മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിന് ശനിയാഴ്ച കൊടിയേറും: ഗാനമേളയും നൃത്തവും കോമഡിയും ഒത്തുചേരുന്ന സൂപ്പർ മെഗാഷോ ശനിയാഴ്ച ഫോറം സെൻററിൽ

2019-06-27 02:03:53am | സാബു ചുണ്ടക്കാട്ടില്‍
യുകെ മലയാളികളുടെ ആത്മീയ ഉത്സവമായ മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിന്  ശനിയാഴ്ച കൊടിയേറും.തുടർന്ന് ഒരാഴ്ചക്കാലം മാഞ്ചസ്റ്റർ തിരുന്നാൾ ലഹരിയിൽ ആണ്.ഒരു പ്രവാസി ആയി എത്തിയപ്പോൾ നഷ്ട്ടപെട്ടു എന്ന് കരുതിയ നാട്ടിലെ പള്ളിപ്പെരുന്നാൽ അനുഭവങ്ങൾ ആണ് മാഞ്ചസ്റ്ററിൽ പുനരാവിഷ്‌ക്കരിക്കുന്നത്.വിശുദ്ധരുടെ തിരുസ്വരൂപങ്ങളും ഏന്തിയുള്ള തിരുന്നാൾ പ്രദക്ഷിണവും,ചിന്തിക്കടകളും,തട്ടുകടയും ബലൂൺ മാമനുമെല്ലാം തിരുന്നാൾ പറമ്പിൽ അണിനിരക്കുമ്പോൾ ബാല്യത്തിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് കൂടിയാവും തിരുന്നാൾ ആഘോഷങ്ങൾ . യുകെയുടെ നാനാഭാഗങ്ങളിൽ നിന്നായി ആയിരങ്ങൾ ഒത്തുചേരുന്ന തിരുന്നാൾ ആഘോഷങ്ങളുടെ വിജയത്തിനായി ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കലിൻറെ നേതൃത്വത്തിൽ 101 അംഗ കമ്മറ്റി നിലവിൽ വന്നു.കൊടിയേറാൻ ഇനി മൂന്നു ദിനങ്ങൾ മാത്രം അവശേഷിക്കേ അവസാന വട്ട ഒരുക്കങ്ങൾ തിരുന്നാൾ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.
 
ശനിയാഴ്ച വൈകുന്നേരം3 ന് തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഷ്രൂഷ്ബറി രൂപതയുടെ വികാരി ജനറൽ ഫാ.മൈക്കിൾ ഗാനൻ കൊടിയേറ്റ് നിർവഹിക്കും.തുടർന്ന് ദിവ്യബലിയും നൊവേനയും നടക്കും.ഇതേതുടർന്ന് കൃത്യം 5 മണിക്ക് ഫോറം സെൻററിലേക്കുള്ള ഗേറ്റുകൾ തുറക്കും കൃത്യം 5.30 ന് കലാസന്ധ്യക്കു തിരി തെളിയുമെന്നു ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.തുടർന്ന് നാലുമണിക്കൂറിൽ ഏറെ ഇടത്തടവുകൾ ഇല്ലാതെ പരിപാടികൾ അരങ്ങേറും.ഗാനാലാപനങ്ങൾക്കൊപ്പം സണ്ടേസ്കൂൾ വിദ്യാർത്ഥികളും,യുവ ജനങ്ങളും നൃത്ത ചുവടുകളുമായി വേദിയിൽ എത്തിച്ചേരും.
സംഗീതവും, നൃത്തവും ,കോമഡിയും ,വൺമാൻ ഷോയും എല്ലാം ഒത്തുചേരുമ്പോൾ ഏവർക്കും മനസ്സിൽ സൂക്ഷിക്കുവാൻ സാധിക്കുന്ന സായാഹ്നമാണ് അണിയറയിൽ ഒരുങ്ങുന്നത്.മുഴുവൻ ടീം അംഗങ്ങള്ക്കും ഇന്നലെയോടെ  വിസ നടപടികളും പൂർത്തിയായി.താരങ്ങളെല്ലാം രണ്ടുദിവസത്തിനുള്ളിൽ നാട്ടിൽനിന്നും എത്തിച്ചേരും.സ്വാദൂറും വിഭവങ്ങളുമായി മിതമായ നിരക്കിൽ ഫുഡ് സ്റ്റാളുകൾ ഫോറം സെന്ററിൽ പ്രവർത്തിക്കും.
 
യുകെയുടെ മലയാറ്റൂർ എന്ന് പേരുകേട്ട മാഞ്ചസ്റ്ററിൽ ഭാരത അപ്പസ്തോലൻ മാർ.തോമാശ്ളീഹായുടെയും,ഭാരതത്തിൻറെ പ്രഥമ വിശുദ്ധ അൽഫോൻസയുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങൾക്കാണ് ശനിയാഴ്ച തുടക്കമാവുന്നത് .പ്രധാന തിരുന്നാൾ ജൂലൈ മാസം ആറാംതീയതി   ശനിയാഴ്ച നടക്കും.കോടിയേറ്റത്തെ തുടർന്ന് ദിവസവും വൈകുന്നേരം ദിവ്യബലിയും നൊവേനയും  നടക്കും.പ്രധാന തിരുന്നാൾ ദിനമായ ജൂലൈ ആറാം  തിയതിയിലെ തിരുന്നാൾ തിരുക്കർമ്മങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികൻ ആകും. 
 
