Latest News

മാഞ്ചസ്റ്റർ തിരുന്നാളിന് കൊടിയിറങ്ങി; യുകെയിലെ ഏറ്റവും വലിയതും, പുരാതനവുമായ തിരുന്നാളിന്റെ ഖ്യാതി നിലനിർത്തി മാഞ്ചസ്റ്റർ...

2018-07-03 03:29:56am | അലക്സ് വർഗ്ഗീസ്
മാഞ്ചസ്റ്റർ :- യു കെയിലെ ആദ്യത്തെയും ഏറ്റവും വലിയതുമായ മാഞ്ചസ്റ്റർ തിരുന്നാളിന് നാനാജാതി മതസ്ഥരായ നൂറ് കണക്കണക്കിന് വിശ്വാസികൾ ഒഴുകിയെത്തി. ഇന്നലെ കൊടിയിറങ്ങിയ ചരിത്ര പ്രസിദ്ധമായ മാഞ്ചസ്റ്റർ തിരുനാൾ യു കെ മലയാളികൾക്കിടയിൽ യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലാത്ത ഒരു കാര്യം തെളിയിച്ചു. ഇവിടെ ജാതി, മത വർഗ്ഗീയ രാഷ്ട്രീയ വേരുകൾക്ക് പൊതു സമൂഹത്തിൽ മനുഷ്യമനസ്സുകളെ ഭിന്നിപ്പിച്ച് നിറുത്താൻ സാധിക്കില്ല എന്ന പ്രതീക്ഷ നൽകുന്ന സന്ദേശം. 
 
നാട്ടിൽ നടക്കുന്ന അമ്പലങ്ങളിലെ ഉത്സവങ്ങൾക്കായാലും, മുസ്ലീം, ക്രിസ്ത്യൻ പള്ളികളിലെ പെരുന്നാളുകൾക്കായാലും  എല്ലാവരും ഒരേ മനസോടെ സംബന്ധിച്ച് സന്തോഷവും സൗഹാർദ്ദവും പങ്കിടുകയാണല്ലോ പതിവ്. അതുപോലെയുള്ള ഒരു കാഴ്ചയാണ് ഇന്നലെ മാഞ്ചസ്റ്ററിൽ കാണാൻ കഴിഞ്ഞത്. വിത്യസ്ത മേഖലകളിൽ അഭിപ്രായ വിത്യാസമുള്ള ആളുകൾ ഇന്നലെ മാഞ്ചസ്റ്റർ തിരുന്നാളാഘോഷങ്ങളിൽ പങ്ക് ചേരുകയും സൗഹാർദ്ദം പങ്കിടുകയും ചെയ്തു.
 
മണവാട്ടിയെപ്പോലെ ഒരുങ്ങി നിന്ന വിഥിൻഷോ സെൻറ്. ആൻറണീസ് ദേവാലത്തിലേക്ക്  ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ഇടവകാംഗങ്ങളും മാതൃവേദി സംഘടനാംഗങ്ങളും ചേർന്ന് ബഹുമാപ്പെട്ട വൈദികരെയും പ്രസുദേന്തിമാരെയും  സ്വീകരിച്ചാനയിച്ചതോടെ മാഞ്ചസ്റ്റർ തിരുന്നാളിന്റെ പ്രധാന ദിവസത്തെ ആഘോഷക്കൾക്ക് തുടക്കമായി.ഇടവക  വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ ഏവരേയും സ്വാഗതം ചെയ്തു കൊണ്ടുള്ള സ്വാഗത പ്രസംഗത്തോടെ ആഘോഷമായ ദിവ്യ ബലിക്ക് തുടക്കമായി. ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ മുഖ്യകാർമികനായ ദിവ്യബലിയിൽ ഷ്രൂസ്ബറി രൂപതാ വികാരി ജനറാൾ റവ.ഫാ.മൈക്കൽ ഗാനൻ, സെന്റ്. ആന്റണീസ് ഇടവക വികാരി ഫാ.നിക്ക്, സീറോ മലങ്കര ചാപ്ലയിൻ ഫാ. രഞ്ജിത്ത് മടത്തിറമ്പിൽ,  ഫാ. മാത്യു കരിയിലക്കുളം, ഫാ. തദേവൂസ് തുടങ്ങിയ വൈദികർ സഹകാർമികരായിരുന്നു.
 
