Latest News

പ്രതികൂല കാലാവസ്ഥയിലും ലണ്ടനിൽ പൊങ്കാലക്ക് എത്തിയത് നൂറു കണക്കിന് ഭക്തർ; രുചിയുടെ "മത്സര കലവറ" അന്നദാനത്തെ ശ്രദ്ധേയമാക്കി.

2018-03-05 03:43:26am | അപ്പച്ചന്‍ കണ്ണഞ്ചിറ
ന്യുഹാം: ലണ്ടനില്‍ ആഘോഷിച്ച പതിനൊന്നാമത്  പൊങ്കാല ശ്രീ മുരുകൻ ക്ഷേത്രത്തിൽ ഭക്തിനിർഭരവും, അനുഗ്രഹസാന്ദ്രവുമായി. വനിതകളുടെ ശക്തികേതമായ ആറ്റുകാലമ്മക്ക്  പൊങ്കാലയർപ്പിക്കുവാൻ കനത്ത മഞ്ഞു വീഴ്ചയും, ഗതാഗത കുരുക്കും, അതിശൈത്യവും വകവെക്കാതെ നൂറു കണക്കിനു ദേവീ ഭക്തരാണ് ന്യു ഹാമിലെ ശ്രീ മുരുകൻ ക്ഷേത്രത്തിൽ ഒഴുകിയെത്തിയത്. ലണ്ടനിൽ വനിതകളുടെ സാംസ്കാരിക-സാമൂഹ്യ-ക്ഷേമ-വികസന ഉന്നമനത്തിനായി രൂപം കൊടുത്ത 'ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ്‌വർക്ക്' ആണ്  യു കെ യിലുള്ളവർക്കും പൊങ്കാല അർപ്പിക്കുവാനായി അവസരം ഒരുക്കുന്നത്.  
 
ലണ്ടനിലെ നാനാ ഭാഗത്തു നിന്നും എത്തിയ ദേവീഭക്തോരോടൊപ്പം കെന്റ്, എസ്സെക്സ്, സറേ, സ്റ്റീവനേജ്, ബർമിങ്ങാം, ഓക്സ്ഫോർഡ്,കോവൻട്രി, ലെസ്റ്റർ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നുമായി നിരവധി വനിതകൾ പൊങ്കാലയിൽ പങ്കു ചേരുകയുണ്ടായി. അനവധിയായ അനുഗ്രഹങ്ങൾക്ക് ആറ്റുകാലമ്മ കടാക്ഷമേകി എന്ന് അത്ഭുത വരദാനങ്ങൾ ലഭിച്ച ദേവീ ഭക്തർ ക്ഷേത്ര സന്നിധാനത്തിൽ സാക്ഷ്യമേകുകയും ഉണ്ടായി.  
 
പൊങ്കാലയുടെ ഭാഗമായി നടത്തുന്ന പതിവ് അന്നദാനങ്ങളെ വ്യത്യസ്തമാക്കി വേറിട്ട അനുഭവമാണ് ഈ വർഷം നടന്നത്. മോശമായ കാലാവസ്ഥയിൽ പോലും ഉത്സാഹപൂർവ്വം ഭക്ഷണം തയ്യാറാക്കി കൊണ്ട് വന്നു മനം നിറയെ വിളമ്പി നൽകികൊണ്ട് ഈസ്റ്റ് ഹാമിലെ മലയാളി ഹോട്ടലുകൾ മത്സരിച്ച് ഒരുക്കിയ 'രുചിയുടെ കലവറ' ആസ്വാദകത്വത്തിന്റെ പൂർണ്ണത പകർന്ന് ഏറെ ശ്രദ്ധേയമായി. കേരള തനിമയിൽ ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യയും, മണ്ട പുറ്റ്, പെരളി അപ്പം, പാൽപ്പായസം, പൊങ്കാല പായസം തുടങ്ങിയ വിശിഷ്‌ട വിഭവങ്ങളുമായി അന്നദാനം ആസ്വാദ്യവും സമ്പുഷ്‌ടവുമായി.   
 
അനുഗ്രഹങ്ങളുടെയും, വരദാനങ്ങളുടെയും കടാക്ഷത്തിന്റെയും, ദേവീ  ശക്തി ഒന്നു കൊണ്ട് മാത്രമാണ് ലണ്ടനിൽ കഴിഞ്ഞ പതിനൊന്നു വർഷങ്ങളായി പൊങ്കാല വിജയകരമായി അർപ്പിക്കപ്പെടുന്നത്.  ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ് സംഘടന) ചെയറും, മുഖ്യ  സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, ന്യുഹാം കൗൺസിൽ മുൻ മേയറും പ്രശസ്ത എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരൻ ആണ് പൊങ്കാലയുടെ  ആരംഭകയും വർഷങ്ങളായി നേതൃത്വം നൽകി പോരുന്നതും. 
 
