ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം വാർഷികാഘോഷം 9ന്

2018-10-09 02:22:02am |

പ്രസ്റ്റൺ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത സ്ഥാപിതമായതിന്റെയും പ്രഥമ മെത്രാനായി മാർ ജോസഫ് സ്രാമ്പിക്കൽ അഭിഷിക്തനായതിന്റെയും രണ്ടാം വാർഷികം ഒക്ടോബർ 9നു പ്രസ്റ്റൺ സെന്റ് അൽഫോൻസ കത്തീഡ്രലിൽ നടക്കും. രാവിലെ 11നു നടക്കുന്ന ദിവ്യബലിക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കും. രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികർ സഹകാർമികരായും ഓരോ വി. കുർബാന സെന്ററുകളിൽ നിന്നുള്ളവർ പ്രതിനിധികളായും ദിവ്യബലിയിൽ പങ്കുചേരും.

ഉച്ചയ്ക്കുശേഷം വൈദികരുടെയും അൽമായ പ്രതിനിധികളുടെയും സംയുക്ത സമ്മേളനം നടക്കും. രൂപതയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകളും ആലോചനകളും രൂപതാധ്യക്ഷന്റെ നേതൃത്വത്തിൽ നടക്കും. 2016 ഒക്ടോബർ 9ന് ഔദ്യോഗികമായി ആരംഭിച്ച ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ഇംഗ്ലണ്ട്, സ്കോട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. 

രൂപതയ്ക്കു ശക്തമായ നേതൃത്വം നൽകുന്ന അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മികവും ദീർഘവീക്ഷണങ്ങളും രൂപതയുടെ മുതൽക്കൂട്ടാണ്. വരാനിരിക്കുന്ന രണ്ടാം അഭിഷേകാഗ്നി ബൈബിൾ കൺവെൻഷനും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബൈബിൾ കലോത്സവ മത്സരങ്ങളും സഭാംഗങ്ങളെ സുവിശേഷ ചൈതന്യത്തിൽ നിറയ്ക്കുന്നവയാണ്.