Latest News

അനുഗ്രഹമഴയിൽ നനഞ്ഞു ലണ്ടൻ അഭിഷേകാഗ്നി കൺവൻഷൻ; ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് പുത്തൻ ഉണർവ്വ് പകർന്ന ബൈബിൾ കൺവൻഷൻ സമാപിച്ചു, തിരുസഭയ്ക്ക് ഈ തലമുറയിൽ ദൈവം നൽകിയ സമ്മാനമാണ് വട്ടായിലച്ചനെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ

2017-10-30 08:25:29am | ഫാ. ബിജു കുന്നയ്ക്കാട്ട്

ലണ്ടന്‍: എട്ട് വിവിധ റീജിയണുകളിലായി നടത്തിയ പ്രഥമ ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്‌നി ഏകദിന ബൈബിള്‍ കണ്‍വെന്‍ഷനില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഒത്തുചേര്‍ന്ന ലണ്ടന്‍ കണ്‍വെന്‍ഷനോടെ എട്ട് ദിവസങ്ങള്‍ നീണ്ട തിരുവചന ധ്യാന ദിവസങ്ങള്‍ക്ക് സമാപനം. ഇന്നലെ ലണ്ടന്‍ അലയന്‍സ് പാര്‍ക്കില്‍ മൂവായിരത്തിലധികം വിശ്വാസികള്‍ ഒത്തുചേര്‍ന്ന് തങ്ങളുടെ ആത്മീയ ചൈതന്യം ആഴപ്പെടുത്തി. രാവിലെ 9.30ന് ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിച്ച തിരുക്കര്‍മ്മങ്ങളില്‍ ആരാധനാ സ്തുതി ഗീതങ്ങള്‍ക്കുശേഷം  സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടറും അഭിഷേകാഗ്‌നി ധ്യാനങ്ങളിലെ മുഖ്യപ്രഭാഷകനുമായ റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ തിരുവചന പ്രഭാഷണം നടത്തി

പല തലങ്ങളിലുള്ള ശുശ്രൂഷകള്‍ സഭയില്‍ നടക്കുന്നുണ്ടെങ്കിലും അവയില്‍ പൗരോഹിത്യ ശുശ്രൂഷ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. കാരണം ഒരു പുരോഹിതന്‍ ബലിയര്‍പ്പിക്കുമ്പോള്‍ ഈശോ തന്നെയാണ് ബലിയര്‍പ്പിക്കുന്നതെന്നും പുരോഹിതന്‍ ആശീര്‍വദിക്കുമ്പോള്‍ ഈശോ തന്നെയാണ് ആശീര്‍വദിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടന്ന വി. കുര്‍ബാനയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായിരുന്നു. ഈശോ നമ്മിലും നാം ഈശോയിലും വസിക്കുന്ന പരസ്പര സഹവാസത്തിന്റെ അനുഭവമാണ് വി. കുര്‍ബാനയിലും ധ്യാനത്തിലും ഓരോരുത്തരും നേടേണ്ടതെന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. മരുഭൂമിയില്‍ ഈശോയ്ക്ക് ഉണ്ടായതുപോലെ പരീക്ഷണങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. അതില്‍ വീണുപോകുന്നവര്‍ക്കാണ് സ്വര്‍ഗ്ഗരാജ്യം നഷ്ടമാകുന്നതെന്നും ഈശോയുടെ ശിഷ്യനായിരുന്നെങ്കിലും യൂദാസിനു സംഭവിച്ച പിഴവ് അതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലണ്ടന്‍ റീജിയണ്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോസ് അന്ത്യാംകുളത്തിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിലാണ് ധ്യാനത്തിനുവേണ്ട വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നത്. മാര്‍ സ്രാമ്പിക്കലിനൊപ്പം നിരവധി വൈദികര്‍ ദിവ്യബലിയല്‍ സഹകാര്‍മ്മികരായി. കണ്‍വെന്‍ഷന്റെ സമാപനത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിനും ടീമംഗങ്ങള്‍ക്കും നന്ദി പറഞ്ഞു. ഈ നൂറ്റാണ്ടിലെ പുതിയ തലമുറയ്ക്ക് ദൈവം നല്‍കിയ ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണ് വട്ടായിലച്ചനും അദ്ദേഹത്തിന്റെ ശുശ്രൂഷകളുമെന്ന് മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. മെത്രാന്‍മാര്‍ക്കുള്‍പ്പെടെ ധ്യാനങ്ങള്‍ നടത്തി സഭയില്‍ ഏറെ അനുഗ്രഹങ്ങള്‍ നേടിത്തരുന്ന വട്ടായിലച്ചന്റെ ശുശ്രൂഷകള്‍ക്ക് രൂപതയുടെയും വൈദികരുടെയും എല്ലാ വിശ്വാസികളുടെയും പേരില്‍ നന്ദി പ്രകാശിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. മറുപടി പ്രസംഗത്തില്‍ സ്രാമ്പിക്കല്‍ പിതാവിനും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്കും നന്ദി പ്രകാശിപ്പിക്കുന്നതായി ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ പറഞ്ഞു. എല്ലാ റീജിയണുകളിലും കണ്‍വെന്‍ഷനുകള്‍ക്ക് നേതൃത്വം നല്‍കിയ ബഹു. വൈദികര്‍ക്കും സിസ്റ്റേഴ്സിനും കമ്മിറ്റിയംഗങ്ങള്‍ക്കും ധ്യാനത്തില്‍ സംബന്ധിച്ച എല്ലാ വിശ്വാസികള്‍ക്കും നന്ദി പറയുന്നതായും തുടര്‍ന്നും ദൈവാനുഗ്രഹം പ്രാര്‍ത്ഥിക്കുന്നതായും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.