Latest News

മൂന്നാമത് സീറോ മലബാർ വാൽത്സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 20 നു; പ്രാർത്ഥനാമഞ്ജരിയുമായി ആതിഥേയ കോൾചെസ്റ്റർ കമ്മ്യുണിറ്റി

2019-05-10 03:11:45am | അപ്പച്ചന്‍ കണ്ണഞ്ചിറ
വാല്ശിങ്ങാം: യു കെ യിലെ നസ്രത്ത്‌ എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമായ വാല്ശിങ്ങാമില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് മരിയൻ തീര്‍ത്ഥാടനം ജൂലൈ 20നു ശനിയാഴ്ച അതിവിപുലമായി ആഘോഷിക്കുന്നു. പതിനായിരത്തിൽപ്പരം മരിയ ഭക്തരെ പ്രതീക്ഷിക്കുന്ന സീറോ മലബാര്‍ സഭയുടെ മൂന്നാമത് തീര്‍ത്ഥാടനം ഈ വർഷം ഏറ്റെടുത്തു നടത്തുന്നത് ഈസ്റ്റ്‌ ആംഗ്ലിയായിലെ പ്രമുഖ സീറോ മലബാർ കുർബ്ബാന കേന്ദ്രവും, പ്രാർത്ഥനാ കൂട്ടായ്മ്മയിലും, ആത്മീയ നവീകരണ മേഖലകളിലും മാത്രുകയുമായ കോൾചെസ്റ്റർ സീറോ മലബാര്‍ കാത്തലിക്ക് കമ്മ്യുനിറ്റിയാണ്. തീര്‍ത്ഥാടനം വിജയിപ്പിക്കുവാനുള്ള ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും പ്രോത്സാഹനവുമായി തീര്‍ത്ഥാടക പ്രസുദേന്തി സമൂഹത്തോടൊപ്പം അവരുടെ പ്രീസ്റ്റ് ഇൻ ചാർജ് ഫാ.തോമസ് പാറക്കണ്ടത്തിലും, ഫാ.ജോസ് അന്ത്യാംകുളവും ആല്മീയ മേൽനോട്ടം നൽകി സദാ കൂടെയുണ്ടെന്നുള്ളത് സംഘാടകര്‍ക്ക് ഊര്‍ജ്ജം പകരുന്നു.
 
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷനും, യു കെ യിലെ മരിയൻ പ്രഘോഷണ തീർത്ഥാടനങ്ങൾക്കും, ശുശ്രുഷകൾക്കും പ്രമുഖ നേതൃത്വം അരുളുകയും ചെയ്യുന്ന മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തന്നെയാണ് വാല്ശിങ്ങാം തീര്‍ത്ഥാടനത്തിനും നായകത്വം വഹിക്കുന്നത്. തീർത്ഥാടന തിരുക്കർമ്മങ്ങളിൽ മുഖ്യ കാർമ്മികനായ മാർ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം യു കെ യിലെ സീറോ മലബാർ വികാരി ജനറാൾമാരും, വൈദികരും ചേർന്ന് അർപ്പിക്കുന്ന ആഘോഷപൂർവ്വമായ വാൽസിങ്ങാം തീർത്ഥാടന സമൂഹ ബലി തീർത്ഥാടകർക്ക് അനുഗ്രഹീത ആല്മീയ ചൈതന്യം പകരും. ഈ മരിയോത്സവത്തിലെ പ്രമുഖമായ തീർത്ഥാടന പ്രദിക്ഷണം മരിയൻ സന്നിധേയത്തിൽ മലയാളികളുടെ മാതൃഭക്തി-വിശ്വാസ-സ്നേഹ പ്രഖ്യാപന  മുഖരിതമാവും. 
 
