Latest News

നിങ്ങളെ ഓര്‍ത്തു ലജ്ജിക്കുന്നു! തിരഞ്ഞെടുപ്പിലെ കഷ്ടകാലം തെരേസാ മേയെ വിടാതെ പിന്തുടരുന്നു... ജനക്കൂട്ടത്തിന്റെ രോഷാഗ്നിയില്‍ പ്രധാനമന്ത്രി വെന്തുരുകി

2017-06-18 04:31:13am |

ലണ്ടന്‍: തെരേസാ മേയുടെ കഷ്ടകാലം തീരുന്നില്ല. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ ഗ്രെന്‍ഫെല്‍ ടവര്‍ തീപിടിത്തവും പ്രധാനമന്ത്രി തെരേസാ മേയ്ക്കു കടുത്ത തലവേദനയാകുന്നു. ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവരെ സന്ദര്‍ശിക്കാനെത്തിയ മേയ ജനക്കൂട്ടത്തിന്റെ രോഷാഗ്നിയില്‍ വെന്തുരുകി. അതിരൂക്ഷമായ പ്രതിഷേധമാണ് ഉണ്ടായത്. ടവറില്‍നിന്നു മുപ്പതു മിനിറ്റ് ദൂരത്തുള്ള സെന്റ് ക്ലെമന്റ് പള്ളിയില്‍ തെരേസാ മേ എത്തിയപ്പോഴാണ് ജനക്കൂട്ടം പ്രകോപിതരായി അവര്‍ക്കെതിരേ തിരിഞ്ഞത്.

ദുരന്തത്തില്‍പെട്ടവരുടെ ബന്ധുക്കളെയും പ്രാദേശിക നേതാക്കളെയും കാണാനാണ് മേ അവിടെ എത്തിയത്. മേ പള്ളിയിലുണ്ടെന്ന് അറിഞ്ഞ് ആളുകള്‍ തടിച്ചുകൂടിയതോടെ പള്ളിയുടെ വാതിലുകള്‍ അടച്ചു. തുടര്‍ന്ന് സുരക്ഷാവലയത്തിനുള്ളില്‍ കാറിലേക്കു നീങ്ങിയതോടെ ആളുകള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. 'നിങ്ങളെ ഓര്‍ത്തു ലജ്ജിക്കുന്നു', കൊലയാളി, ഭീരു തുടങ്ങിയ വാക്കുകളാണ് പ്രതിഷേധക്കാന്‍ ഉപയോഗിച്ചത്. പൊലീസിനെ മറികടന്ന് ചിലര്‍ കാര്‍ വളഞ്ഞ് അതില്‍ ഇടിക്കുന്നതും കാണാമായിരുന്നു. തുടര്‍ന്ന് നാട്ടുകാരെ അഭിസംബോധന ചെയ്യാതെ അവര്‍ മടങ്ങി.

പ്രതിഷേധം തണുപ്പിക്കാനായി കഴിഞ്ഞ ദിവസം ദുരന്തത്തില്‍ പെട്ടവര്‍ക്കായി അമ്പതു ലക്ഷം പൗണ്ടിന്റെ പാക്കേജ് മേ പ്രഖ്യാപിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനും ഉത്തരവിട്ടിരുന്നു. ദുരന്തത്തില്‍പെട്ടവരെ ആശ്വസിപ്പിക്കാന്‍ തെരേസാ മേ ഏറെ വൈകിയെന്ന ആരോപണമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം സംഭവസ്ഥലത്തെത്തിയ മേ അഗ്‌നിശമന സേനാംഗങ്ങളെ അഭിനന്ദിച്ച ശേഷം ദുരന്തത്തില്‍പെട്ടവരെ കാണാതെ മടങ്ങിയിരുന്നു.

ദുരന്തത്തെക്കുറിച്ചു വ്യക്തമായ ഉത്തരം നല്‍കാന്‍ അധികൃതര്‍ക്കു കഴിയാത്ത സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. മധ്യലണ്ടനിലെ തെരുവുകളില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടി. പശ്ചിമലണ്ടനിലെ കെന്‍സിങ്ടണ്‍ ടൗണ്‍ ഹാളിനു പുറത്ത് ഒത്തു ചേര്‍ന്ന പ്രതിഷേധക്കാര്‍ സംഭവത്തെക്കുറിച്ച് അധികൃതര്‍ കൃത്യമായി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അവര്‍ ഗ്രെന്‍ഫെല്‍ ടവറിലേക്കു മാര്‍ച്ച് ചെയ്തു. വെറ്റ്ഹാളിലും പ്രതിഷേധ പ്രകടനം അരങ്ങേറി.

മധ്യലണ്ടനില്‍ ഹോം ഓഫീസിനു മുന്നില്‍നിന്ന് ഡൗണിങ് സ്ട്രീറ്റിലേക്കു മാര്‍ച്ച് നടത്താനാണ് പ്രതിഷേധക്കാര്‍ ശ്രമിച്ചത്. തെരേസാ മേ പുറത്തുപോകണം, നിങ്ങളുടെ കൈകളില്‍ രക്തം, ഗ്രെന്‍ഫെല്ലിനു നീതി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പ്രതിഷേധം. ആയിരത്തിലേറെ പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. എലിസബത്ത് രാജ്ഞിയും പേരമകന്‍ വില്യം രാജകുമാരനും ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. താമസസ്ഥലം നഷ്ടപ്പെട്ടവരെ സമീപപ്രദേശങ്ങളില്‍ പുനരധിവസിപ്പിക്കുമെന്നു പുതിയ സര്‍ക്കാരിലെ ഭവനമന്ത്രി, ഇന്ത്യന്‍ വശംജനായ അലോക് ശര്‍മ പറഞ്ഞു.

അതേസമയം ഗ്രെന്‍ഫെല്‍ ടവര്‍ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി സ്ഥിരീകരിച്ചു. ദുരന്തത്തില്‍ 100 പേരില്‍ കൂടുതല്‍ മരിച്ചിട്ടുണ്ടാകുമെന്നാണു പൊലീസ് ഇപ്പോള്‍ പറയുന്നത്. 74 പേരെ അഗ്‌നിബാധയ്ക്കു ശേഷം കാണാനില്ലെന്നു വ്യക്തമായിട്ടുണ്ട്. പൂര്‍ണമായും അഗ്‌നിക്കിരയായ കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടെന്നാണു കരുതുന്നത്. 24 നിലകളിലായി 120 ഫ്‌ലാറ്റുകളാണു കെട്ടിടത്തിലുള്ളത്. കെട്ടിടം മുഴുവന്‍ ഇപ്പോഴും പരിശോധിച്ചു തീര്‍ന്നിട്ടില്ല.

കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ്. ചൊവ്വാഴ്ച അര്‍ധരാത്രിക്കു ശേഷമാണു കെട്ടിടം അഗ്‌നിക്കിരയായത്. ലണ്ടന്‍ നഗരം കണ്ട ഏറ്റവും വലിയ അഗ്‌നിബാധകളിലൊന്നാണിത്. കാരണം കണ്ടെത്താനുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നാണു ലണ്ടന്‍ പൊലീസ് പറയുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ സംഭവത്തെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇടത്തരക്കാര്‍ താമസിക്കുന്ന ഫ്‌ലാറ്റുകളാണു കെട്ടിടത്തിലുള്ളത്.