Latest News

അന്ന് ഡങ്കന്‍ സ്മിത്ത്, ഇന്ന് തേരേസാ മേയ? ഒന്നുകില്‍ കാര്യങ്ങള്‍ നേരെയാക്കി നന്നായി ഭരിക്കുക, അല്ലെങ്കില്‍ സ്ഥാനമൊഴിഞ്ഞ് പാര്‍ട്ടി നേതൃത്വം മറ്റാര്‍ക്കെങ്കിലും കൈമാറുക!

2017-06-19 02:51:53am |

ടോണി ബ്ലെയര്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പ്രതിപക്ഷനേതാവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായിരുന്ന ഡങ്കണ്‍ സ്മിത്തിനെതിരെ പാര്‍ട്ടിയിലെ ജൂനിയര്‍ എംപിമാര്‍ സംഘടിച്ച് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. ഡങ്കന്റെ കഴിവു കേടാണ് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കു പിന്നിലെന്നായിരുന്നു ഇവരുടെ വിലയിരുത്തല്‍. തുടക്കത്തിലെ അസ്വാരസ്യം പിന്നീട് വലിയ പ്രതിസന്ധിയായി രൂപപ്പെട്ടിരുന്നു. ഫലം ഡങ്കന്‍ തെറിച്ചു. പിന്നീടാണു ഡേവിഡ് കാമറണ്‍ പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായി ഉദയംചെയ്തത്.

സമാനമായ കലാപമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. തെരേസയ്ക്കു പകരം പുതിയ നേതൃത്വമാണ് ടോറി പാര്‍ട്ടിയിലെ പുതുതലമുറ എംപിമാര്‍ വിഭാവനം ചെയ്യുന്നത്. ഈമാസം 28നാണ് രാജ്ഞിയുടെ പ്രസംഗം. ഇതിന്മേല്‍ പിറ്റേന്നോ രണ്ടുദിവസത്തിനുള്ളിലോ വോട്ടെടുപ്പ് നടക്കും. അതിനുമുമ്പ് കാര്യങ്ങള്‍ വരുതിയിലാക്കിയില്ലങ്കില്‍ തെരേസ മേയ്ക്ക് കസേര നഷ്ടമാകുന്ന സ്ഥിതിയിലേക്കാണു കാര്യങ്ങള്‍ പുരോഗമിക്കുന്നത്.  

തിരഞ്ഞടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തം കൈകാര്യ ചെയ്യുന്നതിലും വീഴചവരുത്തിയതാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ തിരിയാന്‍ പാര്‍്ട്ടിയിലെ യുവ എംപിമാരെ പ്രേരിപ്പിച്ചത്. പത്തുദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ നേരെയാക്കി സുസ്ഥിര ഭരണം ഉറപ്പാക്കാനുള്ള നടപടികളെടുത്തില്ലെങ്കില്‍ രാജ്ഞിയുടെ പ്രസംഗത്തിന്മേലുള്ള വോട്ടെടുപ്പില്‍ സര്‍ക്കാരിനെതിരെ വോട്ടുചെയ്യുമെന്നാണു നാല്‍പതിലേറെ ജൂനിയര്‍ എംപിമാരുടെ ഭീഷണി.

അനവസരത്തില്‍ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച്, മികച്ച ഭൂരിപക്ഷമുണ്ടായിരുന്ന സര്‍ക്കാരിനെ ന്യൂനപക്ഷ സര്‍ക്കാരാക്കി മാറ്റിയ തെരേസ മേയുടെ നടപടിയില്‍ പാര്‍ട്ടിയിലെ നല്ലൊരുശതമാനം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കടുത്ത അമര്‍ഷമുണ്ട്. പാര്‍ട്ടിയില്‍ വേണ്ടവിധം ചര്‍ച്ചചെയ്യാതെ രാഷ്ട്രീയ ഉപദേശകരുടെ നിര്‍ദേശം മാത്രം പരിഗണിച്ചാണു തെരേസ മേ പൊടുന്നനെ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. തിരഞ്ഞടുപ്പു പ്രകടനപത്രിക തയാറാക്കുന്നതിലും ടെലിവിഷന്‍ ചര്‍ച്ചകളില്‍നിന്നും മാറിനിന്നുള്ള പ്രചാരണ പരിപാടികള്‍ തീരുമാനിച്ചതുമെല്ലാം ഉപദേശകരുടെ നിര്‍ദേശപ്രകാരമായിരുന്നു.