പ്രശസ്ത ഗായകരായ   സാം ശിവ,സുമി അരവിന്ദ് ,ബെന്നി മുക്കാടൻ ,ടെലിവിഷൻ താരങ്ങളായ റെജി രാമപുരം,ഷിനോ പോൾ,അരാഫത് കടവിൽ,കോമഡി ഉത്സവം ഫെയിം നിസ്സാം കാലിക്കട്ട്,തുടങ്ങീ ഒട്ടേറെ കലാകാരന്മാർ അണിനിരക്കുന്ന ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയുള്ള ഗാനമേളയും,കോമഡിയും നിറയുന്ന സൂപ്പർ മെഗാഷോ ഏവർക്കും നിരവിരുന്നാകും.തിരുന്നാൾ കൊടിയേറ്റ് ദിനമായ ജൂൺ 29 നു വൈകുന്നേരം വിഥിൻഷോ ഫോറം സെന്ററിലാണ് മെഗാ ഷോ അരങ്ങേറുക.
 
30  തീയതി ഞാറാഴ്ച വൈകുന്നേരം 4 നു നടക്കുന്ന  തിരുക്കർമങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ ഫാ.ജിനോ അരീക്കാട്ടും ,ജൂലൈ 1 തിങ്കളാഴ്ച വൈകുന്നേരം ആറിന്  ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ചാൻസിലർ ഫാ.മാത്യു പിണർകാട്ടും ,ജൂലൈ രണ്ടാം തിയതി ഫാ.നിക്കോളാസ് കെൺ ,മൂന്നാം തിയതി  ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ ഫാ.സജി മലയിൽപുത്തെൻപുര നാലാം തിയതി ഫാ.രഞ്ജിത്ത് മഠത്തിപ്പറമ്പിൽ ജൂലൈ അഞ്ചാം തിയതിയിലെ തിരുക്കർമ്മങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ ഫാ.ആന്റണി ചുണ്ടെലിക്കാട്ട് എന്നിവരും കാർമ്മികരാകും.,
 
പ്രധാന തിരുന്നാൾ ദിനമായ ജൂലൈ ആറാം തീയതി രാവിലെ 10 ന് തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും.അന്നേദിവസം തിരുന്നാളിൽ മുഖ്യ കാർമ്മികനാകുവാൻ എത്തിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ പിതാവിനെയും,വൈദീക ശ്രേഷ്ടരെയും മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ സെൻറ് ആന്റണീസ് ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ അത്യാഘോഷപൂർവ്വമായ തിരുന്നാൾ  കുർബാനക്ക് തുടക്കമാകും.
 
ദിവ്യബലിയെ തുടർന്ന് ഭക്തി നിർഭരമായ തിരുന്നാൾ പ്രദക്ഷിണം നടക്കും .പൊൻ -വെള്ളി കുരിശുകളുടെയും,മുത്തുക്കുടകളുടെയും,വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധ തോമാസ്ലീഹായുടെയും,വിശുദ്ധ അൽഫോൻസയുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് മാഞ്ചെസ്റ്ററിന്റെ തെരുവീഥികളിലൂടെ നടക്കുന്ന തിരുന്നാൾ പ്രദക്ഷിണം വിശ്വാസ സമൂഹത്തിനു ആത്മ നിർവൃതിയാണ്.
പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം സമാപന ആശീർവാദവുംസ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
 
എല്ലാ വർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചകളിലാണ് മാഞ്ചസ്റ്റർ തിരുന്നാൾ നടക്കുന്നത്.യുകെയിൽ ആദ്യമായി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചതും മാഞ്ചസ്റ്ററിൽ ആയിരുന്നു.അന്ന് മുതൽ രാജ്യത്തിൻറെ പല  ഭാഗങ്ങളിൽ നിന്നായി നാനാ ജാതി മതസ്ഥരായ ആയിരങ്ങൾ ഒത്തുചേരുന്ന യുകെമലയാളികളുടെ ആത്മീയ ഉത്സവമാണ്  മാഞ്ചസ്റ്റർ തിരുന്നാൾ .
ഇടവ വികാരി ഫാ ജോസ് അഞ്ചാനിക്കലിന്റെയും ട്രസ്റ്റി മാരായ സിബി ,ബിജോയ്,ജോബി എന്നിവരുടെയും  നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികൾ തിരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിവരുന്നു .തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സിറോ മലബാർ മാഞ്ചസ്റ്റർ മിഷൻ കോർഡിനേറ്ററും ഇടവക വികാരിയും ആയ ഫാ.ജോസ് അഞ്ചാനിക്കൽ സ്വാഗതം ചെയ്യുന്നു.