Latest News

സ്റ്റീവനേജിൽ ജപമാല രാജ്ഞിയുടെ തിരുന്നാൾ ആഘോഷവും, കേരള ദുരിതാശ്വാസ ഫണ്ട് ശേഖരണവും നടത്തി

2018-10-22 02:58:21am | അപ്പച്ചൻ കണ്ണൻച്ചിറ
സ്റ്റീവനേജ്: വെസ്റ്റ് മിനിസ്റ്റർ ചാപ്ലൈൻസിയുടെ കീഴിലുള്ള സീറോ മലബാർ കുർബ്ബാന കേന്ദ്രമായ സ്റ്റീവനേജിൽ ജപമാല രാജ്ഞിയുടെ തിരുന്നാളും, ദശ ദിന കൊന്ത സമർപ്പണ സമാപനവും ഭക്ത്യാദരപൂർവ്വം കൊണ്ടാടി. സ്റ്റിവനേജിലും  പ്രാന്തപ്രദേശങ്ങളിലും നിന്നുമായും വന്നെത്തിയ മരിയൻ ഭക്തർക്ക് അനുഗ്രഹ സാഫല്യത്തിന്റെ അനുഭവമായി മാറിയ തിരുന്നാൾ തിരുക്കർമ്മങ്ങളിൽ സീറോ മലബാർ സഭയുടെ ചാപ്ലയിൻ സെബാസ്റ്റ്യൻ ചാമക്കാല അച്ചൻ നേതൃത്വം നൽകി. 
 
കുർബ്ബാന മദ്ധ്യേ ചാമക്കാല അച്ചൻ നൽകിയ തിരുന്നാൾ സന്ദേശത്തിൽ 'മാനവരാശി, അഹങ്കാരത്തിന്റെയും അധാർമ്മികതയുടെയും ബാബേലുകൾ അല്ല, മറിച്ച്, 
എളിമയുടെയും ദൈവാനുഭവത്തിന്റെയും ബഥേലുകൾ ആണ് പണിതുയർത്തേണ്ടത്.ബാബേൽ തകർന്നടിയും. സമാധാനവും സന്തോഷവും നിത്യരക്ഷയും പ്രഥാനം ചെയ്യുന്ന ശാശ്വത വിജയം ആണ് ബഥേൽ  നൽകുക. വിശ്വാസികളുടെ ജീവിത മാതൃകയും മാദ്ധ്യസ്ഥയുമായ പരിശുദ്ധ അമ്മ, ദൈവത്തെ പ്രകീർത്തിക്കുവാൻ മാത്രമാണ് തന്റെ ജീവിതം ഉഴിഞ്ഞുവെച്ചത്. സഭാ മക്കളും തങ്ങൾ ദൈവ മഹത്വത്തിനുതകുന്ന ജീവിത സാക്ഷികളായി വർത്തിക്കണം എന്നും' സെബാസ്റ്റ്യൻ അച്ചൻ ഓർമ്മിപ്പിച്ചു.
 
സ്റ്റിവനേജിലെ പാരീഷ് വിശ്വാസി സമൂഹം ഒന്നായി ഏറ്റെടുത്തു നടത്തിയ തിരുനാളിൽ ജപമാല സമർപ്പണത്തിനും, നൊവേനക്കും ശേഷം കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.
സമൂഹ പ്രസുദേന്തി വാഴ്ചക്കു ശേഷം, മാതാവിന്റെ രൂപം വെഞ്ചരിക്കൽ കർമ്മം, ആഘോഷമായ തിരുന്നാൾ വിശുദ്ധ കുർബ്ബാന, തിരുന്നാൾ സന്ദേശം നൽകലും തുടർന്ന് ലദീഞ്ഞും നടന്നു.
 
മാതാവിന്റെയും, സഭാ പിതാവായ തോമാശ്ലീഹാ, രൂപതയുടെ മാദ്ധ്യസ്ഥയായ വി.അൽഫോൻസാമ്മ, കുടുംബങ്ങളുടെ മദ്ധ്യസ്ഥനായ ചാവറ പിതാവ്, പ്രാർത്ഥനകളുടെ തോഴിയായ വി.ഏവുപ്രയാസ്യാമ്മ, ദേവാലയ മാദ്ധ്യസ്ഥയായ സെന്റ് ഹിൽഡ എന്നീ വിശുദ്ധരുടെയും രൂപങ്ങൾ വഹിച്ചു കൊണ്ട്, മുത്തുകുടകളുടെ വർണ്ണാഭമായ അകമ്പടിയോടെ ലുത്തീനിയ ആലപിച്ചു നടത്തിയ പ്രദക്ഷിണം തദ്ദേശീയരുടെ മുമ്പാകെ സഭാ മക്കളുടെ വിശ്വാസ പ്രഘോഷണ റാലിയായി
തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ശേഷം സമാപന ആശീർവാദവും മാതാവിന്റെ രൂപം മുത്തലും,നേർച്ച വിതരണവും, കഴുന്നെടുക്കലും നടന്നു. 
 
ലൂട്ടൻ അരുൺ,ജോർജ്ജ് മണിയാങ്കേരി, സൂസൻ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളും ചേർന്ന് നടത്തിയ ഗാന ശുശ്രുഷ തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് അവാച്യമായ സ്വർഗ്ഗീയ അനുഭൂതി പകരുന്നതായിരുന്നു.  
 
കൈക്കാരന്മാരായ സാംസൺ, മെൽവിൻ എന്നിവരുടെ നേതൃത്വത്തിൽ ബെന്നി, സജൻ,അജിമോൻ, ബോബൻ, ടെറീന, സിജോ, ജോയി, തോമസ്, ആനി,പ്രിൻസൺ, ബിജു, കിരൺ, റോയീസ്, അപ്പച്ചൻ തുടങ്ങിയവർ തിരുന്നാൾ ആഘോഷത്തിന് നേതൃത്വം നൽകി. തിരുന്നാൾ ആഘോഷത്തെ ഗംഭീരവും,അനുഭവവുമാക്കി   മാറ്റിയ ഏവർക്കും ട്രസ്റ്റി സാംസൺ ജോസഫ് നന്ദി പ്രകാശിപ്പിച്ചു.
 
ആഘോഷം ലളിതമാക്കിക്കൊണ്ട്, പാരീഷ് അംഗങ്ങളുടെ ബാക്കിവന്ന തിരുന്നാൾ സമർപ്പണ വിഹിതം കേരളത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള സഹായത്തിനായി സന്നദ്ധ സംഘടനകൾ മുഖേന നൽകുമെന്ന  തിരുന്നാൾ കമ്മിറ്റി അറിയിപ്പ് മാതൃകാപരമായി. 

വിഭവ സമൃദ്ധമായ സ്നേഹ വിരുന്നോടെ ഭക്തിസാന്ദ്രവും ഗംഭീരവുമായ തിരുന്നാൾ ആഘോശത്തിനു കൊടിയിറങ്ങി. മാതൃ സാന്നിദ്ധ്യ സാഫല്യ അനുഭവം നേടിയാണ്  മാതൃ ഭക്തർ സെൻറ് ഹിൽഡാ ദേവാലയം വിട്ടത്.