Latest News

മാഞ്ചസ്റ്ററിൽ ഓശാന ഞായർ ആഘോഷങ്ങൾ ഭകതിസാന്ദ്രമായി

2017-04-12 03:38:38am | അലക്‌സ് വര്‍ഗീസ്‌
മാഞ്ചസ്റ്റർ:- മാഞ്ചസ്റ്ററിലെ വിവിധ ക്രൈസ്തവ സമൂഹങ്ങൾ വിശുദ്ധവാരത്തിലേക്ക് ഭക്തിയോടെ പ്രവേശിച്ചു. ഇന്നലെ മാഞ്ചസ്റ്ററിന്റെ നാനാഭാഗങ്ങളിലുള്ള ദേവാലയങ്ങളിൽ നടന്ന ഓശാന ഞായർ ശുശ്രൂഷകൾ വിശ്വാസികൾ വിശ്വാസത്തോടെയും, ഭക്തിയോടെയും ആഘോഷിച്ചു.
 
സെൻട്രൽ മാഞ്ചസ്റ്റർ സെന്റ്.ജോസഫ് ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് സാൽഫോർഡ് രൂപതാ സീറോ മലബാർ ചാപ്ലയിൻ റവ.ഫാ.പ്രദീഷ് പുളിക്കൽ സി.എം.ഐ  നേതൃത്വം നല്കി. കുരുത്തോല വെഞ്ചിരിപ്പും, വിതരണവും തുടർന്ന് പ്രദക്ഷിണവും ഉണ്ടായിരുന്നു. ദിവ്യണ്ടിയിലും മറ്റ് തിരുക്കർമ്മങ്ങളിലും നൂറ് കണക്കിന് വിശ്വാസികൾ സംബന്ധിച്ചു. ട്രഫോർഡിൽ റവ.ഫാ.തോമസ് തൈക്കൂട്ടത്തിൽ ഓശാന ഞായർ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. വിശ്വാസികൾക്ക് കുരുത്തോല ആശീർവദിച്ച് വിതരണം ചെയ്തു. തുടർന്ന് ദിവ്യ ബലിയും മറ്റ് ശുശ്രൂഷകളും ഉണ്ടായിരുന്നു.
 
വിഥിൻഷോ സെന്റ്.ആൻറണീസ് ദേവാലയത്തിൽ നൂറ് കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത് ഓശാന ഞായർ ശുശ്രൂഷകൾക്ക് ഷ്രൂസ്ബറി രൂപതാ സീറോ മലബാർ ചാപ്ലയിൻ റവ.ഡോ.ലോനപ്പൻ അരങ്ങാശ്ശേരി മുഖ്യ കാർമ്മികനായിരുന്നു. ദേവാലയത്തിന് പുറത്ത് മാതാവിന്റെ ഗ്രോട്ടോയ്ക്ക് സമീപം കുരുത്തോല വെഞ്ചിരിപ്പും,വിതരണവും തുടർന്ന് പ്രദക്ഷിണമായി വിശ്വാസികൾ ദേവാലയത്തിലേക്ക് പ്രവേശിച്ചു.തുടർന്ന് ദിവ്യബലിയും മറ്റ് ശുശ്രൂഷകളും നടന്നു. മാതൃവേദിയുടെ നേതൃത്വത്തിൽ കോഴിക്കൊട്ട വിതരണവും നടന്നു.
 
ഷ്രൂസ് ബറി രൂപതാ ക്നാനായ ചാപ്ലിയൻസിയിൽ  വിഥിൻഷോ പീൽഹാൾ 
സെന്റ്. എലിസബത്ത് ദേവാലയത്തിൽ നടന്ന ഓശാന ഞായർ ശുശ്രൂഷകൾക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ.ഫാ.സജി മലയിൽ പുത്തൻപുര നേതൃത്വം നല്കി. കുരുത്തോല വെഞ്ചിരിപ്പിനും വിതരണത്തിനും ശേഷം    ഇടവകാംഗങ്ങൾ കുരുത്തോലയുമേന്തി ഭക്തിപൂർവ്വം പ്രദക്ഷിണമായി ദേവാലയത്തിൽ പ്രവേശിച്ചു. തുടർന്ന് ദിവ്യബലിയും മറ്റ് ശുശ്രൂഷകളും ഉണ്ടായിരുന്നു.
 
ബോൾട്ടൻ സെന്റ്.ജോർജ് ഇൻഡ്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ റവ.ഫാ.വർഗ്ഗീസ് മാത്യു മുഖ്യകാർമികനായി ഓശാന ഞായർ ശുശ്രൂഷകൾ നടന്നു. കുരുത്തോല വെഞ്ചിരിച്ച് വിതരണം ചെയ്തു. അനേകം വിശ്വാസികൾ ദിവ്യബലിയിലും ശുശ്രൂഷകളിലും പങ്കുചേർന്നു.
 
സെയിൽ മൂർ സെന്റ്. ഫ്രാൻസീസ് ദേവാലയത്തിൽ സെന്റ്.മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ഇടവകയുടെ ഓശാന ഞായർ ശുശ്രൂഷകൾക്ക് വികാരി റവ.ഫാ.പീറ്റർ കുര്യാക്കോസ് നേത്യത്വം നല്കി. കുരുത്തോല വെഞ്ചിരിച്ച് വിതരണം ചെയ്തു. ഇടവകാംഗങ്ങൾ ഭക്തി പുരസ്സരം വി.കുർബ്ബാനയിലും മറ്റ് ശുശ്രൂഷകളിലും പങ്ക് ചേർന്നു.
 
മാഞ്ചസ്റ്റർ സെൻറ്.ജോർജ് ക്നാനായ ചർച്ചിൽ നടന്ന ഓശാന ഞായർ ശുശ്രൂഷകൾക്ക് ഇടവക വികാരി റവ.ഫാ.സജി എബ്രഹാം നേതൃത്വം കൊടുത്തു.കുരുത്തോലയും കൈകളിലേന്തി ജനങ്ങൾ വിശ്വാസ ചൈതന്യത്തിൽ  നിറഞ്ഞ്   ശുശ്രൂഷകളിൽ പങ്ക് ചേർന്നു.താബോർ മാർത്തോമ്മാ ചർച്ചിന്റെ ഓശാന ഞായർ ശുശ്രൂഷകൾ റവ.ഫാ.അലക്സാണ്ടർ തരകൻ നേതൃത്വം നല്കി.വിതിംഗ്ടൺ ഹോളി ഇന്നസെന്റ് ചർച്ചിലാണ് ശുശ്രൂഷകൾ നടന്നത്. അനേകം വിശ്വാസികൾ ശുശ്രൂഷകളിൽ ഭക്തി പുരസ്സരം പങ്ക് ചേർന്നു.