Latest News

മാർ തിയോഡോഷ്യസിന് സ്വീകരണവും കൃതജ്ഞതാബലിയും

2018-04-07 07:02:11am | ജോൺസൺ ജോസഫ്

ലണ്ടൻ: യൂറോപ്പിലെ മലങ്കര കത്തോലിക്കാ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ച ബിഷപ്പ്  യൂഹാനോൻ മാർ തിയോഡോഷ്യസിന് തന്റെ പ്രഥമ ഇടയ സന്ദർശന വേളയിൽ യുകെയിലെ മലങ്കര സഭമക്കൾ ഹൃദ്യമായ സ്വീകരണവും അനുമോദന സമ്മേളനവും ഒരുക്കുന്നു. ഏപ്രിൽ 7 ശനിയാഴ്ച, രാവിലെ 11 മണിക്ക് ലണ്ടൻ ഡഗാനാമിലെ മാർ ഇവാനിയോസ് സെന്റർ – സെന്റ് അന്നാസ് ദേവാലയത്തിൽ വൈദികരും സഭാംഗങ്ങളും ചേർന്നു അഭിവന്ദ്യ പിതാവിന് ഹൃദ്യമായ സ്വീകരണം നൽകും.
തുടർന്ന്, യുകെയിലെയും യൂറോപ്പിലെയും സഭയെ ശക്തിപ്പെടുത്തുകയും വളർത്തുകയും ചെയ്യുക എന്ന വലിയ ലക്ഷ്യത്തോടെ പരിശുദ്ധ സിംഹാസനം മലങ്കര സഭക്കായി   യൂറോപ്പിൽ അപ്പോസ്തോലിക് വിസിറ്റേറ്ററിനെ നിയമിച്ചതിന് നന്ദിയായി മാർ തിയോഡോഷ്യസിന്റെ മുഖ്യകാർമ്മികത്വത്തിൽ കൃതജ്ഞതാ ബലിയർപ്പിക്കും. മലങ്കര സഭയിലെയും, ഇതര സഹോദര സഭകളിലെയും വൈദികർ സഹകാർമ്മികത്വം വഹിക്കും. വിശുദ്ധബലിക്കു ശേഷം നടത്തപ്പെടുന്ന അനുമോദന സമ്മേളനത്തിൽ മലങ്കര സഭയുടെ യു. കെ റീജിയൻ കോർഡിനേറ്റർ ഫാ. തോമസ് മടുക്കമൂട്ടിൽ, സീറോ മലബാർ സഭ യുടെ ഗ്രേറ്റ്‌ ബ്രിട്ടൻ രൂപത വികാരി ജനറാൾ ഫാ.മാത്യു ചൂരപൊയ്കയിൽ, മലങ്കര സഭാ ചാപ്ലൈൻമാരായ ഫാ.രഞ്ജിത് മടത്തിറമ്പിൽ, ഫാ.ജോൺ അലക്‌സ്  ,നാഷണൽ കൗൺസിൽ , എം.സി.വൈ. എം ,  ഭക്ത സംഘടനാ ഭാരവാഹികൾ എന്നിവർ ആശംസകൾ അറിയിക്കും.