ആഘോഷമായ ദിവ്യബലിയിൽ റെക്സ്, മിന്റോ എന്നിവർ നേതൃത്വം കൊടുത്ത ഗായക സംഘം കുർബാനയെ ഭക്തി സാന്ദ്രമാക്കി. 
തിരുനാളാഘോഷങ്ങൾ ബാഹ്യമായപ്രകടനങ്ങളായി മാറാതെ പരസ്പരം വിശ്വാസത്തോടും ബഹുമാനത്തോടും കൂടി മുന്നോട്ട് പോകുവാനും, ഭാവി തലമുറയ്ക്ക് വിശ്വാസത്തിന്റെ ദീപം കൈമാറുവാൻ സാധിക്കട്ടെയെന്നും സമൂഹത്തെ ഉത്ബോധിപ്പിച്ചു.  ഫാ.മൈക്കൾ ഗാനൻ ഷ്രൂസ്ബറി ബിഷപ്പിന് വേണ്ടി സന്ദേശവും, ഫാ.നിക്ക് ആശംസകളും അർപ്പിച്ചു. ലദീഞ്ഞ്, മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവക്ക് ശേഷം പ്രദക്ഷിണത്തിന് തുടക്കമായി.
 പ്രകൃതി  ഏറ്റവും മനോഹരിയായിരുന്ന അന്തരീക്ഷത്തിൽ,  മാഞ്ചസ്റ്റർ തിരുന്നാളിന്റെ ഏറ്റവും ആകർഷണമായ പ്രദക്ഷിണത്തിന് തുടക്കമായതോടെ  വലിയ സന്തോഷത്തിന്റെ  ഭാവമാറ്റം ഏവരിലും പ്രകടമായി.നേരത്തേ തയ്യാറാക്കിയ കൃത്യമായ അടുക്കും ചിട്ടയോടെയുമായി  ആരംഭിച്ച പ്രദക്ഷിണത്തിൽ കുട്ടികൾ ബലൂണുകളും, പതാകകളുമായി അതിന്   പിന്നിലായി വിവിധ വർണ്ണത്തിലുള്ള മുത്തുക്കുടകൾ ഏന്തി വനിതകളും പുരുഷൻമാരും, പ്രദക്ഷിണത്തിന് നടുവിലൂടെ  മരക്കുരിശ് സ്വർണ്ണക്കുരിശ് വെള്ളിക്കുരിശ്, കുടുംബ യൂണിറ്റുകളുടെ മദ്ധ്യസ്ഥൻമാരായ വിശുദ്ധരുടെ ചിത്രങ്ങൾ പതിപ്പിച്ച പതാകകൾ, മാഞ്ചസ്റ്റർ മേളത്തിന്റെ ചെണ്ടക്കാർ, ഐറീഷ് ബാൻറ്, എന്നിവയ്ക്ക് പിന്നിലായി വി.അൽഫോൻസയുടെയും, വി.തോമാശ്ലീഹായുടെയും തിരുസ്വരൂപങ്ങളും നിരനിരയായി നീങ്ങി. 
വളരെ അച്ചടക്കത്തോടെ വാഹന ഗതാഗതത്തിന് തടസ്സം സ്യഷ്ടിക്കാതെ ഭക്തി നിർഭരമായാണ് കൊച്ചു കുട്ടികൾ ഉൾപ്പെടുന്ന വലിയ സംഘം  നിരനിരയായി നടന്ന് നീങ്ങിയത്.  ഇംഗ്ലീഷുകാരുൾപ്പെടുന്ന കാഴ്ചക്കാർ റോഡിനിരുവശവും കാത്ത് നിന്നിരുന്നു.  പ്രദക്ഷിണം ദേവാലയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് വി.തോമാശ്ലീഹായുടെ തിരുസ്വരൂപം  മൂന്ന് പ്രാവശ്യം ഉയർത്തിയും താഴ്ത്തിയും ആചാരപരമായ കീഴ് വഴക്കവും നടത്തിയാണ് പ്രദക്ഷിണം ദേവാലയത്തിൽ പ്രവേശിച്ചത്. തുടർന്ന് വിശുദ്ധ കുർബാനയുടെ ആശീർവ്വാദവും ,തിരുശേഷിപ്പ് ചുംബനവും ഉണ്ടായിരുന്നു. കഴുന്ന്, അടിമ നേർച്ചയ്ക്കുമായി വലിയ തിരക്ക് അനുഭവപ്പെട്ടു.
 
