Latest News

ലണ്ടൻ റീജണൽ ബൈബിൾ കലോത്സവം ഹെയർഫീൽഡ് അക്കാദമിയിൽ 29 നു

2018-09-22 01:59:28am |

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സംഘടിപ്പിക്കുന്ന രണ്ടാമത് രൂപതാ ബൈബിൾ കലോത്സവത്തിന്റെ മുന്നോടിയായുള്ള ലണ്ടൻ റീജണൽ  മത്സരങ്ങൾ സെപ്‌തംബർ 29 നു ശനിയാഴ്ച നടത്തപ്പെടും.ലണ്ടനിലെ ഹെയർഫീൽഡ് സ്പോർട്സ് അക്കാദമിയാണ് റീജണൽ ബൈബിൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുക.വ്യത്യസ്ത സ്റ്റേജുകളിലായി വിവിധ മത്സരങ്ങൾക്ക് ഒരേ സമയം വേദികൾ  ഒരുക്കുവാനുള്ള    സൗകര്യവും, സജ്ജീകരങ്ങളും ഹെയർഫീൽഡ് അക്കാദമിയിൽ ഉണ്ട്.
 
തിരുവചന അക്ഷരാഖ്യാനങ്ങൾക്കു ദൃശ്യ- ശ്രവണ-നൃത്ത-നടന  കലാരൂപങ്ങളിലൂടെ ജീവൻ പകരുവാനും, പ്രഘോഷിക്കുവാനും കൂടാതെ തങ്ങളുടെ കലാ പാഠവം അരങ്ങത്തെത്തിക്കുവാനും സുവർണ്ണാവസരമൊരുക്കുന്ന  ഗ്രെയ്റ് ബ്രിട്ടൺ രൂപതാ ബൈബിൾ കലോത്സവത്തിന്റെ റീജണൽ  മത്സരങ്ങൾക്ക് ആരംഭം കുറിക്കുകയായി.  

ലണ്ടൻ റീജണിലെ വെസ്റ്റ്മിൻസ്റ്റർ, ബ്രെൻഡ്‌വുഡ്, സൗത്താർക്ക് ചാപ്ലിൻസികളുടെ പരിധിയിൽ വരുന്ന ഓരോ കുർബ്ബാന കേന്ദ്രങ്ങളിലും നടത്തപ്പെട്ട പ്രാഥമിക മത്സരങ്ങളിലെ വിജയികളാണ് റീജണൽ മത്സരങ്ങളിൽ മാറ്റുരക്കുന്നത്.

ലണ്ടൻ റീജണൽ ബൈബിൾ കലോത്സവത്തിനു 29 നു ശനിയാഴ്ച രാവിലെ 9:30 നു റെജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. 10:00 മണിക്ക്  വികാരി ജനറാൾ ഫാ.തോമസ് പാറയടിയിൽ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്ന കലോത്സവം വൈകുന്നേരം 5:00 മണിയോടെ പൂർത്തീകരിക്കുവാനുമുള്ള ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്. തുടർന്ന് വിജയികൾക്കുള്ള സർട്ടിഫിക്കേറ്റ് വിതരണവും നടത്തപ്പെടും.

ഫാ.ജോസ് അന്ത്യാംകുളം ജനറൽ കോർഡിനേറ്ററും, ഡീക്കൻ ജോയിസ് പള്ളിക്കമ്യാലിൽ ജോയിന്റ് കോർഡിനേറ്ററുമായുള്ള വൈദികരും അല്മായരും അടങ്ങുന്ന വിപുലമായ കലോത്സവ കമ്മിറ്റിയാണ് ലണ്ടൻ റീജണൽ ബൈബിൾ കലോത്സ നടത്തിപ്പിന് ചുക്കാൻ പിടിക്കുന്നത്.
 
ലണ്ടൻ റീജണൽ ബൈബിൾ കലോത്സവത്തിന്റെ വിജയത്തിനായുള്ള ഏവരുടെയും നിസ്സീമമായ സഹകരണവും,  പ്രോത്സാഹനവും അഭ്യർത്ഥിക്കുന്നതോടൊപ്പം അത്യന്തം വാശിയേറിയ മികവുറ്റ മത്സരങ്ങൾക്ക് നേർ സാക്ഷികളാകുവാനും ഹെയർഫീൽഡ്‌ കലോത്സവ വേദിയിലേക്ക്  ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

ബൈബിൾ കലോത്സവ വേദിയുടെ വിലാസം:

The Harefield Academy
Northwood Way, Harefield, Uxbridge,
Middlesex, UB9 6ET