Latest News

സ്റ്റീവനേജിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്കു ഫാ. സെബാസ്റ്റ്യൻ കാർമികത്വം വഹിക്കും

2018-03-26 07:02:50am | അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലണ്ടൻ റീജണൽ കുർബ്ബാന കേന്ദ്രമായ സ്റ്റീവനേജിൽ വിശുദ്ധ വാര ശുശ്രുഷകൾ ഭക്തിപുരസ്സരം നടത്തപ്പെടുന്നു. ലണ്ടൻ റീജണൽ കോർഡിനേറ്ററും, പ്രീസ്റ്റ് ഇൻ ചാർജുമായ ഫാ.സെബാസ്റ്റ്യൻ ചാമക്കാല വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കുന്നതായിരിക്കും.

മാർച്ച് 29 നു വ്യാഴാഴ്ച്ച പെസഹാ ആചരണം നടത്തപ്പെടും. യേശു തന്റെ ശുഷ്യന്മാരോടൊപ്പം ജറുസലേമിലെ സെഹിയോൻ ഊട്ടുശാലയിൽ അവരുടെ പാദങ്ങൾ കഴുകി അന്ത്യത്താഴ വിരുന്നൊരുക്കി വിശുദ്ധ ബലി സ്ഥാപിച്ചതിന്റെ ഓർമ്മ ആചരിക്കുന്ന പെസഹാ ശുശ്രുഷകളിൽ കാൽ കഴുകൽ ശുശ്രുഷയും, അനുബന്ധ തിരുക്കർമ്മങ്ങളും നടത്തപ്പെടും. ഉച്ച കഴിഞ്ഞു 2:30 നു സ്റ്റീവനേജ് സെന്റ് ജോസഫ്സിൽ പെസഹാ തിരുക്കർമ്മങ്ങൾ ആരംഭിക്കും.

മാർച്ച് 30 നു ദുംഖ വെള്ളിയാഴ്ചയുടെ തിരുക്കർമ്മങ്ങൾ 11:00 മണിക്കു സ്റ്റീവനേജ് സെന്റ് ഹിൽഡായിലാണ് ക്രമീകരിച്ചിരിക്കുന്നത്. കുരിശിന്റെ വഴി, പീഡാനുഭവ വായന,അനുബന്ധ തിരുക്കർമ്മങ്ങൾ, നഗരി കാണിക്കൽ പ്രദക്ഷിണം, കയ്പ്പു നീർ പാനം തുടർന്ന് നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.

ലോകത്തിനു പ്രത്യാശയും, പ്രതീക്ഷയും, രക്ഷയും പകർന്നു നൽകിയ ഉയർപ്പ് തിരുന്നാൾ തിരുക്കർമ്മങ്ങൾ മാർച്ച് 31 നു ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് സെന്റ് ജോസഫ്സ് ദേവാലയത്തിൽ ആരംഭിക്കും. ഫാ.സെബാസ്റ്റ്യൻ ചാമക്കാലയിൽ കാർമ്മികത്വം വഹിച്ച് ഉയർപ്പു തിരുന്നാൾ സന്ദേശം നൽകുന്നതും പാരീഷംഗങ്ങൾക്കു ഈസ്റ്റർ തിരുന്നാളിന്റെ സ്നേഹോപഹാരങ്ങൾ നൽകുന്നതുമാണ്.

വിശുദ്ധ വാര ശുശ്രുഷകളിൽ ഭക്തി പൂർവ്വം പങ്കു ചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുവാനും, ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പരിത്യാഗതിന്റെയും നിറവിലായിരുന്ന വലിയ നോമ്പ് കാലത്തിന്റെ പൂർണ്ണതയിൽ മാനവ കുലത്തിന്റെ രക്ഷക്ക് ത്യാഗബലിയായി ആഗതനായ ദൈവ പുത്രന്റെ പീഡാനുഭവ യാത്രയിൽ പങ്കാളികളായി ഉത്ഥാന തിരുന്നാളിന്റെ കൃപാവരങ്ങൾ ആർജ്ജിക്കുവാനും ചാപ്ലിനും, പള്ളി കമ്മിറ്റി ഭാരവാഹികളും ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ട്രസ്റ്റിമാരായ സാംസൺ ജോസഫ് ( 07462921022)
മെൽവിൻ അഗസ്റ്റിൻ (07456281428) എന്നിവരുമായി ബന്ധപ്പെടുക.

പള്ളികളുടെ വിലാസങ്ങൾ :-

സെന്റ് ജോസഫ്സ്, ബെഡ്‌വെൽ ക്രസന്റ് , എസ് ജി1 1എൽ ഡബ്ല്യൂ
സെൻറ് ഹിൽഡാ ചർച്ച്, ബ്രീക്സ്പീർ ,എസ് ജി2 9എസ് ക്വു,