Latest News

യൂറോപ്യൻ ക്നാനായ സംഗമം ശനിയാഴ്ച; മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്താ ഇന്ന് എത്തും

2018-06-29 02:11:17am | സിനോ ചാക്കോ

കാർഡിഫ് ∙ ആറാമത് യൂറോപ്യൻ ക്നാനായ സംഗമത്തിന് ജൂൺ 30 ന് ശനിയാഴ്ച്ച തിരിതെളിക്കും. സംഗമത്തിൽ സംബന്ധിക്കുന്നതിനായി ക്നാനായ അതിഭദ്രാസന വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് ഇന്ന് (വ്യാഴം) എത്തും. രാവിലെ മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തുന്ന മെത്രാപ്പോലീത്തായെ വിശ്വാസികൾ ചേർന്നു സ്വീകരിക്കും.

ശനിയാഴ്ച ന്യൂപോർട്ടിലുള്ള മോർ ക്ലിമ്മീസ് നഗറിൽ നടക്കുന്ന വിശുദ്ധ കുർബാനക്ക് മോർ സേവേറിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിക്കും. സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഫാദർ തോമസ് ജേക്കബ്, ഫാദർ ജോമോൻ പുന്നൂസ്, ഫാദർ സജി ഏബ്രഹാം, ഡോ. മനോജ് ഏബ്രഹാം, ഏബ്രഹാം ചെറിയാൻ, ജിജി ജോസഫ് എന്നിവർ അറിയിച്ചു. ഈ വർഷത്തെ സംഗമത്തിൽ ഇറ്റലി, ജർമനി, അയർലണ്ട് എന്നീ ഇടവകകളിൽ നിന്ന് പ്രതിനിധികൾ സംബന്ധിക്കും. വിവിധ ഇടവകകളിൽ നിന്ന് സമൃദ്ധരായ അംഗങ്ങൾ വെള്ളിയാഴ്ച തന്നെ എത്തിച്ചേരും. രാവിലെ 8.30 ന് പ്രഭാത പ്രാർഥനയോടെ പരിപാടികൾ ആരംഭിക്കും.

ക്നാനായ തനിമയും പാരമ്പര്യവും ആചാര അനുഷ്ഠാനങ്ങളും വരുംതലമുറക്ക് പകർന്നു കൊടുക്കുന്നു എന്ന ആശയത്തോടാണ് സംഗമത്തിന് രൂപം കൊടുത്തത്. AD345– ൽ കനായി തോമായുടെ നേതൃത്വത്തിൽ മലങ്കരയിലേക്ക് കുടിയേറിയ ക്നാനായ സമൂഹം ഇന്നും നിലനിൽക്കുന്നു. 1673–ാം  സിറിയൻ കുടിയേറ്റ വാർഷികം മേയ് മാസം സമുദായം ആഘോഷിച്ചു. കൂനൻ കുരിശ് സത്യത്തിന് നേതൃത്വം നൽകിയത് ക്നാനായക്കാരനായ ആഞ്ഞിലിമൂട്ടിൽ ഇട്ടി തൊമ്മൻ കത്തനാരാണ്. രണ്ടായിരം ആണ്ടോടെ യൂറോപ്പിലേക്ക് കുടിയേറിയ ക്നാനായ സമൂഹം ശനിയാഴ്ച്ച ഒന്നിച്ചു ചേരുമ്പോൾ പാരമ്പര്യങ്ങൾ ഓർക്കുന്ന വലിയ ഒരു ക്നാനായ ആഘോഷമായി മാറും.

പൂർവ്വീകരുടെ ദൈവ വിശ്വാസം പുതിയ തലമുറക്ക് പകർന്ന് കൊടുക്കുവാൻ ഈ സംഗമം ഇടയാകും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. വൈകിട്ട് ആറു മണിയോടെ പരിപാടികൾ സമാപിക്കും. വിപുലമായ ഭക്ഷണശാല, പാർക്കിങ്ങ് സൗകര്യം എന്നിവ സമ്മേളന നഗറിൽ ഒരുക്കിയിട്ടുണ്ട്. കുടിയേറ്റ സ്മരണ പുതുക്കുന്ന റാലി 11 മണിക്ക് ആരംഭിക്കും. 12 മണിക്ക് പൊതുസമ്മേളനം, രണ്ട് മണിക്ക്  വിവിധ പള്ളികളുടെ കലാപരിപാടികൾ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

വിലാസം :  St. Julian's High School   

Heather Road, Newport NP19 7XU