Latest News

ഫാ. ഹാപ്പി ജേക്കബിനും ജോർജ് മാത്യുവിനും സ്വീകരണം നൽകി

2017-05-17 02:50:04am | രാജൻ വർഗീസ്

ബെർമിങ്ങാം∙ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഫാ. ഹാപ്പി ജേക്കബിനും ഭദ്രാസന കൗൺസിലറായി നിയമിതനായ ജോർജ് മാത്യുവിനും ബെർമിങ്ങാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്  ഇടവക പള്ളിയിൽ സമുചിത സ്വീകരണം  നൽകി. ഭദ്രാസനത്തിലെ തുടർപ്രവർത്തനങ്ങളിൽ എല്ലാവരുടേയും സാന്നിധ്യവും സഹകരണവും ഭദ്രാസന സെക്രട്ടറി അഭ്യർത്ഥിച്ചു. ഭദ്രാസനത്തിന് പുതിയ ദിശാബോധം നൽകാനുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് കൗൺസിലർ ജോർജ് മാത്യു അറിയിച്ചു. 

2017 ഓഗസ്റ്റിൽ നടക്കുന്ന ഫാമിലി കോൺഫറൻസിന്റെ റജിസ്ട്രേഷൻ ഫോം ഇടവക വികാരി ഫാ. ഹാപ്പി ജേക്കബ് ഭദ്രാസന കൗൺസിലർ ജോർജ് മാത്യുവിന് നൽകി ഉദ്ഘാടനം ചെയ്തു. പുതിയ വർഷത്തെ ഇടവക ഭരണ സമിതിയുടെ അധികാര കൈമാറ്റം നടന്നു.

ഫാ. ഹാപ്പി ജേക്കബ്, ഫാ. വർഗീസ് ജോൺ, ഡോ. ദിലീപ് ജേക്കബ്, രാജൻ വർഗീസ്, ജോർജ് മാത്യു, മോൻസി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. ഇടവക ട്രസ്റ്റി അനീഷ് ജേക്കബ് തോമസ്, സെക്രട്ടറി ഷിബു തോമസ്, ഭദ്രാസന പ്രതിനിധി ജയ്സൺ തോമസ്, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, ആധ്യത്മിക സംഘടനാ പ്രതിനിധികൾ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.