Latest News

അവസാനം ഒരാള്‍ക്കെങ്കിലും വലിയ വിജയം കിട്ടിയല്ലോ? മേയുടെ ആത്മവിമര്‍ശനം ചിരിപടര്‍ത്തി, സ്പീക്കര്‍ പദവിയില്‍ ഹാട്രിക് അടിച്ച് ജോണ്‍ ബെര്‍ക്കോവ്

2017-06-16 02:53:37am |

ലണ്ടൻ ∙ ബ്രിട്ടിഷ് പാർലമെന്റ് സ്പീക്കറായി ജോൺ ബെർക്കോവ് തുടർച്ചയായി മൂന്നാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടിഷ് പാർലമെന്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ സ്പീക്കർ പദവിയിൽ ഹാട്രിക് നേടുന്നത്. കക്ഷിഭേദമെന്യേ എല്ലാവരുടെയും പിന്തുണ നേടിയായിരുന്നു വിജയം. ‘അങ്ങനെ ഒരാൾക്കെങ്കിലും വൻവിജയമായി’ – ബെർക്കോവിനെ അഭിനന്ദിച്ചു പ്രധാനമന്ത്രി തെരേസ മേ നടത്തിയ പ്രസംഗത്തിലെ ആത്മവിമർശനം സഭയിൽ ചിരി പരത്തി. ഇതിന്റെ ചുവടുപിടിച്ചു ലേബർ പാർട്ടി നേതാവ് ജെറിമി കോർബിൻ തിരിച്ചടിക്കുകയും ചെയ്തു: ‘ഹ്രസ്വകാലത്തേക്കാണെങ്കിലും പാർലമെന്റിനെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു’ എന്നായിരുന്നു കോർബിന്റെ പരാമർശം.

അതേസമയം ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി (ഡിയുപി) സഖ്യത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനച്ചതോടെ മന്ത്രിസഭാ രൂപീകരണവുമായി തെരേസാ മേയ് മുന്നോട്ട്. പൊതുതിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടി വകവയ്ക്കാതെ സ്വന്തം ശൈലിയുമായി മുന്നോട്ടു പോകാനാണ് മേയുടെ തീരുമാനം. ഇതിന്റെ ഭാഗമായി തന്റെ ദീര്‍ഘകാല സുഹൃത്തായ ഡാമിയന്‍ ഗ്രീനിനെ മന്ത്രിസഭയിലെ രണ്ടാമനായി നിയമിച്ചു. ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റിന് ഉപപ്രധാനമന്ത്രിക്കു തുല്യമായ പദവിയാണുള്ളത്.

ധനമന്ത്രിയായ ഫിലിപ് ഹാമണ്ട് അടക്കം അഞ്ചു മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിമാര്‍ക്കു മാറ്റമില്ല. വിദേശ സെക്രട്ടറിയായി ബോറിസ് ജോണ്‍സനും ഡേവിഡ് ഡേവിസ് ബ്രൈക്‌സിറ്റ് സെക്രട്ടറിയായും മൈക്കിള്‍ ഫാലന്‍ പ്രതിരോധ മന്ത്രിയായും തുടരും. മറ്റു മന്ത്രിപദവികളില്‍ പുനഃസംഘടനയുണ്ടാകും. മേയ്ക്ക് പ്രശ്‌നാധിഷ്ഠിത പിന്തുണ നല്‍കാന്‍ വടക്കന്‍ അയര്‍ലന്‍ഡിലെ ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി (ഡിയുപി) തയാറായതായി റിപ്പോര്‍ട്ടുണ്ട്.