Latest News

"ദി ഗ്ലോറി ടു ഗോഡ് " ഇന്ത്യയിൽ കർദിനാൾ മാർ ആലഞ്ചേരിയും, യു കെ യിൽ മാർ സ്രാമ്പിക്കലും റിലീസ് ചെയ്തു

2018-10-06 02:28:44am | അപ്പച്ചൻ കണ്ണൻച്ചിറ
ലണ്ടൻ: ക്രിസ്തീയ ഭക്തിഗാന സംഗീത ലോകത്തെ ചക്രവർത്തികളായ പീറ്റർ ചേരാനെല്ലൂർ - ബേബി ജോൺ കലയന്താനി കൂട്ടുകെട്ടിന്റെ സംഗീത സപര്യയുടെ സിൽവർ ജൂബിലി ആഘോഷ വേളയിൽ  ആസ്വാദക സദസ്സിനുള്ള ആത്‌മീയ ഗാന ഉപഹാരമായി "ദി ഗ്ലോറി ടു ഗോഡ് " പുറത്തിറക്കി.2018 ലെ ഏറ്റവും പുതിയതും, ക്രിസ്തീയ ഭക്തിഗാന ആൽബങ്ങളിലെ ഏറ്റവും കിടിലനുമായ "ദി ഗ്ലോറി ടു ഗോഡ് " സൂപ്പർ ഹിറ്റാവും എന്ന് തീർച്ച. ക്രിസ്തീയ ഭക്തി  ഗാന രംഗത്ത് 1500 ഇൽ അധികം സൂപ്പർ ഹിറ്റ്  ഗാനങ്ങൾക്ക് ഈണം നൽകിയ പീറ്റർ ചേരാനെല്ലൂർ - ബേബി ജോൺ കാലയന്താനി കൂട്ടുകെട്ടിൽ നിന്നും പുനർജനിക്കുന്ന  ഈ വർഷത്തെ ഏറ്റവും മികവുറ്റ ആത്‌മീയ ഗാന ഉപഹാരം  "ദി ഗ്ലോറി ടു ഗോഡ് ", യൂ.കെ മലാളിയാളിയും,ഗായകനുമായ ബെഡ്ഫോർഡിൽ താമസിക്കുന്ന  ജോമോൻ മാമ്മൂട്ടിലാണ് നിർമിച്ചു,യു.കെ യിലും മറ്റു വിവിധരാജ്യങ്ങളിലുമായി റിലീസ് ചെയ്യുന്നത്.
 
"ഇസ്രായേലിൻ നാഥനായി വാഴും ഏകദൈവം..", "സാഗരങ്ങളെ ശാന്തമാക്കിയോൻ ...ശക്തനായവൻ കൂടെയുണ്ട് .."എന്നിങ്ങനെ മനുഷ്യ ഹൃദയങ്ങളെ കീഴടക്കി ആത്‌മീയതയിലേക്കു നയിച്ച നിരവധി  സൂപ്പർ ഹിറ്റ് ഗാനങ്ങൾക്കൊപ്പം ചേർത്തു വെക്കാവുന്ന' സെഹിയോൻ സ്മരണയേകും..'   എന്ന സൂപ്പർ ഹിറ്റ് ഗാനമായി ഗ്ലോറി ടു ഗോഡിൽ കെ.ജി മാർക്കോസിന്റെ ശബ്ദ സ്വര മാധുരിയിൽ ആലപിച്ച ഗാനം നവ തരംഗമായി മാറിയിരിക്കുന്നു. ക്രിസ്തീയ ഭക്തിഗാന രംഗത്തെ എക്കാലത്തെയും അനുഗ്രഹീത ഗായകൻ കെസ്റ്റർ ആലപിച്ച ' ഞാൻ മരണത്തെ ജയിച്ചവൻ..' ആരാധനാവേളയുടെ പവിത്രത ഉദ്ദീപിപ്പിക്കുന്ന ഗാനമായി ശ്രദ്ധേയമായി കഴിഞ്ഞു.ഇവരെക്കൂടാതെ അതുല്യ പ്രതിഭകളായ മധു ബാലകൃഷ്ണൻ, അഭിജിത് കൊല്ലം,മ്യൂസിക് ഡിറക്ടറും നിരവധി തമിഴ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള  അൽഫോൻസ്, വിൽ‌സൺ പിറവം, മനോജ് ക്രിസ്റ്റി, നിക്സൺ ഒപ്പം യൂ.കെ മലയാളിയും ഗായികയുമായ ഡെന്ന ആൻ ജോമോൻ, മിഥില മൈക്കിൾ, നൈഡിൻ പീറ്റർ, നിസ്സി മേരി മാത്യു, ജോമോൻ മാമ്മൂട്ടിൽ, പീറ്റർ ചേരാനെല്ലൂർ തുടങ്ങിയവർ ആലപിച്ച 16 ഗാനങ്ങളും അതിൻറെ കരോക്കേയും അടങ്ങിയ ആൽബം ആണ്  മാമ്മൂട്ടിൽ ക്രീയേഷനിലൂടെ യൂ.കെയിലും മറ്റു വിദേശ രാജ്യങ്ങളിലുമായി റിലീസ്  ചെയ്തിരിക്കുന്നത്.
 
