വാല്‍സിംഹാം തിരുന്നാളിന് ഇനി കൃത്യം ഒരാഴ്ച; അടുത്ത ഞായറാഴ്ച വാല്‍സിംഹാം അമ്മയെ കാണാന്‍ മലയാളി മക്കളെത്തുന്നു . കോച്ചുകളിലും കാറുകളിലുമായി എത്തുന്നവരെ സ്വീകരിക്കാന്‍ ഫാ. ടെറിന്‍ മുല്ലക്കരയും കമ്മിറ്റിയംഗങ്ങളും ഒരുങ്ങിക്കഴിഞ്ഞു

2017-07-09 07:10:56am | ഫാ. ബിജു കുന്നയ്ക്കാട്ട്

വാല്‍സിംഹാം: കഴിഞ്ഞ 10 വര്‍ഷത്തോളമായി ഈസ്റ്റ് ആംഗ്ലിയ രൂപതയുടെ നേതൃത്വത്തിലും ആതിഥേയത്തിലും നടന്നു വന്നിരുന്ന യുകെ മലയാളികളുടെ വാര്‍ഷിക വാല്‍സിംഹാം തീര്‍ത്ഥാടനം ഇത്തവണ മുതല്‍ പുതിയ സാരഥികളുമായി വിശ്വാസികളെ വരവേല്‍ക്കാനൊരുങ്ങുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആത്മീയ നേതൃത്വത്തില്‍ ഇനി മുതല്‍ നടത്തപ്പെടുന്ന പ്രസിദ്ധമായ വാല്‍സിംഹാം തീര്‍ത്ഥാടനം ഈ വര്‍ഷം ജൂലൈ 16ന് സാഘോഷം നടത്തപ്പെടുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി ഈസ്റ്റ് ആംഗ്ലിയ രൂപതയുടെ നേതൃത്വത്തില്‍ നടന്നു വന്നിരുന്നത് പോലെ ഈ വര്‍ഷവും ജൂലൈ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച തന്നെയാണ് തീര്‍ത്ഥാടനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

പരിശുദ്ധ അമ്മയുടെ സന്നിധിയില്‍ മക്കള്‍ വന്നു ചേരുന്ന ഈ അനുഗ്രഹീത ദിനം ആരംഭിക്കുന്നത് രാവിലെ 9 മണിക്ക് റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ യുകെ ടീമും നേതൃത്വം നല്‍കുന്ന ധ്യാനചിന്തകളോടെയായിരിക്കും. 11.30 മുതല്‍ 1.30 വരെ ഉച്ച ഭക്ഷണത്തിനും അടിമസമര്‍പ്പണത്തിനും വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കും നീക്കി വച്ചിരിക്കുന്ന സമയമാണ്. ഉച്ച കഴിഞ്ഞു കൃത്യം ഒന്നരയ്ക്ക് ജപമാല പ്രദക്ഷിണം ആരംഭിക്കും. പ്രദക്ഷിണത്തില്‍ ഉപയോഗിക്കുന്നതിനായി മുത്തുക്കുടകളും കൊടികള്‍, പൊന്‍ – വെള്ളി കുരിശുകള്‍, ബാനറുകള്‍, മെഗാഫോണ്‍ എന്നിവയും ജപമാലകളും കൊണ്ട് വരണമെന്ന് കോര്‍ഡിനേറ്റര്‍ കമ്മിറ്റി കണ്‍വീനര്‍ ഫാ. ടെറിന്‍ മുല്ലക്കര അറിയിച്ചു. കോച്ചുകളും സ്വകാര്യ വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നതിന് വെവ്വേറെ സ്ഥലങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിതമായ നിരക്കില്‍ ഉച്ചഭക്ഷണ പായ്ക്കറ്റുകള്‍ ലഭിക്കുന്നതാണ്. ജപമാല പ്രദക്ഷിണത്തിന് ശേഷം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികനായി ആഘോഷമായ ദിവ്യബലിയര്‍പ്പണവും നടക്കും.

അടുത്ത ഞായറാഴ്ച വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് എല്ലാവരും ചേരുന്നതിനു സൗകര്യമൊരുക്കുന്നതിനായി അന്ന് സീറോ മലബാര്‍ വി. കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതല്ലെന്ന് രൂപതാധ്യക്ഷന്‍ അറിയിച്ചു. ഇത്തവണത്തെ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്ന സഡ്ബറി കൂട്ടായ്മയുടെയും മറ്റു വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങളും ക്രമീകരണങ്ങളും പുരോഗമിക്കുകയാണെന്ന് ജനറല്‍ കണ്‍വീനര്‍ ഫാ. ടെറിന്‍ മുല്ലക്കര അറിയിച്ചു.

മാതൃഭക്തി ചെറുപ്പം മുതലേ അഭ്യസിക്കുകയും നൊവേന, വണക്കമാസം, കൊന്തമാസം തുടങ്ങിയ ഭക്ത്യാദരങ്ങളിലൂടെ മാതൃസ്‌നേഹം ആഴത്തില്‍ അനുഭവിച്ചറിയുകയും ചെയ്തിട്ടുള്ള, കേരളത്തില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയിട്ടുള്ള ക്രൈസ്തവര്‍ക്ക് ഗൃഹാതുരത്തിന്റെ നിറമാര്‍ന്ന ഓര്‍മ്മയും അനുഭവവും കൂടിയാണ് ഈ വാല്‍സിംഹാം തീര്‍ത്ഥാടനം സമ്മാനിക്കുന്നത്.