Latest News

ലണ്ടൻ റീജണൽ അഭിഷേകാഗ്നി കൺവെൻഷൻ നാളെ; അവസാന അവസരത്തിന് വേദിയൊരുക്കി ഹാരോ

2018-11-04 02:34:34am | അപ്പച്ചൻ കണ്ണൻച്ചിറ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ എട്ടു റീജണുകളിലായി മാർ ജോസഫ് സ്രാമ്പിക്കൽ പിതാവും, സേവ്യർഖാൻ വട്ടായിൽ അച്ചനും സോജി അച്ചനും സംയുക്തമായി നയിക്കുന്ന അഭിഷേകാഗ്നി കൺവെൻഷൻ നാളെ ലണ്ടനിൽ സമാപിക്കും. നവംബർ നാലിന് ഞായറാഴ്ച  ലണ്ടനിലെ ഹാരോ ലെഷർ സെന്ററിൽ അഭിഷേകാഗ്നി കൺവെൻഷനുകളുടെ സമാപന ശുശ്രുഷ നടത്തപ്പെടുമ്പോൾ വെസ്റ്റ്മിൻസ്റ്റർ, ബ്രെൻഡ്‌വുഡ്, സൗത്താർക്ക് ചാപ്ലൈൻസികളുടെ പരിധിയിലും മറ്റുമായിട്ടുള്ള എല്ലാ   കുർബ്ബാന കേന്ദ്രങ്ങളിൽ നിന്നും എത്തുന്ന ആയിരങ്ങളോടൊപ്പം മറ്റു റീജണൽ കൺവെൻഷനുകളിൽ പങ്കു ചേരുവാൻ  വിവിധ കാരണങ്ങളാൽ സാധിക്കാതെ
പോയവർക്കും ഇത് അവസാന അവസരമാവും പ്രദാനം ചെയ്യുക.
 
മാർ സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ സമൂഹ വിശുദ്ധ ബലിയിൽ നിരവധി വൈദികരുടെ സഹകാർമ്മികത്വവും, മികവുറ്റ ഗാന ശുശ്രുഷകർ  സ്വർഗ്ഗീയാനന്ദം വിതറുന്ന ഗാന ശുശ്രുഷയും ഉൾക്കൊള്ളുന്ന ഏറ്റവും അനുഗ്രഹ ദായകമായ ഞായറാഴ്ച കുർബ്ബാന കൂടുവാനുള്ള സുവർണ്ണാവസരം ആവും ഹാരോയിൽ ലഭിക്കുക.
 
പ്രായാടിസ്ഥാനത്തിൽ രണ്ടു വിഭാഗങ്ങളായി തിരിച്ചുകൊണ്ടു കുട്ടികൾക്കായുള്ള  പ്രത്യേക ശുശ്രുഷകൾ  സെഹിയോൻ യു കെ യുടെ ഡയറക്ടർ സോജി അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്.  രക്ഷകർത്താക്കൾ കുട്ടികളെ അവർക്കായി ഒരുക്കിയിരിക്കുന്ന ശുശ്രുഷാ വേദിയിലേക്ക് പാക്ക് ലഞ്ചുമായി എത്തിക്കുകയും സമാപനത്തിൽ കൂട്ടുകയും ചെയ്യേണ്ടതാണ്.
 
രാവിലെ 9:00 നു ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷൻ ശുശ്രുഷകൾ വൈകുന്നേരം 5:00 മണിക്ക് സമാപിക്കും. തിരുവചന ശുശ്രുഷ പൂർണ്ണമായി അനുഭവം ആകുവാൻ വിപുലമായ സജ്ജീകരണങ്ങളോടുകൂടിയ വിസ്തൃതമായ ഹാളിൽ തത്സമയ സംപ്രേഷണം ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതുമാണ്.
 
ലണ്ടനിലെ അഭിഷേകാഗ്നി കൺവെൻഷൻ ഉപവാസ ശുശ്രുഷയായി നടത്തപ്പെടുന്നതിനാൽ  ഭക്ഷണം ആവശ്യം ഉള്ളവർ തങ്ങളുടെ കൈവശം പാക് ലഞ്ച് കരുതേണ്ടതാണ്.  
 
കൺവെൻഷൻ സെന്ററിലേക്ക് വാഹനങ്ങളിഎത്തുന്നവർ ഹാരോ ലെഷർ സെന്റർ പാർക്കിങിലോ, സമീപത്തുള്ള കൗൺസിൽ കാർ പാർക്കിലോ വ്യവസ്ഥകൾ പാലിച്ചു പാർക്ക് ചെയ്യാവുന്നതാണ്.
 
ബസ്സുകളിൽ വരുന്നവർക്ക് H9, H10 ബസ്സുകൾ പിടിച്ചാൽ ലെഷർ സെന്ററിന്റെ മുന്നിൽ വന്നിറങ്ങാവുന്നതാണ്. പബ്ലിക് ട്രാൻസ്പോർട്ടുപയോഗിച്ച്‌ ഹാരോയിൽ വന്നിറങ്ങുന്നവർ    അറ്റാച്ഡ് റൂട്ട് മാപ് ഉപയോഗിക്കുവാൻ താല്പര്യപ്പെടുന്നു.  
 
തിരുവചനത്തിലായിരിക്കുവാനും, ഈശ്വര സാന്നിദ്ധ്യം അനുഭവിക്കുവാനും പരിശുദ്ധാല്മാവ് സമ്മാനമായി നൽകുന്ന ഈ നല്ല അവസരം പ്രയോജനപ്പെടുത്തുവാനും, വരദാനങ്ങളും, അത്ഭുത രോഗ ശാന്തികളും കരസ്തമാക്കുവാനും പ്രയോജനകരമായ ബൈബിൾ കൺവെൻഷനിലേക്കു ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി മോൺസിഞ്ഞോർ ഫാ.തോമസ് പാറയടിയിൽ, കൺവീനർ ഫാ.ജോസ് അന്ത്യാംകുളം, ചാപ്ലൈന്മാരായ ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ഫാ ഹാൻസ് പുതിയകുളങ്ങര എന്നിവർ അറിയിച്ചു.
 
കൂടുതൽ വിവരങ്ങൾക്ക്:
 
ഷാജി വാട്‌ഫോർഡ്‌ : 07737702264;
തോമസ് ആന്റണി: 07903867625
ജോമോൻ ഹെയർഫീൽഡ്:07804691069
 
Harrow Leisure Centre, Christchurch Avenue,

Harrow, HA3 5BD