സ്തേഫാനോസ് സഹദായുടെ ഓർമ്മപെരുന്നാൾ ആചരിച്ചു

2019-01-30 02:38:43am | ജോർജ് മാത്യു

ബെർമിങ്ഹാം∙ സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ സ്തേഫാനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. ശനിയാഴ്ച വൈകിട്ട് കൊടിയേറ്റ്, സന്ധ്യാ നമസ്ക്കാരം, ആശീർവാദം എന്നിവ നടന്നു. ഞായറാഴ്ച രാവിലെ പ്രഭാത നമസ്ക്കാരം, വി. കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർത്ഥന, റാസ തുടർന്ന് നേർച്ച വിളമ്പ്, ലേലം, സ്നേഹ വിരുന്ന്, കൊടിയിറക്ക് എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. പെരുന്നാൾ ചടങ്ങുകൾക്ക് ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് കാർമ്മികത്വം വഹിച്ചു. സഹദായുടെ ത്യാഗവും, സഹിഷ്ണതാ മനോഭാവവും നമ്മുടെ ജീവിത വിജയത്തിന് അനിവാര്യമാണെന്ന് ഇടവക വികാരി കുർബാന മധ്യയുള്ള പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

ചർച്ച് ബിൽഡിംഗ് ഫണ്ടിന്റെ ധനശേഖരണാർത്ഥം നടത്തിയ ലക്കി ഡിപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ബിജു വർഗീസ് (സട്ടൺ ആഷ്ഫീൽഡ്), സി. എസ്. സൈമൺ (കിംഗ് സിലി) , അനസൽ തോമസ് (ബെർമിംഹാം) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ കരസ്ഥമാക്കി. നറുക്കെടുപ്പിന് കോർഡിനേറ്റർമാരായ ഡെനിൻ തോമസ്, ബിജോയി ജോസഫ് എന്നിവർ നേതൃത്വം നൽകി.

മെയ് 25, 26 തീയതികളിൽ മിൽറ്റൺ കെയിൻസിൽ നടക്കുന്ന യുകെ ഭദ്രാസന ഫാമിലി കോൺഫറൻസിനെ സംബന്ധിച്ച വിവരങ്ങൾ കൺവീനർ സുനിൽ ജോർജ് വിശദീകരിച്ചു. ഭദ്രാസന കലണ്ടർ ഇടവക വികാരി വിതരണം ചെയ്തു. ഇടവക ട്രസ്റ്റി രാജൻ  വർഗീസ്, സെക്രട്ടറി ജയ്സൺ തോമസ് മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, ആദ്ധ്യാത്മിക സംഘടനാ പ്രതിനിധികൾ എന്നിവർ പെരുന്നാൾ ചടങ്ങുകൾക്കു നേതൃത്വം നൽകി.