തുടർന്ന് ദേവാലയത്തിന് പുറകിൽ ഒരുക്കിയിരുന്ന പ്രത്യേക സ്ഥലത്ത് വെഞ്ചിരിച്ച പാച്ചോറും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു.അൾത്താര ബാലൻമാരുടെയും, മതബോധന വിദ്യാർത്ഥികളുടെയും, മാതൃ വേദിയുടെയുമൊക്കെ സ്റ്റാളുകളിലായി ഐസ് ക്രീം, ചിപ്സ്, ഉണ്ണിയപ്പം, അച്ചപ്പം തുടങ്ങിയവയുടെ വില്പനയും ഉണ്ടായിരുന്നു.
ശനിയാഴ്ച നടന്ന ഫാ.വിൽസൻ മേച്ചേരിയും, മനോജ് ജോർജും നേതൃത്വം നല്കിയ ഗാനമേള മികച്ചതായിരുന്നു എന്ന് ഏവരും അഭിപ്രായപ്പെട്ടു. 
 
ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ ബിജു ആൻറണി, ടിങ്കിൾ ഈപ്പൻ, സുനിൽ കോച്ചേരി തുടങ്ങിയവരുൾപ്പെടുന്ന പാരീഷ് കമ്മിറ്റിയാണ് ഒരാഴ്ച നീണ്ടു നിന്ന തിരുന്നാളിന്റെ ആഘോഷങ്ങളുടെ നേതൃത്വം വഹിച്ചത്. പാരീഷ് കമ്മിറ്റിയിൽ നിന്നും വിവിധ  കമ്മിറ്റികൾക്ക്   നേതൃത്വം കൊടുത്തവർ  പ്രോഗ്രാം - ജയ്സൻ ജോബ്, അലക്സ് വർഗ്ഗീസ്, ഡെക്കറേഷൻ - മോനച്ചൻ ആന്റണി, ഫിലിപ്പോസ് ജോസഫ്    ഫെസിലിറ്റീസ് ആൻഡ് ജനറൽ വെൽഫയർ -  സജിത്ത് തോമസ്,  ജിനോ ജോസഫ്   ചർച്ച് - ബോബി ആലഞ്ചേരി, മിനി ഗിൽബർട്ട്  ദിവ്യബലി ആരാധന - നോയൽ ജോർജ്, സിബി ജെയിംസ്പ്രദക്ഷിണം - ജയ്സൻ ജോബ്, അലക്സ് വർഗ്ഗീസ്.
 
മാഞ്ചസ്റ്റർ തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ എത്തിച്ചേർന്നവർക്കും, വിജയത്തിനായി സഹകരിച്ച എല്ലാവർക്കും ഇടവക വികാരി റവ.ഫാ. ജോസ് അഞ്ചാനിക്കൽ നന്ദി രേഖപ്പെടുത്തി.