Latest News

നേതൃ സ്ഥാനത്തുള്ളവർ കൂടുതൽ സമർപ്പിതരാകണമെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ.! സീറോ മലബാർ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിന്റെ ഭാരവാഹികൾ ചുമതലയേറ്റു

2017-04-20 02:31:20am | സിസ്റ്റർ ഗ്രേസ് മേരി

ഗ്രേറ്റ് ബ്രിട്ടൻ  സീറോ മലബാർ എപ്പാർക്കിയുടെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിന്റെ ആദ്യ യോഗം ബ്രിസ്റ്റോൾ സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് ഏപ്രിൽ 12ന് വൈകീട്ട് 7 മണിക്ക് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ  പിതാവിന്റെ അധ്യക്ഷതയിൽ നടന്നു.  പിതാവ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ രൂപതയുടെ അജപാലന പ്രവർത്തനങ്ങൾ പ്രവാസികളിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനും ആത്‌മീയ ശുശ്രൂഷകളും മറ്റ് സഭാപ്രവർത്തനങ്ങളും ഏകോപിക്കുന്നതിനു വേണ്ടി രൂപതയെ എട്ട് റീജിയണുകളായി തിരിച്ചുവെന്നും ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിന്റെ കോർഡിനേറ്ററായി റവ. ഫാ. പോൾ വെട്ടിക്കാട്ട് CST യെ നിയോഗിച്ചതായും അറിയിച്ചു. 

രൂപതാതലത്തിൽ സംഘടിപ്പിക്കുന്ന എല്ലാ അജപാലന പ്രവർത്തനങ്ങളും ഇനി മുതൽ ഈ എട്ട് റീജിയണുകളിൽ കൂടിയായിരിക്കും നടപ്പിലാക്കുന്നത്. ബൈബിൾ കൺവൻഷനുകൾ, ബൈബിൾ ക്വിസ്,ബൈബിൾ  കലോത്സവങ്ങൾ, വുമൺസ് ഫോറം പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം ഈ  സംവിധാനത്തിലൂടെ കാര്യക്ഷമമാക്കുവാൻ കഴിയുമെന്ന് പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു. 

ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളായ വാൽസിംഗ്ഹാം തീർത്ഥാടനം ജൂലൈ 16നും, ബഹുമാനപ്പെട്ട ഫാ.സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന ബൈബിൾ കൺവൻഷൻ ഒക്ടോബർ 28നും സോണൽ ബൈബിൾ കലോത്സവം ഒക്ടോബർ 7നും ഫാത്തിമാ തീർത്ഥാടനം ജൂലൈ 25, 26 തീയതികളിലും രൂപതാ ബൈബിൾ കലോത്സവം നവംബർ 4നും നടത്തപ്പെടും.

ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിന്റെ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ ഇവരാണ്:

ട്രസ്റ്റി: ഫിലിപ്പ് കണ്ടോത്ത് (ഗ്ലോസ്റ്റർ), ജോയിന്റ് ട്രസ്റ്റിമാരായി റോയി സെബാസ്റ്റ്യൻ (ബ്രിസ്റ്റോൾ), ജോസി മാത്യു (കാർഡിഫ്), ഷിജോ തോമസ് (എക്സിറ്റർ), ജോൺസൻ പഴംപള്ളി (സ്വാൻസി), ട്രഷറർ ആയി ബിജു ജോസഫ് (ബ്രിസ്റ്റോൾ), സെക്രട്ടറിയായി ലിജോ പടയാട്ടിൽ (ബ്രിസ്റ്റോൾ), പി ആർ ഓ ആയി സിസ്റ്റർ ഗ്രേസ് മേരി ചെറിയാൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ടവർ പിതാവ് അഭിനന്ദിക്കുകയും അതോടൊപ്പം നേതൃസ്ഥാനത്ത് സേവനം ചെയ്യുന്നവർ കൂടുതൽ സമർപ്പണബോധത്തോടെ പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു. 

എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ മതബോധന ഡയറക്ടർ ആയ ഫാ. ജോയി വയലിൽ CST സീറോ മലബാർ സഭയുടെ പൈതൃകമനുസരിച്ചുള്ള ഒരു Cathechetical forum 8 റീജിയനുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് സ്ഥാപിക്കുമെന്നും അങ്ങനെ മതബോധന പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും അറിയിച്ചു. വിവിധ കുർബാന സെന്ററുകളിൽ നിന്നെത്തിയ വൈദികരായ റവ. ഫാ. സണ്ണി പോൾ MSFS, റവ. ഫാ. അംബ്രോസ് മാളിയേക്കൽ IC, റവ. ഫാ. ജോസ് മാളിയേക്കൽ MSFS, റവ. ഫാ. വിൽ‌സൺ കൊറ്റം MSFS, റവ. ഫാ. ജോസ് പൂവനിക്കുന്നേൽ CSSR, റവ. ഫാ. ജോയി വയലിൽ CST, ഡീക്കൻ ജോസഫ് ഫിലിപ്പ്, സിസ്റ്റർ ഗ്രേസ് മേരി, സിസ്റ്റർ. ലീന മേരി പ്രതിനിധികളായെത്തിയ അൽമായ സഹോദരങ്ങളും തങ്ങളുടെ കുർബാന സെന്ററുകളുടെ പ്രവർത്തനത്തെ പറ്റി വിവരണം നൽകുകയും ചെയ്തു. റവ. ഫാ. സണ്ണി പോൾ അഭിവന്ദ്യ പിതാവിനും വൈദികർക്കും സന്നിഹിതരായ എല്ലാവർക്കും നന്ദി പറഞ്ഞു.