ ഔർ ലേഡി ആൻഡ് സെന്റ് ജോർജ്ജ് ചർച്ചിലാണ് ലണ്ടൻ റീജണൽ വനിതാ ഫോറത്തിന്റെ പ്രഥമ യോഗത്തിനും,തെരഞ്ഞെടുപ്പിനും വേദിയായത്.