Latest News

ബ്രിസ്റ്റോൾ STSMCCയുടെ നൈറ്റ് വിജിൽ ഇന്ന്

2017-11-03 08:42:01am | സിസ്റ്റർ. ലീന മേരി

നവംബർ 3 , വെള്ളിയാഴ്ച വൈകുന്നേരം ആറരക്ക് ഫിഷ്‌പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തിൽ യാമ പ്രാർത്ഥനയോട് കൂടി ബൈബിൾ കലോത്സവത്തിന്റെ ആധ്യാത്മിക തലത്തിലുള്ള ഒരുക്കങ്ങൾക്ക് തുടക്കമാകും. എല്ലാ മാസാദ്യ വെള്ളിയാഴ്ചകളിലും ബ്രിസ്റ്റോളിൽ നടക്കുന്ന നൈറ്റ് വിജിൽ ഇത്തവണ ബൈബിൾ കലോത്സവത്തിന് മുന്നോടിയായുള്ള നൈറ്റ് വിജിലാകും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കിയുടെ ഇടയനായ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിലായിരിക്കും ദിവ്യബലിയും ദിവ്യ കാരുണ്യാരാധനയും നടക്കുന്നത്.
വിശുദ്ധരെയും മരിച്ച വിശ്വാസികളെയും ഓർക്കുന്ന ഈ മാസത്തിൽ ദൈവകൃപയാൽ ശക്തിപ്പെടുവാനും മാധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിയ്ക്കുവാനും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് STSMCC വികാരി റവ. ഫാ. പോൾ വെട്ടിക്കാട്ട് CST, കൈക്കാരന്മാരായ ജോസ് മാത്യു, ലിജോ പടയാട്ടിൽ, പ്രസാദ് ജോൺ എന്നിവർ സസ്നേഹം എല്ലാ വിശ്വാസികളെയും അറിയിക്കുന്നു.