Latest News

മെയ്ഡ്സ്റ്റോൺ സീറോ മലബാർ കുർബാന സെന്ററിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഏപ്രിൽ 14 ശനിയാഴ്ച്ച പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ എയ്‌ൽസ്‌ഫോർഡ് പ്രയറിയിൽ

2018-04-07 07:03:57am | ബിനു ജോർജ്

മെയ്ഡ്സ്റ്റോൺ : ക്രൈസ്തവ വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീര രക്തസാക്ഷി വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുന്നാൾ കെന്റിലെ മെയ്ഡ്സ്റ്റോൺ സീറോ മലബാർ കുർബാന സെന്ററിൽ ഭക്ത്യാദരപൂർവ്വം ആചരിക്കുന്നു. മെയ്ഡ്സ്റ്റോണിലെ സീറോ മലബാർ വിശ്വാസികൾ വിശ്വാസ തീക്ഷ്ണതയോടെ എല്ലാ വർഷവും നടത്തിവരുന്ന വിശുദ്ധന്റെ തിരുന്നാൾ ഈ വർഷം ഏപ്രിൽ 14 ശനിയാഴ്ച്ച ഉച്ചക്ക് 2 മണി മുതൽ പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ എയ്‌ൽസ്‌ഫോർഡ് പ്രയറിയിൽ വച്ച് നടത്തപ്പെടുന്നു.

ഉച്ചക്ക് രണ്ടിന് എയ്‌ൽസ്‌ഫോർഡ് പ്രയറിയിൽ വിശുദ്ധരുടെ രൂപം വെഞ്ചരിപ്പോടെ ആരംഭിക്കുന്ന തിരുന്നാളാഘോഷങ്ങൾ ഇവിടുത്തെ സീറോ മലബാർ വിശ്വാസ സമൂഹത്തിന്റെ ക്രിസ്തീയ വിശ്വാസത്തിന്റെ പ്രത്യക്ഷ പ്രഘോഷണമാകും. റവ.ഫാ. ഹാൻസ് പുതിയാകുളങ്ങര, റവ. ഫാ. ടോമി എടാട്ട് എന്നിവരുടെ കാർമികത്വത്തിൽ നടക്കുന്ന ആഘോഷപൂർവ്വമായ തിരുന്നാൾ കുർബാനയ്‌ക്കുശേഷം നൊവേനയും, ലദീഞ്ഞും ആഘോഷമായ തിരുനാൾ പ്രദിക്ഷണവും നടത്തപ്പെടും.

തുടര്‍ന്ന് മെയ്ഡ്സ്റ്റോൺ ലണ്ടൻ റോഡിലുള്ള ചർച്ച് ഓഫ് ലാറ്റർ -ഡേ സെയ്ൻസ് ഹാളില്‍ വച്ച് സൺഡേസ്കൂൾ വാർഷികം നടക്കും. വൈകിട്ട് ആറു മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ റവ.ഫാ. ഹാൻസ് പുതിയാകുളങ്ങര മുഖ്യാതിഥിയായിരിക്കും. തുടർന്ന് സൺ‌ഡേസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ക്ലാസ് അടിസ്ഥാനത്തില്‍ നടത്തുന്ന വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും. അതിനു ശേഷം ഇത്തവണത്തെ സൺ‌ഡേസ്കൂൾ പ്രവർത്തന വർഷത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യും. കലാപരിപാടികളെ തുടര്‍ന്ന് സ്നേഹവിരുന്നോടുകൂടി ആഘോഷപരിപാടികൾ സമാപിക്കും.

പള്ളി ട്രസ്റ്റിമാരുടെയും കമ്മറ്റിയംഗങ്ങളുടെയും സൺ‌ഡേ സ്കൂൾ അധ്യാപകരുടെയും നേതൃത്വത്തില്‍ പരിപാടിയുടെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹീതമായ ഈ പുണ്യഭൂമിയിലേക്ക് ദൈവാനുഗ്രഹപ്രദമായ തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കുകൊള്ളുവാനും ആഘോഷപരിപാടികളിൽ പങ്കു ചേരുവാനും

ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പള്ളിക്കമ്മറ്റി അറിയിച്ചു

തിരുന്നാൾ നടക്കുന്ന പള്ളിയുടെ വിലാസം:

The Friars, Aylesford, Kent, ME20 7BX

Contact: 07944067570 (Joshy Anithottathil – Trusty), 07737855752 (Elizabeth Benny – Trusty), 07453633009 (Lalichan Joseph – Head Teacher, Sunday School)