ഇതെല്ലാം പാളിപ്പോയതിനു പിന്നാലെ തിരഞ്ഞെടുപ്പു കഴിഞ്ഞു പത്തുദിവസമായിട്ടും പിന്തുണ വാഗ്ദാനം ചെയ്ത ഡിയുപിയുമായി സഖ്യവ്യവസ്ഥകള്‍ നിശ്ചയിക്കാനും അവര്‍ക്കായിട്ടില്ല. ടോറികള്‍ തിരഞ്ഞടുപ്പില്‍ മുന്നോട്ടുവച്ച പല പ്രഖ്യാപനങ്ങളില്‍നിന്നും വാഗ്ദാനങ്ങളില്‍നിന്നും പിന്നോട്ടുപോകേണ്ട സ്ഥിതിയാണു നിലവിലുള്ളത്. ഇതാണു സഖ്യചര്‍ച്ചകള്‍ നീണ്ടുപോകാനുള്ള കാരണവും. സര്‍ക്കാരിന്റെ നയപ്രഖ്യാപനം കൂടിയായ രാജ്ഞിയുടെ പ്രസംഗത്തില്‍ അടുത്ത അഞ്ചുവര്‍ഷം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ എല്ലാംതന്നെ പ്രതിപാദിക്കേണ്ടതുണ്ട്.

ഇതു നിശ്ചയിച്ച്, അടുത്ത ബുധനാഴ്ചയ്ക്കു മുമ്പ് രാജ്ഞിയുടെ പ്രസംഗം തയാറാക്കണം. ഇതിനുപോലും കഴിയാത്തതാണ് പാര്‍ട്ടി എംപിമാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയുണ്ടായ രണ്ടു ഭീകരാക്രമണങ്ങളും ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തം കൈകാര്യം ചെയ്തതില്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയും പാര്‍ട്ടി ഗൗരവമായാണു കാണുന്നത്. ദുരന്തസ്ഥലത്തെത്തിയ പ്രധാനമന്ത്രി ദുരന്തത്തിനിരയായവരെ കാണാന്‍പോലും കൂട്ടാക്കാതെ സ്ഥലംവിട്ടതു വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

പ്രധാനമന്ത്രിയെ മനുഷ്യത്വം ഇല്ലാത്തവരെന്നും കൊലയാളി എന്നും പോലും വിളിക്കാന്‍ ദുരന്തത്തിനിരയായവരും അവരുടെ ബന്ധുക്കളും ധൈര്യംകാട്ടി. അത്രയ്ക്കായിരുന്നു അവരുടെ പ്രതിഷേധം. പാര്‍ലമെന്റിനു മുന്നിലും പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലും ഇതിന്റെപേരില്‍ പ്രതിഷേധമുയര്‍ന്നു. പ്രധാനമന്ത്രി ചെയ്യുന്നതെല്ലാം പിഴയ്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ബ്രിട്ടനില്‍.

ഇതു മനസിലാക്കിയാണു കാര്യങ്ങള്‍ നേരെയാക്കാന്‍ പത്തുദിവസത്തെ സാവകാശം എംപിമാര്‍തന്നെ പ്രധാനമന്ത്രിക്കു നല്‍കുന്നത്. 'ഒന്നുകില്‍ കാര്യങ്ങള്‍ നേരെയാക്കി നന്നായി ഭരിക്കുക, അല്ലെങ്കില്‍ സ്ഥാനമൊഴിഞ്ഞ് പാര്‍ട്ടി നേതൃത്വം മറ്റാര്‍ക്കെങ്കിലും കൈമാറുക' ഇതാണ് എംപിമാര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം. പുറത്തു പറയുന്നില്ലെങ്കിലും കാബിനറ്റ് അംഗങ്ങളില്‍ പലര്‍ക്കും ഈ അഭിപ്രായമാണുള്ളത്.