ഏഷ്യൻ വുമൺസ് നെറ്റ്ന്നവർക്കിന്റെ ആനുകാലിക സേവന പ്രവർത്തനങ്ങളിൽ എന്നും ഒപ്പം നിന്ന് പ്രോത്സാഹനവും, സഹകരണവും നൽകി പോരുന്ന 'സ്വയം പ്രോപ്പർട്ടീസ്' എം ഡി ഷീബാ കുമാർ ആണ്  ഈ വർഷവും പൊങ്കാലയുടെ വിജയത്തിനു പിൻബലം നൽകിയത് എന്ന് ഡോ. ഓമന നന്ദിപൂർവ്വം അനുസ്മരിച്ചു. ഏഷ്യാനെറ്റ് യൂറോപ്പ് ആനന്ദ് ടീവിയുടെ പ്രോത്സാഹനവും, സഹായവും പ്രത്യേകം നന്ദിയോടെ ഓർമ്മിക്കുന്നതായും ഡോ.ഓമന പറഞ്ഞു. ന്യുഹാമിലെ സാമൂഹ്യ പ്രവർത്തകനായ സുരേഷ്‌കുമാർ ഗംഗാധരൻ നൽകി പോരുന്ന വിശിഷ്‌ഠ സേവനങ്ങൾ എന്നും തങ്ങൾക്കു  കൈത്താങ്ങാവുന്നു എന്നും അവർ ഓർമ്മിച്ചു.
 
ഈസ്റ്റ്‌ഹാമിലെ ശ്രീ മുരുകന്‍ ടെമ്പ്ലിന്റെ ആദിപരാശക്തിയായ ജയദുർഗ്ഗയുടെ നടയിലെ വിളക്കില്‍ നിന്നും കേരളീയ തനിമയില്‍ വേഷഭൂഷാതികളോടെ  എത്തിയ ദേവീ ഭക്തരുടെ താലത്തിലേക്ക്  ദീപം പകര്‍ന്നു നൽകിയതോടെ പൊങ്കാല ആരംഭിക്കുകയായി.താലപ്പൊലിയുടെയും, പഞ്ചവാദ്യങ്ങളുടെയും അകമ്പടിയോടെയാണ് പൊങ്കാല അർപ്പിച്ചത്. രാജ്യത്തെ സുരക്ഷിത്വ നിയമങ്ങൾ മാനിച്ച് പൊങ്കാല നിവേദ്യങ്ങൾ ഒറ്റ പാത്രത്തിലാക്കി പാകം ചെയ്യലാണ് ലണ്ടൻ പൊങ്കാലക്ക് വ്യത്യസ്തത പകരുന്നത്.  
 
ഈസ്റ്റ്ഹാം എംപിയും, മുൻ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന സ്റ്റീഫൻ ടിംസ് പതിവ് തെറ്റിക്കാതെ ഇത്തവണയും എത്തുകയും പൊങ്കാലയിൽ മുഖ്യാതിഥിയായി പങ്കു ചേർന്നു തന്റെ സാന്നിദ്ധ്യവും, സഹകരണവും  അറിയിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ് വർക്കിലെ  മെമ്പർമാർ, ഈസ്റ്റ് ഹാം ഹൈ സ്ട്രീറ്റ്, ന്യൂഹാം ഗ്രീൻ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ബിസ്സിനസ്സുകാർ, സ്വയം പ്രോപ്പർട്ടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യു എ ഇ എക്സ്ചേഞ്ച്, ഉദയ, തട്ടുകട, അനതപുരം തുടങ്ങിയ റസ്റ്റോറന്റുകൾ  അടക്കം  നിരവധിയായ അഭ്യുദയകാംക്ഷികളുടെ സഹായങ്ങളും പ്രോത്സാഹനങ്ങളും പൊങ്കാലയിലും, വനിതാ സംഘടനയുടെ ആരോഗ്യ-സാമൂഹ്യ പ്രവർത്തനങ്ങളുടെ വിജയങ്ങൾക്കു പിന്നിലും ഉണ്ട്.
 
ഒരിക്കൽ ആറ്റുകാൽ പൊങ്കാലയ്ക്ക് നാട്ടിൽ പങ്കുചേർന്നപ്പോൾ പ്രശസ്ത സിനിമാ താരം സുരേഷ് ഗോപി ഡോ. ഓമനയോടു ' എന്തുകൊണ്ടാണ് നിങ്ങൾ ലണ്ടനിൽ പൊങ്കാല തുടങ്ങാത്തത് ' എന്ന ചോദ്യമാണ് തന്റെ സുഹൃത്ത് ശ്രീദേവി പിള്ളയെ കൂട്ടി ശ്രീ മുരുകൻ അമ്പലത്തിൽ ചെന്ന് അതിനായുള്ള അനുമതി തേടുവാനും പൊങ്കാല തുടങ്ങുവാനും പ്രോത്സാഹനം ആയത് എന്ന് മുഖ്യ സംഘാടക ഓർമ്മിക്കുന്നു.
 
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന  ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് ഇംഗ്ലണ്ട് ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.പഴയ തലമുറകളിലുള്ളവർക്കു പൊങ്കാലക്കുള്ള അവസരം നഷ്‌ടപ്പെടാതെയും, പുതു തലമുറയ്ക്ക് ശ്രേഷ്‌ഠത മനസ്സിലാക്കുവാനും ലണ്ടൻ പൊങ്കാല ഏറെ അനുഗ്രഹദായകമാവുന്നു. ഐശ്വര്യങ്ങൾക്കും, സമാധാനത്തിന്നുമായി ആചരിക്കുന്ന പൊങ്കാലയിടലിനുള്ള സുവർണാവസരമാണ്  ഇവിടെ സംജാതമാക്കുന്നത്.
 
കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ  ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദിയായി ഇത് ശ്രദ്ധേയമായിക്കഴിഞ്ഞു. ദേവീ സാന്നിദ്ധ്യം അനുഭവിച്ചും, അനുഗ്രഹങ്ങൾ പ്രാപിച്ചും, സായൂജ്യമണഞ്ഞും ആണ് പൊങ്കാല അർപ്പിച്ചവർ ക്ഷേത്ര സന്നിധാനത്തിൽ നിന്നും മടങ്ങിയത്.