മാര്ട്ടിനച്ചന് പാടിയ യഥാര്‍ത്ഥ പാട്ട് ഇതാണ്... പോസ്റ്റുമോര്‍ട്ടം മാറ്റിവച്ചു, മരണം സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറാകാതെ സ്കോട്ടിഷ് പൊലീസ്, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

എഡിന്ബറോയില് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാ . മാര്ട്ടിന് വാഴച്ചിറയുടെ എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയിലെ ഒരു ഗാനം ചിലര്‍ പ്രചരിപ്പിച്ചിരുന്നു. ഇതു തെറ്റാണെന്ന് യുകെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനു ശേഷമാണ് പലരും ഇതു ഷെയര്‍ ചെയ്യുന്നത് അവസാനിപ്പിച്ചത്. ഇപ്പോഴിതാ മാര്ട്ടിനച്ചന് യഥാര്‍ത്ഥത്തില്‍ ആലപിച്ച ഒരു ഗാനം ഞങ്ങള്‍ പുറത്തുവിടുകയാണ്.
യുകെയിലേക്ക് പോരുന്നതിന് മുന്‍പ് ഒരു വര്‍ഷത്തിലേറെ മാര്ട്ടിന് അച്ഛന് സേവനം അനുഷ്ഠിച്ചതു ചങ്ങനാശേരിയിലെ ചെത്തിപ്പുഴ പള്ളിയില്‍ ആണ് . അസിസ്റ്റന്റ് വികാരി ആയി സേവനം അനുഷ്ഠിക്കുന്ന സമയത്തു ആ നാട്ടിലെ മുഴുവന്‍ ഇടവക ജനങ്ങളുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണി ആയിരുന്ന മാര്ട്ടിന് അച്ചന് ഒരു കുടുംബ കൂട്ടായ്മയില്‍ പാടിയ ഒരു പഴയ മലയാള ഗാനത്തിന്റെ യൂട്യൂബ് വിഡിയോ ആണ് ചുവടെ.
അതേസമയം അച്ചന്റെ പോസ്റ്റു മോര്‍ട്ടം തിങ്കളാഴ്ച നടന്നില്ല. ഇന്നാകും മിക്കവാറും ഇതു നടക്കുക. മരണം സംഭവിച്ചു മൃതദേഹം ആശുപത്രിക്കു കൈമാറിയാല്‍ രണ്ടു മുതല്‍ പത്തു ദിവസത്തിനകം പോസ്റ്റുമോര്‍ട്ടം നടപടികളും പ്രാഥമിക അന്വേഷണ നടപടികളും പൂര്‍ത്തിയാക്കി ഫിസ്ക്കല്‍ റിപ്പോര്‍ട്ട് നല്‍കുന്നതാണ് ഇവിടുത്തെ ചട്ടം. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്കും മറ്റുമായി സിഎംഐ സഭ ചുമതലപ്പെടുത്തിയിട്ടുള്ള ഫാ. ടെബിന്‍ പുത്തന്‍പുരയ്ക്കല്‍ ഫിസ്കല്‍ ഓഫീസറുമായി ബന്ധപ്പെട്ടപ്പോഴാണ് വിവരം അറിഞ്ഞത്.
കേസന്വേഷണത്തിന്റെ പുരോഗതി സ്കോട്ടിഷ് പൊലീസ് ഫാ. മാര്‍ട്ടിന്റെ കുടുംബാഗങ്ങളുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ ഫാ. ടെമ്പിന്റെ സാന്നിധ്യത്തില്‍ കുടുംബാംഗങ്ങളുമായി പങ്കുവച്ചു. എന്നാല്‍ മരണ കാരണം സംബന്ധിച്ച എന്തെങ്കിലും സൂചനകള്‍ നല്‍കിയില്ല. മൃതദേഹം അഴുകിയ നിലയിലാണെന്നും മറ്റു സമൂഹ മാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വന്നിട്ടുള്ള റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നും ഫാ. ടെബിന്‍ അറിയിച്ചു.
മാര്‍ട്ടിനച്ചന്റെ മരണം സംബന്ധിച്ചുള്ള പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കണെന്ന ഫാ. ടെബിന്‍ നല്കിയ കത്തിനെ തുടര്‍ന്ന് സ്കോട്ടിഷ് പൊലീസ് ഒരു പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിലും മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. അന്വേഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക് മരണ കാരണം വെളിപ്പെടുത്തുമെന്നാണ് അധികൃതര്‍ നല്കുന്ന ഉറപ്പ്. അതിനിടെ സ്കോട്ട്ലന്‍ഡില്‍ എത്തിയ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എഡിന്‍ബറോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും ചര്‍ച്ച നടത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്ക് മൃതദേഹം വിട്ടുകൊടുത്തതിനു ശേഷം മാത്രമേ ഇതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ കഴിയൂ. ഇപ്പോഴത്തെ നിലയില്‍ അടുത്തയാഴ്ച മൃതദേഹം നാട്ടിലെത്തിക്കാനാകും എന്നാണ് കരുതുന്നതെന്ന് ഫാ. ടെബന് പറഞ്ഞു.
ഫാ. മാര്ട്ടിന് പി.എച്ച്.ഡി. പഠനം നടത്തിയിരുന്ന എഡിന്‍ബറോ സര്‍വകലാശാലയില്‍നിന്നും അധികം ദൂരെയല്ലാത്ത ബീച്ചില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പള്ളിയില്‍നിന്നും ഇവിടേക്ക് നിരവധി മൈല്‍ ദൂരമുണ്ട്. മലയാളിയായ യുവ വൈദികനെ സ്കോട്ട്ലന്‍ഡിലെ എഡിന്‍ബറോയില്‍നിന്നും ചൊവ്വാഴ്ചമുതലാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്.
സി.എം.ഐ സഭയിലെ തിരുവനന്തപുരം പ്രോവിന്‍സ് അംഗമായ ഫാ. മാര്ട്ടിന് ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ തോമസ് സേവ്യറിന്റെയും (മാമ്മച്ചന്‍) പരേതയായ മറിയാമ്മയുടെയും ഇളയമകനാണ്. ചങ്ങനാശേരി എസ്.ബി. കോളജിലെ വിദ്യാര്‍ഥിയായിരുന്നു. ഞായറാഴ്ച തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ വൈദികനുമായി നേരിട്ടും ഫോണിലും സംസാരിച്ചവരുണ്ട്. എന്നാല്‍ അതിനുശേഷം രണ്ടുദിവസമായി ഒരു വിവരവും ഇല്ലാതായതോടെയാണ് രൂപതാധികൃതര്‍തന്നെ വിവരം പൊലീസില്‍ അറിയിച്ചത്.