എയ്‌ൽസ്‌ഫോഡിൽ സീറോ മലബാർ മിഷൻ പ്രഖ്യാപനം ഞായറാഴ്ച; മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘടനം ചെയ്യും

2019-02-13 02:14:57am | ബിനു ജോർജ്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആത്മീയ വളർച്ചക്ക് പുത്തൻ ഉണർവേകിയ മിഷൻസെന്ററുകളുടെ പ്രവർത്തനങ്ങൾ അനുദിനം മുന്നേറുമ്പോൾ കെന്റിലെ സീറോ മലബാർ  വിശ്വാസസമൂഹത്തിന് ഇത് സ്വപ്നസാഫല്യം. ജില്ലിങ്‌ഹാം, മെയ്ഡ്സ്റ്റോൺ, സൗത്ത്‌ബോറോ കുർബാന സെന്ററുകൾ സംയോജിപ്പിച്ചു രീപീകരിച്ച സെൻറ് പാദ്രെ പിയോ മിഷന്റെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘടനവും ഫെബ്രുവരി 17 ഞായറാഴ്ച ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നിർവഹിക്കും. 
 
പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹപൂരിതമായ എയ്‌ൽസ്‌ഫോഡിലെ  ഡിറ്റൺ കമ്യൂണിറ്റി ഹാളിൽ രാവിലെ 9 .30 ന്  രൂപതാധ്യക്ഷന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന  വിശുദ്ധകുർബാന മദ്ധ്യേ മിഷന്റെ ഔദ്യോഗികമായ പ്രഖ്യാപനവും സ്ഥാപന ഡിക്രി വായനയും നടക്കും. റവ ഫാ. ടോമി ഏടാട്ടും,  റവ. ഫാ. ഫാൻസ്വാ പത്തിലും സഹകാർമ്മികരായിരിക്കും.  കേരള സഭാമക്കൾ ഭക്ത്യാദരപൂർവ്വം വണങ്ങുന്ന ധീരരക്തസാക്ഷി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും ഇതോടനുബന്ധിച്ചു ആചരിക്കും. 
 
പുതിയ മിഷന്റെ ട്രസ്റ്റിമാരായ അനൂപ് ജോൺ, ജോബി ജോസഫ്, ജോഷി ആനിത്തോട്ടത്തിൽ, ബിജോയ് തോമസ്, ദീപ മാണി, എലിസബത്ത് ബെന്നി, കൺവീനർമാരായ ടോമി വർക്കി, ജോസഫ് കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ പ്രഖ്യാപനവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും  പുരോഗമിക്കുന്നതായി മിഷൻ  ഡയറക്ടർ ഫാ. ടോമി എടാട്ട് അറിയിച്ചു.  കെന്റിലെ മൂന്നു കുർബാന സെന്ററുകളുടെയും കൂട്ടായ പരിശ്രമത്തിന്റെയും തീക്ഷ്ണമായ പ്രാർത്ഥനയുടെയും ഫലമാണ് പുതുതായി പ്രഖ്യാപിക്കപ്പെടുന്ന സെന്റ് പാദ്രെ പിയോ മിഷൻ. എല്ലാ വിശ്വാസികളെയും അന്നേ ദിവസം എയ്‌ൽസ്‌ഫോർഡിലേക്കു സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി കമ്മറ്റിഅംഗങ്ങൾ അറിയിച്ചു.