Latest News

മത ജീവിത പ്രശ്നങ്ങളെ ഒഴിവാക്കാനല്ല, അതിജീവിക്കാൻ: ഫാ. ഡോ. ജേക്കബ് കുര്യൻ

2018-09-11 01:55:52am | ജോർജ് മാത്യു

ജീവിതത്തിൽ നിന്ന് ഒളിച്ചോടാനും പ്രശ്നങ്ങളെ ഒഴിവാക്കിയെടുക്കാനുമുള്ള മതസമീപനങ്ങളല്ല മനുഷ്യനു വേണ്ടതെന്നും ആധുനിക ജീവിത സാഹചര്യങ്ങളിൽ പുതിയ പ്രശ്നങ്ങളെപോലും നേരിടാനുള്ള ശക്തി പകരുകയാണ് യഥാർഥ മത ജീവിതം ശ്രമിക്കുന്നതെന്നും ഫാദർ ഡോ. ജേക്കബ് കുര്യൻ പറഞ്ഞു. ബെർമിംങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ കുടുംബ നവീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവവചനത്തിന്റെ ശക്തി ഇന്നും അനുഭവഭേദ്യമാണെന്നും ദൈവകൃപയുടെ വലയത്തിലെ ആന്തരിക ശക്തീകരണം അനേകരേയും ഇന്നും മാറ്റിമറിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

Bible-classes2

ഒഎസ്എസ്എയുടെ ഡയറക്ടർ ജനറൽ കൂടിയായ ഫാദർ ജേക്കബ് കുര്യൻ സൺഡേ സ്കൂൾ വിദ്യാർഥികൾക്കുള്ള പ്രത്യേക ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകി. സെപ്റ്റംബർ ഒൻപതിന് രാവിലെ പത്തുമണിക്ക് ആരംഭിച്ച വിശുദ്ധ കുർബാനയ്ക്ക് ഫാദർ ഡോ. ജേക്കബ് കുര്യൻ മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാദർ മാത്യൂസ് കുര്യാക്കോസ് സഹകാർമ്മികനായിരുന്നു. ഇടവകയിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ലക്കിഡിപ്പ് കൂപ്പണുകൾ ജോർജ് ഉണ്ണൂണ്ണിക്ക് നൽകി ഫാദർ ജേക്കബ് ഉദ്ഘാടനം ചെയ്തു. ഇടവക ട്രസ്റ്റി രാജൻ വർഗീസ്, സെക്രട്ടറി ജയ്സൺ തോമസ്, ആധ്യാത്മിക സംഘടനാ പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.