നേഴ്‌സുമാരുടെ അവകാശപ്പോരാട്ടങ്ങൾക്ക് പിന്തുണ; കർമ്മ പരിപാടികൾക്ക് രൂപം നൽകി യുക്മ നേഴ്‌സസ് ഫോറം ദേശീയ നിർവ്വാഹക സമിതിയോഗം

2017-07-12 02:25:07am | വർഗീസ് ഡാനിയേൽ ( യുക്മ പി ആർ ഓ )

ബിർമിംഗ്ഹാം: ജൂലൈ 8 ശനിയാഴ്ച്ച ബിർമിംഗ്ഹാമിൽ നടന്ന യുക്മ നേഴ്‌സസ് ഫോറം ദേശീയ നിർവ്വാഹക സമിതിയോഗം കേരളത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നേഴ്‌സുമാർ യു എൻ എ യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അവകാശ സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. വേതന വർദ്ധനവിനും മറ്റ്‌  ആവശ്യങ്ങൾക്കുമായി സമരം നടത്തുന്ന നേഴ്‌സുമാർക്ക് പിന്തുണ നൽകണമെന്നും യോഗം യുകെ മലയാളികളോട് അഭ്യർത്‌ഥിച്ചു.

മറ്റൊരു സുപ്രധാനമായ തീരുമാനം, യുകെയിലെ മലയാളി നേഴ്സുമാരിൽ നിരവധിപേർ ഐ ഇ എൽ ടി എസിൽ ആവശ്യമായ സ്‌കോർ ലഭിക്കാത്തതു മൂലം കെയറർമാരായി വിവിധയിടങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. പിൻ നന്പർ ലഭിക്കുന്നതിന് എൻ എം സി മുന്നോട്ട് വയ്ക്കുന്ന മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൻ എം സിക്കും ഭരണ സിരാകേന്ദ്രങ്ങൾക്കും യുകെയിലെ ബഹുപൂരിക്ഷം മലയാളികളുടെയും പിന്തുണയോടെ മെമ്മോറാണ്ടം സമർപ്പിക്കുന്നതിന് യുക്മ നേഴ്‌സസ് ഫോറം മുൻ കൈയെടുക്കും. കൂടാതെ യുകെയിൽ നേഴ്‌സുമാരുടെ ശമ്പള വർദ്ധനവിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തിനെതിരെ സമരം നടത്തുന്ന യൂണിയനുകൾക്കൊപ്പം ചേർന്ന് യു എൻ എഫും സമരമുഖത്തെത്തും, അതിനായി വിവിധ റീജിയണൽ കമ്മിറ്റികൾക്കൊപ്പം ചേർന്ന് പദ്ധതികൾ ആവിഷ്കരിക്കും.

വാൽസാളിലെ റോയൽ ഹോട്ടലിൽ ശനിയാഴ്ച്ച യു എൻ എഫ് പ്രസിഡന്റ് ബിന്നി മനോജിന്റെ അധ്യക്ഷതയിൽ നടന്ന നിർവ്വാഹക സമിതി യോഗത്തിൽ യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറിയും നേഴ്‌സസ് ഫോറം കോർഡിനേറ്ററുമായ സിന്ധു ഉണ്ണി, യുക്മ ദേശീയ അധ്യക്ഷൻ മാമ്മൻ ഫിലിപ്പ് തുടങ്ങിയവർ സംബന്ധിച്ചിരുന്നു. യു എൻ എഫ് ജനറൽ സെക്രട്ടറി അലക്സ് ലൂക്കോസ് കർമ്മപരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. 

നേഴ്‌സസ് ഫോറം ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിൽ കൂടുതൽ എത്തിക്കുന്നതിന് ആവശ്യമായ നടപടി ക്രമങ്ങളും യോഗം കൈക്കൊണ്ടു. തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങളിൽ ആവശ്യമായ നിയമ സഹായം എത്തിക്കുന്നതിനും നിയമങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾ നടത്തും. യു എൻ എഫ് ലീഗൽ സെൽ ചെയർമാൻ തന്പി ജോസിന്റെ നേതൃത്വത്തിലുള്ള ടീമിനെ ഉക്ക്മാൻഫ്@ജിമെയിൽ.കോം എന്ന ഇമെയിൽ അഡ്രസ്സിൽ ബന്ധപ്പെടാവുന്നതാണ്. 

ഓരോ റീജിയണിലും യു എൻ എഫ് റീജിയണൽ കമ്മിറ്റികൾ സംഘടിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾ അംഗ അസ്സോസിയേഷനുകളിലും സജീവമാക്കും. നേഴ്‌സസ് ഫോറം കൺവെൻഷനോടനുബന്ധിച്ച് നടത്തിയ സി പി ഡി പ്രോഗ്രാം അംഗങ്ങൾക്ക് ഏറെ ഗുണകരമായെന്ന് കമ്മിറ്റി വിലയിരുത്തി. അതേ മാതൃകയിൽ എല്ലാ റീജിയനികളിലും സി പി ഡി പ്രോഗ്രാമുകൾ സംഘടിപ്പിക്കും. ഭാരവാഹികളായ അലക്സ് ലൂക്കോസ്, ദേവലാൽ സഹദേവൻ, തമ്പി ജോസ്, മനു സക്കറിയ, ബിജു മൈക്കൽ, ജോജി സെബാസ്റ്റ്യൻ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.