Latest News

എതിര്‍പ്പുകളുടെ മഞ്ഞുരുകുന്നു, ബ്രെക്‌സിറ്റ് ബില്‍ അംഗീകാരം സുഗമമാകുമെന്ന് സൂചന, പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി

2017-03-13 02:22:47am |

ലണ്ടന്‍: കണ്‍സര്‍വേറ്റീവുകളുടെ ഇടയില്‍ നിന്നുതന്നെ ഉയര്‍ന്ന കലാപത്തിന്റെ മഞ്ഞുരുകി. ബ്രിട്ടണ്‍ ആ ചരിത്ര പ്രഖ്യാപനത്തിന് തയാറെടുത്തു കഴിഞ്ഞു. എംപിമാരും പ്രഭുസഭാഗംങ്ങളും ഇന്ന് വീണ്ടും ഒരുമിക്കുന്നതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തിറങ്ങാനുള്ള ബ്രിട്ടന്റെ പ്രഖ്യാപനത്തിന് പച്ചക്കൊടി ഉയരും. എന്നാലും പ്രതിഷേധം പിന്‍വലിക്കാതെ ഏതാനും ടോറി എംപിമാര്‍ വോട്ടിങ്ങില്‍ നിന്നു വിട്ടു നില്‍ക്കുമെന്നും സൂചനയുണ്ട്്. എങ്കിലും ബ്രെക്‌സിറ്റ് നടപടികളുമായി മുന്നോട്ടു പോകാന്‍ പ്രധാനമന്ത്രി തെരേസാ മേയെ ചുമതലപ്പെടുത്തുന്ന ബില്ലിന് അംഗീകാരം ലഭിക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്.

പ്രധാനമന്ത്രിയുടെ കൈകള്‍ക്ക് വിലങ്ങിടരുതെന്ന് ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസ് എംപിമാരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇനി എംപിമാര്‍ ഭേദഗതികള്‍ നിരാകരിച്ചാല്‍ രാജ്ഞിയുടെ പ്രത്യേക അധികാരം പ്രയോഗിച്ച് അതു മറികടക്കാനാണ് നീക്കം. ആര്‍ട്ടിക്കിള്‍ 50 അനുസരിച്ചുള്ള ബ്രക്‌സിറ്റ് നടപടികള്‍ ആരംഭിക്കുന്നതിനെക്കുറിച്ചും രണ്ടുവര്‍ഷം നീളുന്ന ചര്‍ച്ചകളുടെ സമയക്രമം സംബന്ധിച്ചുമുള്ള സുപ്രധാന പ്രഖ്യാപനമാകും ഇത്. 2019 മാര്‍ച്ചില്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തിറങ്ങുകയാണ് ലക്ഷ്യം.

സുപ്രീംകോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബ്രക്‌സിറ്റ് ബില്ലിന്മേല്‍ പ്രഭുസഭ പാസാക്കിയ ഭേദഗതി നിര്‍ദേശങ്ങളാണ് ഇന്ന് ഹൗസ് ഓഫ് കോമണ്‍സ് ചര്‍ച്ചയ്‌ക്കെടുക്കുന്നത്. വൈകുന്നേരത്തോടെ വോട്ടെടുപ്പ് ഉണ്ടായേക്കും. ഇതിനിടെ പ്രഭുസഭയുടെ ഭേദഗതികള്‍ തള്ളിക്കളയണമെന്ന് ബ്രക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസ് എംപിമാരോട് അഭ്യര്‍ഥിച്ചു. നിലവിലുള്ള ബില്ല് മാറ്റമൊന്നും കൂടാതെ പാസാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ബ്രിട്ടണിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൌരന്മാര്‍ക്ക് ബ്രക്‌സിറ്റിനു ശേഷവും ഇവിടെത്തന്നെ തുടരാന്‍ സാഹചര്യം ഒരുക്കണമെന്നും ഇവരുടെ സംരംക്ഷണം ഉറപ്പുവരുത്തണമെന്നുമായിരുന്നു പ്രഭുസഭ പാസാക്കിയ ഒന്നാമത്തെ ഭേദഗതി. രണ്ടുവര്‍ഷം നീളുന്ന ചര്‍ച്ചകളില്‍ ഉരിത്തിരിയുന്ന തീരുമാനത്തിലെ വ്യവസ്ഥകള്‍ പാര്‍ലമെന്റിന്റെ അന്തിമ അനുമതിയോടുകൂടിയേ നടപ്പാക്കാവൂ എന്നതായിരുന്നു രണ്ടാമത്തെ ഭേദഗതി. വന്‍ ഭുരിപക്ഷത്തില്‍ പാസാക്കിയ ഈ നിര്‍ദേശങ്ങളോട് സര്‍ക്കാരിനു പക്ഷേ, യോജിപ്പില്ല.

അതേസമയം ഉപഭോക്താക്കള്‍ ബ്രെക്‌സിറ്റില്‍ ആശങ്കാകുലരല്ലെന്ന് ഒരു സര്‍വേ വ്യക്തമാക്കുന്നു. മൂന്നിലൊന്നു പേര്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും ആശങ്ക പ്രകടിപ്പിച്ചിട്ടുള്ളത്. 15.5 ശതമാനം പേര്‍ തൊഴില്‍ സുരക്ഷിതത്വത്തെക്കുറിച്ചും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. വീടുടമകള്‍ക്കും വിടു വില ഇടിയുമെന്ന കാര്യമായ ഭീതിയില്ലെന്നും സര്‍വേ കണ്ടെത്തി.