Latest News

മരിയ ഭക്തിയിൽ നിറഞ്ഞു ഒഴുകിയെത്തിയത് ആയിരങ്ങൾ ,രണ്ടാമതു വാൽസിംഗ്ഹാം തീർഥാടനം ഭക്തി സാന്ദ്രമായി .

2018-07-16 07:04:41am |
 
 
വാൽസിംഗ്ഹാം:  പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്തിലൂടെ അനുഗ്രഹീതമായ ഇംഗ്ലണ്ടിലെ വാൽസിംഗ്ഹാമിലേക്കു ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തിയ രണ്ടാമത് വാൽസിംഗ്ഹാം തീർഥാടനത്തിൽ ആയിരങ്ങൾ പങ്കുചേർന്നു .
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ രൂപതയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും  വൈദികരുടെയും , സിസ്റ്റേഴ്സിന്റെയും ,അൽമായ നേതാക്കളുടെയും നേതൃത്വത്തിൽ,ജപമാല സ്തുതികളും മരിയൻ കീർത്തനങ്ങളുമായി എത്തിയ തീർഥാടകർ ഇംഗ്ലണ്ടിന്റെ നസ്രത് എന്ന്  പുകൾപെറ്റ വാൽസിംഗ്ഹാമിന് മരിയ ഭക്തിയുടെ പുത്തൻ പ്രാർത്ഥനാനുഭവമാണ് പകർന്നു നൽകിയത് .
 
രാവിലെ മുതൽ ഇടമുറിയാതെ മയിലുകൾ താണ്ടി   പ്രത്യേക വാഹനങ്ങളിൽ കൂട്ടായും , ഒറ്റക്കും എത്തിയ തീർഥാടകർ പരിശുദ്ധ അമ്മയോടുള്ള  മാധ്യസ്ഥം യാചിച്ചുകൊണ്ടാണ് കടന്നുപോയത്,രാവിലെ ഒമ്പതുമണിക്ക് സെഹിയോൻ യു കെ ഡയറക്ടർ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടത്തിയ മരിയൻ ധ്യാനത്തോടെയാണ് തീർഥാടനം ആരംഭിച്ചത് .
തുടർന്ന് സീറോമലബാർ സഭയുടെ പാരമ്പര്യവും തനിമയും , പരിശുദ്ധ അമ്മയോടുള്ള ഭക്തിയും വിളിച്ചോതിയ ജപമാല പ്രദക്ഷിണം നടന്നു,തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക്  ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. ശ്ലീഹന്മാരുടെ ശുശ്രൂഷയുടെ ഫലം കൊയ്യുന്ന കാലം ആണ് തിരുസഭ ഇപ്പോൾ ആഘോഷിക്കുന്നത് .പാപിയുടെ മാനസാന്തരത്തിൽ  സ്വർഗം സന്തോഷിക്കുന്നു . 
തൊണ്ണൂറ്റിഒമ്പത്‌  ആടുകളെയും ഉപേക്ഷിച്ചു കാണാതെപോയ ഒരാടിനെ തേടിപ്പോകുന്ന ഇടയനെപ്പോലെ നല്ലിടയനായ ഈശോയുടെ തിരിച്ചുവരുവോളം കാത്തിരിക്കുന്ന  മനോഭാവത്തോടെ നാം ആയിരിക്കുന്ന ജീവിത സാഹചര്യങ്ങളിൽ പ്രത്യേകിച്ച്  തിരുസഭയിലും ,കുടുംബങ്ങളിലും , നമുക്കെല്ലാവർക്കും  ഉണ്ടാകണമെന്നും വചന സന്ദേശത്തിൽ മാർ സ്രാമ്പിക്കൽ പറഞ്ഞു . ഈ വർഷത്തെ തീർത്ഥാടനം ഏറ്റുനടത്തിയത് ഫാ. ഫിലിപ്പ് പന്തമാക്കലിന്റെ നേതൃത്വത്തിലുള്ള കിങ്‌സ്‌ലിനിലെ  തിരുക്കുടുംബ കുർബാന സമൂഹമാണ്.