കത്തോലിക്കാ ചരിത്രമൂറുന്ന യുറോപ്പിലെ ഏറ്റവും പുരാതനവും പ്രമുഖവുമായ മരിയന്‍ പുണ്യ കേന്ദ്രമായ വാല്ശിങ്ങാമിൽ കഴിഞ്ഞ വർഷം സംഘടിപ്പിച്ച തീർത്ഥാടനത്തിൽ വെച്ച് അഭിവന്ദ്യ മാർ സ്രാമ്പിക്കൽ പിതാവിൽ നിന്നും ആശീർവ്വദിച്ചു സ്വീകരിച്ച മെഴുതിരി കോൾചെസ്റ്ററിലെ ഭവനങ്ങൾതോറും മാതാവിനോട് മാദ്ധ്യസ്ഥം യാചിച്ചും, ജപമാലയും, മരിയ സ്തുതി ഗീതങ്ങൾ ആലപിച്ചും പ്രാർത്ഥനാ നിറവിൽ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അനുഗ്രഹങ്ങളുടെ പെരുമഴ പൊഴിയുന്ന വാൽത്സിങ്ങാമിലെ തീർത്ഥാടനത്തിനുള്ള വിജയ പാഥ ഒരുക്കുന്നത്തിനായി കോൾചെസ്റ്ററിലെ എല്ലാ ഭവനങ്ങളും ഉപവാസവും, നോയമ്പും പ്രാർത്ഥനകളും സമർപ്പിച്ചു വരുന്നു. വാൽസിങ്ങാം തീര്‍ത്ഥാടനം യു കെ യെ വിശ്വാസസാന്ദ്രമാക്കുവാനും, മാതാവിൽ അഭയം തേടുന്ന ഓരോ മക്കളും അനുഗ്രഹവും, മാതൃസ്നേഹവും ആവോളം അനുഭവിക്കുവാനും, യു കെ യിലെ മലയാളികളായ മാതൃഭക്തർ മാതൃ സന്നിധിയിൽ ഒരുമിക്കുന്ന മഹാതീർത്ഥാടനം സൗകര്യപ്രദമാക്കുന്നതിനും വിവിധ കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ട് ചിട്ടയോടെയുള്ള ഒരുക്കത്തിലാണ് കോൾചെസ്റ്ററുകാർ.
 
കുട്ടികളെ അടിമ വെക്കുന്നതിനും, കുമ്പസാരത്തിനും, മാദ്ധ്യസ്ഥ പ്രാർത്ഥനകൾക്കും, കൗൺസിലിങ്ങുകൾക്കും തീർത്ഥാടന കേന്ദ്രത്തിൽ സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതിയുടെ സഹകാരികളായ ടോമി പാറക്കൽ, നിതാ ഷാജി എന്നിവർ അറിയിച്ചു. ഭക്ഷണ സ്റ്റാളുകൾ, പാർക്കിങ് സൗകര്യം എന്നിവ തീർത്ഥാടകർക്കായി സജ്ജീകരിക്കും. പ്രാഥമിക പരിചരണവിഭാഗവും പ്രവർത്തന നിരതമായി ഉണ്ടായിരിക്കും.
 
സീറോ മലബാർ സഭയുടെ മൂന്നാമത് വാൽഷിങ്ങം തീർത്ഥാടനത്തിൽ പങ്കുചേരുവാനും, മാതൃ പ്രഘോഷണ വേദിയിൽ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തിൽ അനുഗ്രഹങ്ങളും, ആല്മീയ അനുഭവങ്ങളും പ്രാപിക്കുവാനും എല്ലാ വിശ്വാസി മക്കളെയും സസ്നേഹം ക്ഷണിക്കുന്നതായി മാർ സ്രാമ്പിക്കൽ പിതാവും, സംഘാടകരായ കോൾചെസ്റ്റർ സമൂഹത്തിനു വേണ്ടി ഫാ.തോമസ് പാറക്കണ്ടത്തിലും, ഫാ.ജോസ് അന്ത്യാംകുളവും, പ്രസുദേന്തികളും അറിയിച്ചു.
 

തീർത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ട്രസ്റ്റിമാരായ ടോമി പാറക്കൽ- 07883010329  നിതാ ഷാജി - 07443042946 എന്നിവരുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.