Latest News

സംഘാടക മികവിന്റെ പുത്തൻ അധ്യായം എഴുതി സ്കന്ദോർപ്പ്; റീജിയണൽ തല മത്സരങ്ങൾ അവസാനിച്ചു; രൂപത തല ബൈബിൾ കലോത്സവം നവമ്പർ പത്തിന് ബ്രിസ്റ്റോളിൽ

2018-10-31 10:18:21am | ഫാ. ബിജു കുന്നയ്‌ക്കാട്ട് പി. ർ. ഓ.
സ്കന്ദോർപ്പ്: ഞായറാഴ്ച നടന്ന മാഞ്ചസ്റ്റർ റീജിയൻ ബൈബിൾ കലോത്സവത്തോടുകൂടി, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ രണ്ടാം ബൈബിൾ കലോത്സവത്തിന്റെ പ്രാഥമിക ഘട്ടം പൂര്തിയായി. രൂപതയുടെ എട്ടു റീജിയനുകളിലെ മത്സരവിജയികൾ നവമ്പർ പത്തിന് ബ്രിസ്റ്റോളിൽ നടക്കുന്ന രൂപതാ തല മത്സരങ്ങളിൽ മാറ്റുരക്കും. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ പങ്കാളിത്തവും മത്സരമികവും കൊണ്ട് ഈ വർഷത്തെ മത്സരങ്ങൾ ശ്രദ്ധിക്കപ്പെട്ടു. രൂപത തല മത്സരങ്ങളിൽ വിജയികളാകുന്നവർക്കു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്യും. 
 
റീജിയണൽ തല മത്സരങ്ങളിൽ, ഒടുവിൽ നടന്ന മാഞ്ചസ്റ്റർ റീജിയൻ കലോത്സവം വർണാഭമായി. റീജിയണിലെ മിക്ക വി. കുർബാന കേന്ദ്രങ്ങളിൽ നിന്നും നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു. രാവിലെ നടന്ന വി. കുര്ബാനക്കും ബൈബിൾ പ്രതിഷ്ഠയ്ക്കും റെവ. ഫാ. ജോസ് അഞ്ചാനിക്കൽ കാർമ്മികത്വം വഹിച്ചു. പ്രഗത്ഭരായ വിധികർത്താക്കൾ മത്സരങ്ങളുടെ മൂല്യനിർണയം നടത്തി. സമയബന്ധിതമായി നീങ്ങിയ മത്സരങ്ങളും അനുബന്ധ ചടങ്ങുകളും വൈകിട്ട് എട്ടു മണിയോടുകൂടി സമാപിച്ചു. കലാമൂല്യമുള്ള അവതരണങ്ങളിലൂടെ മത്സരാർത്ഥികൾ ആസ്വാദക ശ്രദ്ധ പിടിച്ചു പറ്റി. റെവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, റെവ.ഫാ. ജോസ് അഞ്ചാനിക്കൽ, റെവ.ഫാ. ബിജു കുന്നയ്‌ക്കാട്ട് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. 
 
തുടർച്ചയായ രണ്ടാം വർഷവും മത്സരത്തിന് ആതിഥ്യമരുളിയ സ്കന്ദോർപ്പ് വിശ്വാസസമൂഹം, സംഘാടക മികവിന്റെ പേരിൽ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റി. ഡയറക്ടർ ഫാ. ബിജു കുന്നയ്‌ക്കാട്ട്, കൺവീനർ ജിമ്മിച്ചൻ ജോർജ്, ജോ. കൺവീനർ ഡൊമിനിക് സെബാസ്റ്റ്യൻ, വിവിധ സ്റ്റേജുകളിൽ ഉത്തരവാദിത്വം വഹിച്ച വിവിധ കമ്മറ്റികൾ, യൂത്ത്‌  മെംബേർസ്, വോളന്റിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ, പരാതികൾക്ക് ഇടനൽകാത്ത വിധത്തിൽ മത്സരങ്ങൾക്കായുള്ള വേദി ക്രമീകരിച്ചു. ആറു വേദികളിലായി നടന്ന മത്സരങ്ങളിൽ ആശയക്കുഴപ്പമുണ്ടാകാത്ത രീതിയിൽ തുടർച്ചയായി മത്സരങ്ങൾ പുരോഗമിച്ചു. രാവിലെ മുതൽ ഭക്ഷണത്തിനും ലഭിക്കുന്നതിനും സൗകര്യമുണ്ടായിരുന്നു. ഓരോ മണിക്കൂറിലും മത്സരഫലങ്ങൾ ഓൺലൈൻ അപ്‌ഡേഷൻ വഴി ലഭ്യമായിരുന്നു. മത്സരത്തിൽ പങ്കെടുക്കാനെത്തിയ എല്ലാവരും സ്കന്ദോർപ്പിന്റെ സംഘാടക മികവിനെ പ്രശംസിച്ചാണ് മടങ്ങിയത്. 
 
റീജിയണൽ തല മത്സരങ്ങളിൽ, വ്യക്തിഗത ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ  നേടി വിജയികളായവർക്കും ഗ്രൂപ് ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർക്കുമാണ് ബ്രിസ്റ്റോളിൽ നടക്കുന്ന രൂപതാതല മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹതയുള്ളത്.
കപ്പിൾസ് ബൈബിൾ ക്വിസ് വ്യക്തിഗത ഇനമായി പരിഗണിക്കുന്നതിനാൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ  നേടിയവർക്കും രൂപതാതല മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. ഷോർട് ഫിലിം മത്സരങ്ങൾക്കുള്ള എൻട്രി സമർപ്പിക്കേണ്ട അവസാന തിയതി ഇന്നാണ്. രൂപതാതല മത്സരങ്ങൾ നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Greenway Centre, Southmead, Bristol, BS10 5PY. എല്ലാ മത്സരാര്ഥികള്ക്കും പ്രാർത്ഥനാപൂർവ്വം വിജയാശംസകൾ.