Latest News

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് ഇത് ആദ്യത്തെ വിശുദ്ധവാരം

2017-04-08 10:12:19am | റെവ.ഫാ .ബിജു കുന്നക്കാട്‌

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രൂപീകൃതമായതിന് ശേഷം ആദ്യമായി വരുന്ന വിശുദ്ധവാരത്തിലെ തിരുക്കര്‍മ്മങ്ങള്‍ ഏറ്റവും ഭക്തിപൂര്‍വ്വമായി ആചരിക്കാനുള്ള ആഗ്രഹത്തിലും പ്രാര്‍ത്ഥനയിലുമാണ് ഇവിടെയുള്ള സീറോ മലബാര്‍ സഭാ വിശ്വാസികള്‍.

രൂപതയുടെ കത്തീഡ്രലായ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിക്കും. ഓശാന ഞായറാഴ്ച രാവിലെ 9.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും.

അന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കവന്‍ട്രിയില്‍ നടക്കുന്ന ഓശാനഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്കും മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം നല്കും.

പെസഹാ ബുധനാഴ്ച പ്രസ്റ്റണ്‍ ദേവാലയത്തില്‍ വൈകുന്നേരം 5.30 ന് വിശുദ്ധ കുര്‍ബാനയും വിശുദ്ധ കുമ്പസാരവും ഉണ്ടായിരിക്കും. പെസഹാവ്യാഴത്തിന്റെ ശുശ്രൂഷകള്‍ വൈകുന്നേരം ആറിന് ആരംഭിക്കും. തുടര്‍ന്ന് കാലുകഴുകല്‍ ശുശ്രൂഷയും അപ്പം മുറിക്കല്‍ ശുശ്രൂഷയും.

ദു:ഖവെളളിയിലെ ശുശ്രൂഷകള്‍ രാവിലെ 10 മണിക്കും ദു:ഖശനിയിലെ ശുശ്രൂഷകള്‍ രാവിലെ 9.30 നും ആരംഭിക്കും. ഉയിര്‍പ്പുതിരുനാളിന്റെ വിജില്‍ മാസ് വൈകുന്നേരം ഏഴ് മണിക്കും

ഉയിര്‍പ്പുഞായറാഴ്ച രാവിലെ 9 മണിക്കും ഉയിര്‍പ്പിന്റെ പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും നടക്കും.

കത്തീഡ്രലില്‍ നടക്കുന്ന വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ രൂപതാധ്യക്ഷനോടൊപ്പം വികാരി ജനറല്‍ ഫാ. മാത്യു ചൂരപ്പൊയ്കയില്‍, സെക്രട്ടറി ഫാ. ഫാന്‍സ്വാ പത്തില്‍, സീറോ മലബാര്‍ സഭ ഫിനാന്‍സ് ഓഫീസര്‍ ഫാ. മാത്യു പുളിമൂട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.

കത്തീഡ്രല്‍ ദേവാലയത്തിന് പുറമെ എട്ട് റീജിയനുകളിലും വിശുദ്ധ വാരതിരുക്കര്‍മ്മങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം നടക്കും.

നോമ്പുകാല ഒരുക്കധ്യാനങ്ങള്‍. കുമ്പസാരം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. കുരിശിന്റെ വഴി പ്രാര്‍ത്ഥനകളും ആത്മീയ ഒരുക്കങ്ങളും നോമ്പുകാലത്തിന്റെ തുടക്കം മുതല്‍ നടത്തിവരുന്നുണ്ടായിരുന്നു.