ഈ ആൽബത്തിന്റെ ഏറ്റവും മനോഹരവും ആകർഷകവുമായ വിഷ്വലൈസേഷൻ വല്ലാർപാടം,ഫോർട്ട് കൊച്ചി,മൂന്നാർ,കുമളി,വാഗമൺ തുടങ്ങിയ ഭൂമിയിലെ സൗന്ദര്യത്തിന്റെ തിലകക്കുറികൾ തന്നെ ഒപ്പിയെടുത്തു സംഗീത വിരുന്നാക്കി ഉടൻ തന്നെ യൂട്യുബിലും ടെലികാസ്റ് ചെയ്യുന്നതാണ്.
 
'ദി ഗ്ലോറി ടു ഗോഡ്'  ആൽബത്തിന്റെ ഇന്ത്യയിലെ പ്രകാശനകർമം സീറോ മലബാർ സഭാ മേജർ ആർച്ബിഷപ് കർദിനാൾ മാർ  ജോർജ്‌ ആലഞ്ചേരി സെപ്റ്റംബർ 8 നു കൊച്ചിയിലെ സെൻറ് മേരീസ് ബസലിക്കയിൽ നിർവഹിച്ചിരുന്നു. യൂ.കെയിലെ പ്രകാശന കർമ്മം സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പ്രെസ്റ്റൻ സെയിന്റ് അൽഫോൻസാ കത്തീഡ്രലിൽ നടന്ന ഔപചാരിക ചടങ്ങിൽ വെച്ചു നിർവഹിക്കുകയുണ്ടായി.
 
 
ഈ ആൽബത്തിൽ യൂ കെയിൽ സംഗീത രംഗത്ത് വളർന്നു വരുന്ന കൊച്ചു ഗായിക ബെഡ്ഫോർഡിൽ താമസിക്കുന്ന ഡെന്ന ആൻ ജോമോൻ കഴിഞ്ഞ ക്രിസ്തുമസു കാലത്തു ഇറങ്ങിയ  "ആത്മഭോജ്യം " എന്ന ഹിറ്റ് ആൽബത്തിലെ ഗാനത്തിനു ശേഷം ഗ്ലോറി ടു ഗോഡിൽ, 'യേശു എൻറെ കൂടെയുണ്ട് കൂട്ടുകാരനായി' എന്ന ഏറെ മനോഹരമായ ഗാനാലാപനം തന്റെ നൈസർഗ്ഗിക ഗാന പ്രാവീണ്യം ഒരിക്കൽക്കൂടി ആസ്വാദക ഹൃദയങ്ങളിൽ അംഗീകാരം നേടുമെന്ന് തീർച്ച.  
 
എത്ര കേട്ടാലും മതിവരാത്ത, ആല്മീയ തീർത്ഥയാത്രയായി, സംഗീത സാന്ദ്രതയും, ഭക്തിയും വിരിയുന്ന ഓരോ ഈരടികളും ഹൃദയ താളങ്ങളാകുന്ന അത്ഭുത പ്രതിഭാസമാണ് ഗ്ലോറി ടു ഗോഡിന്റെ സവിശേഷത.
  
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

ജോമോൻ മാമ്മൂട്ടിൽ: 07930431445