തുടർന്ന് , യുവജന വർഷം 2018 മാർ തിയോഡോഷ്യസ് ഉൽഘാടനം ചെയ്യും. 2017 ലെ പ്രവർത്തന റിപ്പോർട്ടും, മതബോധന പരിശീലന ഗാനവും വേദിയിൽ പ്രകാശനം ചെയ്യപ്പെടും.ദ്രുതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന  മലങ്കര കത്തോലിക്കാ സഭയ്ക്ക് യു.കെയിൽ പതിനാലു മിഷനുകളാണ് നിലവിലുള്ളത്. പുതിയ മിഷനുകളുടെ രൂപീകരണം കാര്യക്ഷമമായി നടന്നുവരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി യു. കെ യിലെ മലങ്കര സഭ ത്വരിത വളർച്ചയിലാണ്. ഇതിനോടകം, യുകെയിലെ പല സ്ഥലങ്ങളിലായി ചിതറിപാർക്കുന്ന സഭാംഗങ്ങളെ  വിവിധ മിഷൻ സെന്ററുകളിലായി കൂട്ടിച്ചേർത്തു സ്ഥിരമായ ആത്മീയ ശുശ്രൂഷകൾക്ക്‌ കനോനിക സംവിധാനമായി എന്നതും ലണ്ടനിൽ സഭക്ക് സ്വന്തമായി ആരാധനാലയം ലഭ്യമായതും എടുത്തു പറയേണ്ട നേട്ടങ്ങളാണ്. യൂറോപ്പിലെ മലങ്കര സഭയ്ക്കായി ബിഷപ്പ് യൂഹാനോൻ മാർ തിയോഡോഷ്യസിനെ മാർപ്പാപ്പ നിയമിച്ചത് ദൈവനിയോഗമായി കാണുകയാണ് മലങ്കര മക്കൾ. കേരളാ യൂണിവേഴ്‌സിറ്റിയിൽനിന്നും ഒന്നാം റാങ്കോടെ ബിരുദംനേടിയ മാർ തിയോഡോഷ്യസ് റോമിലെ ഓറിയന്റൽ ഇൻസ്റ്റിസ്റ്റ്യൂട്ടില്നിന്നും കാനൻലോയിൽ ഡോക്ടറേറ്റ് നേടി. അമേരിക്കയുൾപ്പടെ വിവിധ വിദേശ രാജ്യങ്ങളിൽ സഭാ  സേവനം ചെയ്തിട്ടുള്ള മാർ തിയോഡോഷ്യസിന് മാതൃ ഭാഷക്ക് പുറമേ ഇംഗ്ലീഷ്, ഇറ്റാലിയൻ , ജർമൻ, ലാറ്റിൻ എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ട്.

കാലം ചെയ്ത ആർച്ച് ബിഷപ്പ് ബെനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിന്റെ സെക്രട്ടറി, തിരുവനന്തപുരം മേജർ അതിരൂപതാ നോട്ടറി, ചാൻസലർ, ജുഡീഷ്യൽ വികാർ & ജഡ്ജ്, എപ്പാർക്കിയൽ കൗൺസിൽ സെക്രട്ടറി, മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയ വൈസ് ചാൻസലർ,മലങ്കര മേജർ സെമിനാരി റെക്ടർ, പാളയം സെന്റ് മേരീസ് ബസലിക്ക റെക്ടർ, ഭാരത കത്തോലിക്കാ മെത്രാൻ സമിതി(സി.ബി.സി.ഐ )കോർ ടീം കോർഡിനേറ്റർ, ഡൽഹി ഗർഗോൺ രൂപതയുടെ വികാരി ജനറൽ, ചാൻസലർ, പി.ആർ. ഓ എന്നീ  ചുമതലകളിൽ  1985 മുതൽ തന്റെ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള മാർ തിയോഡോഷ്യസ്  ആഗോള കത്തോലിക്കാ സഭയുടെ വിവിധ ഔദ്യോഗിക കമ്മീഷനുകളിൽ അംഗമാണ്. മലയാളത്തിലും ഇംഗ്ളീഷിലുമായി ആറോളം പുസ്തകങ്ങളും ജേർണലുകളും പിതാവിന്റെതായുണ്ട്. ക്രിസ്ത്യൻ ഭക്തിഗാനങ്ങളിൽ എന്നും ഓർമ്മിക്കപ്പെടുന്ന "സ്നേഹസ്വരൂപാ തവദർശനം, നായകാജീവദായകാ , ആത്മസ്വരൂപാ എന്നീ ഗാനങ്ങൾ രചിച്ചതും മാർ തിയോഡോഷ്യസാണ്.
ചുരുങ്ങിയ സന്ദർശന സമയത്തിനുള്ളിയിൽതന്നെ ഊർജസ്വലതയോടെ യു.കെയിലെ വിവിധ രൂപതാധ്യക്ഷന്മാരെ സന്ദർശിക്കുകയും മിഷൻ കേന്ദ്രങ്ങളിൽ വിശുദ്ധവാര ശുശ്രൂഷകൾ നടത്തുകയും ചെയ്ത പിതാവ്  സഭാമക്കളുടെ ഹൃദയങ്ങളിൽ ഇടംപിടിച്ചുകഴിഞ്ഞു.

സമ്മേളന വിലാസം: Mar Ivanios Centre, St.Annes Church, 170 Woodward Road, Dagnem, London RM9 4SU.