Latest News

"വിശ്വാസമുള്ളവരോട് ദൈവം കരുണ കാണിക്കുന്നു ": മാർ ജോസഫ് സ്രാമ്പിക്കൽ , പ്രസ്റ്റൺ കത്തീഡ്രലിൽ ഓശാനത്തിരുന്നാൾ ഭക്തിസാന്ദ്രം

2018-03-26 07:14:12am | ബിജു കുന്നക്കാട്ട്

പ്രസ്റ്റൺ; വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വിവിധ ഭാഗങ്ങളിൽ ഓശാനത്തിരുനാളിൽ ഭക്തിസാന്ദ്രമായ തുടക്കം. വിവിധ സ്ഥലങ്ങളിൽ ഇന്നലെയും ഇന്നുമായി നടന്ന ഓശാനകുർബ്ബാനയ്ക്കും കുരുത്തോല വെഞ്ചെരിപ്പിനും വൈദികർ നേതൃത്വം നൽകി. പ്രസ്റ്റൺ സീറോ മലബാർ കത്തീഡ്രലിൽ നടന്ന ആഘോഷമായ ഓശാനത്തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു.

വികാരി ജനറാൾ റവ. ഡോ. മാത്യു ചൂരപ്പൊയ്കയിൽ, സെക്രട്ടറി റവ. ഫാ. ഫാൻസുവാ പത്തിൽ തുടങ്ങിയവർ സഹകാർമികരായിരുന്നുഓശാന പാടി ഞങ്ങളെ രക്ഷിക്കണമേ എന്ന് വിശ്വാസത്തോടെ തന്നെ വിളിച്ചപേക്ഷിച്ച ജനങ്ങളോട് കരുണ കാണിച്ച ദൈവത്തെയാണ് ഓശാനത്തിരുനാളിൽ നാം ഓർമ്മിക്കുന്നതെന്ന് വചനസന്ദേശത്തിൽ മാർ സ്രാമ്പിക്കൽ വിശ്വാസികളെ ഓർമ്മിപ്പിച്ചു. വിശ്വാസത്തിന്റെ കണ്ണോട് കൂടി ഈശോയെ കണ്ടവർക്കാണ് കഴുതപ്പുറത്തേറി വരുന്നത് ദൈവപുത്രനാണെന്ന് മനസിലാക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബഹു. സിസ്റ്റേഴ്സ്, വൈദിക വിദ്യാർത്ഥികൾ, നൂറ് കണക്കിന് വിശ്വാസികൾ എന്നിവർ തിരുക്കർമ്മങ്ങളിൽ പങ്ക് ചേർന്നു.

ഗ്രേറ്റ് ബ്രിട്ടനിൽ നടന്ന സീറോ മലബാർ ഓശാന തിരുക്കർമ്മങ്ങൾക്ക് നാട്ടിൽ നിന്ന് കൊണ്ടുവന്ന കുരുത്തോല ആശീർവദിച്ചു നൽകിയത് ഗൃഹാതുരത്വമുണർത്തുന്ന അനുഭവമായി. പല സ്ഥലങ്ങളിലും ഇത്തരം കുരുത്തോലകൾ വിതരണം ചെയ്തു. തുടർന്ന് വരുന്ന ദിവസങ്ങളിലെ തിരുക്കർമ്മങ്ങളും മിക്ക വിശുദ്ധ കുർബാന സെന്ററുകളിലും ക്രമീകരിച്ചിട്ടുണ്ട്. പ്രസ്റ്റൺ കത്തീഡ്രലിൽ പെസഹാ വ്യാഴത്തിന്റെ തിരുക്കർമ്മങ്ങൾ വൈകിട്ട് 6 മണിക്ക് വിശുദ്ധ കുർബാനയോട് കൂടി ആരംഭിക്കും. കാൽ കഴുകൽ ശുശ്രൂഷയ്ക്കും മറ്റു തിരുക്കർമ്മങ്ങൾക്കും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകും.