ജോർജ്ജ് പനക്കലച്ചൻ നയിക്കുന്ന മരിയൻ പ്രഘോഷണം തീർത്ഥാടനത്തെ മാതൃസ്നേഹ സാന്ദ്രമാക്കും; വാൽസിങ്ങാം തീർത്ഥാടനം ജൂലൈ 20 ന്.

2019-06-28 02:04:47am | അപ്പച്ചന്‍ കണ്ണഞ്ചിറ
വാൽസിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് വാൽസിങ്ങാം തീർത്ഥാടനം ജൂലൈ 20 നു ആഘോഷമായി നടത്തപ്പെടും. ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് സ്തുതിപ്പും ആരാധനയുമായി സമാരംഭിക്കുന്ന തീർത്ഥാടനം മരിയഭക്തി സാന്ദ്രമാക്കുവാൻ പ്രശസ്ത ധ്യാന ഗുരുവും, പതിറ്റാണ്ടുകളിലായി ലോകമെമ്പാടും തിരുവചന ശുശ്രുഷകളിലൂടെ  അനേകരിൽ രോഗ ശാന്തിയും, ദൈവീക സ്പർശവും  അനുഭവവേദ്യമാക്കുന്ന, കാലഘട്ടത്തിന്റെ ശുശ്രുഷകനും, ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ജോർജ് പനക്കൽ അച്ചൻ മാതൃ ഭക്തി പ്രഘോഷണം നടത്തും.
 
കുട്ടികളെ മാതൃ സന്നിധിയിൽ അടിമ വെക്കുന്നതിനുള്ള അവസരം ഒരുക്കുന്നുണ്ട്. ഉച്ച ഭക്ഷണത്തിനു ശേഷം മരിയ സ്തുതിഗീതങ്ങൾ ആലപിച്ചും, പരിശുദ്ധ ജപമാല സമർപ്പിച്ചും, 'ആവേ മരിയാ' സൂക്തങ്ങളാൽ മുഖരിതമായി, പരിശുദ്ധ അമ്മയുടെ സന്നിധേയത്തിൽ വാൽസിങ്ങാം മാതാവിന്റെ തിരുസ്വരൂപവും പേറി ഭക്ത്യാദരവോടെ നടത്തപ്പെടുന്ന തീർത്ഥാടനം മാതൃസ്നേഹം കവിഞ്ഞൊഴുകുന്ന ഇംഗ്ളണ്ടിലെ നസ്രത്തിൽ ആവോളം അനുഭവിക്കുവാൻ ഇടനിലമാവും.  
 
ആയിരങ്ങൾ പങ്കു ചേരുന്ന സീറോ മലബാർ മഹാതീർത്ഥാടനം, വാൽസിങ്ങാമിലെ കത്തോലിക്കാ സഭയുടെ ആരാധനാ കേന്ദ്രമായ സ്ലിപ്പർ ചാപ്പലിൽ എത്തി സമാപിക്കും. തുടർന്ന് 2:45 ന് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ആഘോഷ പൂർവ്വമായ തിരുന്നാൾ സമൂഹ ബലി മാതൃ സന്നിധേയത്തെത്തുന്ന തീർത്ഥാടകർക്ക് അനുഗ്രഹദായകമാവും. വികാരി ജനറാൾമാരായ മോൺ. ആൻറണി ചുണ്ടലിക്കാട്ട്, മോൺ. ജിനോ അരീക്കാട്ട്, മോൺ. ജോർജ്ജ് ചേലക്കൽ എന്നിവരോടൊപ്പം യു കെ യുടെ നാനാഭാഗത്തായി  അജപാലന ശുശ്രുഷ ചെയ്യുന്ന എല്ലാ സീറോ മലബാർ വൈദികരും സഹകാർമികരായി പങ്കു ചേരും.
 
തീർത്ഥാടന തിരുന്നാളിന്റെ സമാപനത്തോടനുബന്ധിച്ച് പ്രസുദേന്തിമാരായ കോൾചെസ്റ്റർ കമ്മ്യുണിറ്റിക്കുവേണ്ടി പ്രത്യേക  പ്രാർത്ഥനയും, കൃതജ്ഞതയും അർപ്പിച്ച ശേഷം അടുത്തവർഷത്തെ പ്രസുദേന്തിമാരെ വാഴിക്കും. വെഞ്ചിരിച്ച മെഴുതിരി പ്രസുദേന്തിത്വത്തിന്റെ മുദ്രയായി സ്രാമ്പിക്കൽ പിതാവ് അവർക്കു സമ്മാനിക്കും.  തീർത്ഥാടന പതാകയും കൈമാറുന്നതോടെ തിരുക്കർമ്മങ്ങൾ സമാപിക്കും.
 
അനുഗ്രഹ പെരുമഴ പൊഴിയുന്ന വാൽസിങ്ങാം മാതൃ സന്നിധേയത്തിലേക്ക് എല്ലാ മാതൃ ഭക്തരെയും സസ്നേഹം സ്വാഗതം ചെയ്യുന്നുവെന്നും, തീർത്ഥാടനത്തിലും അനുബന്ധ ശുശ്രുഷകളിലും പങ്കു ചേർന്ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തിൽ ഉദ്ധിഷ്‌ഠ കാര്യങ്ങൾ സാധ്യമാവട്ടെയെന്നു ആശംശിക്കുകയും ചെയ്യുന്നതായി സംഘാടക സമിതിക്കു വേണ്ടി കോൾചെസ്റ്റർ സീറോ മലബാർ പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ. തോമസ് പാറക്കണ്ടത്തിൽ, ഫാ.ജോസ് അന്ത്യാംകുളം എന്നിവർ അറിയിച്ചു.  
 
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.
 
THE BASILICA OF OUR LADY OF WALSINGHAM, HOUGHTON ST.GILES
NORFOLK, LITTLE WALSINGHAM, NR22 6AL