ലിവർപൂളിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും , വിശുദ്ധ തോമാശ്ലീഹായുടെയും തിരുനാളിനു കൊടിയേറി

2019-07-02 01:47:03am | ഷൈമോൻ തോട്ടുങ്കൽ

ലിവർപൂൾ .ഔർ ലേഡി ക്യൂൻ ഓഫ് പീസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും , ഭാരത അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ആഘോഷ പരിപാടികൾക്ക് കൊടിയേറി . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറാളും ഇടവക വികാരിയുമായ പെരിയ ബഹുമാനപ്പെട്ട ഫാ. ജിനോ അരീക്കാട്ടിന്റെ സാനിധ്യത്തിൽ നടന്ന ഭക്തി നിര്ഭരമായ ചടങ്ങിൽ ഫാ. ജോസ് അഞ്ചാനിക്കൽ ആണ് കൊടിയേറ്റ് കർമ്മം നടത്തിയത് .

നാളെ മുതൽ ശനിയാഴ്ച വരെ എല്ലാ ദിവസങ്ങളിലും വൈകിട്ട് വിശുദ്ധ കുർബാനയും നൊവേനയും ക്രമീകരിച്ചിട്ടുണ്ട് പ്രധാന തിരുനാൾ ദിനമായ ജൂലൈ ഏഴാം തീയതി ഞായറാഴ്ച രാവിലെ 10 .15 നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും , തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം ,സ്നേഹവിരുന്ന് എന്നിവയും ക്രമീകരിച്ചിട്ടുണ്ട് ,

ഉച്ചക്ക് 1 . 30  നു തോമസ്കുട്ടി ഫ്രാൻസിസ് രചനയും സംവിധാനവും നിർവഹിച്ച ദുക് റാ നയും പിന്നെ ചില വീട്ടു വിശേഷങ്ങളും എന്ന ലഘു നാടകവും അരങ്ങേറും . തിരുനാൾ ആഘോഷങ്ങളിൽ പങ്കു ചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും  സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജിനോ അരീക്കാട്ടും ,കൈക്കാരന്മാരായ ടോം തോമസ് . മാനുവൽ സി, പി, ജോയ്സ് കല്ലുങ്കൽ എന്നിവർ ഏവരെയും സ്വാഗതം ചെയ്യുന്നു .