Latest News

മരിയഭക്തിയുടെ നിറവിൽ എയിൽസ്‌ഫോർഡ് തീർത്ഥാടനം മെയ് 27 ന്. ആതിഥേയത്വം വഹിക്കുന്ന സതക് ചാപ്ലയൻസിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ

2018-05-10 11:11:32am | ഫാ.ബിജു കുന്നക്കാട്ട്
.
 
ഇംഗ്ലണ്ടിന്റെ വസന്താരമമായ കെന്റിന്റെ ഹൃദയഭാഗത്ത്  വിശ്വാസ സൗരഭം പകർന്നു നിലകൊള്ളുന്ന പുണ്യപുരാതനമായ എയ്‌ൽസ്‌ഫോർഡ് പ്രയറിയിലേക്ക് മെയ് 27 ഞായറാഴ്ച  യുകെയിലെ സീറോമലബാർ വിശ്വാസസമൂഹം ഒഴുകിയെത്തും. ദിവ്യരഹസ്യം നിറഞ്ഞുനിൽക്കുന്ന പനിനീർകുസുമമായ എയ്‌ൽസ്‌ഫോർഡ് മാതാവിന്റെ സന്നിധിയിൽ എല്ലാവർഷവും മധ്യസ്ഥം തേടിയെത്തുന്നത്  ആയിരക്കണക്കിന് വിശ്വാസികളാണ്. യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ മരിയൻ തീർത്ഥടനകേന്ദ്രമാണ് ആത്മീയതയുടെ വിളനിലമായ ഈ പുണ്യഭൂമി. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത നേതൃത്വം വഹിച്ച്  നടത്തുന്ന പ്രഥമ തിരുന്നാൾ എന്ന രീതിയിൽ  ഇത്തവണത്തെ എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനത്തിന് പ്രാധാന്യമേറെയാണ്.
 
പരിശുദ്ധകന്യാമറിയം വിശുദ്ധ സൈമൺ സ്റ്റോക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം നൽകിയ ജപമാലരാമത്തിലൂടെ ഉച്ചക്ക് 12 മണിക്ക്  നടത്തപ്പെടുന്ന കൊന്തപ്രദക്ഷിണത്തോടെ തിരുന്നാളിന് തുടക്കമാകും. ഉച്ചകഴിഞ്ഞ്  2 മണിക്ക്  ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പിതാവും മേലദ്ധ്യക്ഷനുമായ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന ആഘോഷമായ തിരുനാൾ കുർബാനയിൽ  രൂപതയിലെ വികാരി ജനറൽമാരും വൈദികരും സന്യസ്തരുംഅല്‍മായ സമൂഹവും പങ്കുചേരും. സതക് അതിരൂപതയുടെ സഹായ മെത്രാന്‍ റൈറ്റ് റവ. പോള്‍ മേസണ്‍ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തും. റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാല നയിക്കുന്ന ഗായകസംഘം തിരുനാൾ തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രമാക്കും. പരിശുദ്ധ കുർബാനയ്‌ക്കുശേഷം വിവിധ മാസ് സെന്ററുകളുടെ നേതൃത്വത്തിൽ ഭാരതവിശുദ്ധരുടെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും തിരുശേഷിപ്പും  വഹിച്ചുകൊണ്ടുള്ള ആഘോഷപൂർവ്വമായ തിരുനാൾ പ്രദക്ഷിണം നടക്കും. ആഷ്‌ഫോർഡ്, കാൻറ്റർബറി, ക്യാറ്റ്‌ഫോർഡ്, ചെസ്റ്റ്ഫീൽഡ്, ജില്ലിങ്‌ഹാം, മെയ്ഡ്സ്റ്റോൺ, മോർഡെൺ, തോണ്ടൻഹീത്ത്‌, ടോൾവർത്ത്, ബ്രോഡ്‌സ്റ്റേർസ്, ഡാർട്ഫോർഡ്, സൗത്ബറോ എന്നീ കുർബാന സെന്റ്ററുകൾ പ്രദക്ഷിണത്തിനു നേതൃത്വം നൽകും. 
 
സതക് ചാപ്ലയൻസി ആതിഥേയത്വം വഹിക്കുന്ന തിരുന്നാളിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. തീർത്ഥടനത്തിന്റെ നടത്തിപ്പിനായി രൂപം കൊടുത്ത വിവിധ കമ്മിറ്റികളുടെയും മാസ്സ് സെന്റർ പ്രതിനിധികളുടെയും ട്രസ്റ്റിമാരുടേയും സംയുക്തമായ  മീറ്റിംഗ് കഴിഞ്ഞ തിങ്കളാഴ്ച ഡാർട്ഫോർഡിൽ വച്ച് നടത്തപ്പെട്ടു. തിരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി മാസ് സെന്ററുകളുടെയും, ഭക്ത സംഘടനകളുടെയും പ്രതിനിധികളുടെ നേതൃത്വത്തിൽ സബ് കമ്മറ്റികൾ രൂപീകരിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു. വിശ്വാസ സമൂഹത്തെ സ്വീകരിക്കുവാനും സൗകര്യങ്ങള്‍ ഒരുക്കുവാനും വേണ്ടി വോളണ്ടിയർമാരുടെ വലിയ ഒരുനിര പ്രവർത്തനസജ്ജമായി നിലകൊള്ളുന്നു. ദൂരെനിന്നും വരുന്നവർക്കായി വിശ്രമത്തിനും മറ്റു ആവശ്യങ്ങൾക്കുമായി പ്രത്യേക ക്രമീകരണങ്ങളും   ഭക്ഷണത്തിനായി ഫുഡ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ കോച്ചുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും പാര്‍ക്കു ചെയ്യുവാനുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരു ക്കിയിരിക്കുന്നത്.
 
പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതമായ ഈ പുണ്യഭൂമിയിലേക്ക് ബ്രിട്ടനിലെ സീറോമലബാർ വിശ്വാസികൾ  ഒന്നടങ്കം നടത്തുന്ന പ്രഥമതീര്‍ത്ഥാടനത്തിലേയ്ക്ക് ഏവരേയും ഹൃദയപൂര്‍വ്വംസ്വാഗതം ചെയ്യുന്നതായി തിരുനാള്‍ കമ്മറ്റിയ്ക്കു വേണ്ടി ഫാ. ഹാന്‍സ് പുതിയാകുളങ്ങര അറിയിച്ചു.
 
 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ഹാൻസ് പുതിയാകുളങ്ങര - കോ-ഓർഡിനേറ്റർ, തിരുനാൾ കമ്മറ്റി (07428658756), ഡീക്കൻ ജോയ്‌സ് പള്ളിക്കമ്യാലിൽ - അസ്സിസ്റ്റന്റ് കോ-ഓർഡിനേറ്റർ (07832374201)
 
അഡ്രസ്: The Friars, Aylesford,  Kent ME20 7BX