Latest News

കണ്ണനല്ലേ, വെണ്ണയല്ലേ...! ഇനി അവന്‍ അമ്മയുടെ ചാരെയില്ലല്ലോ... വെണ്ണ അലര്‍ജി ലണ്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ജീവന്‍ കവര്‍ന്നത് ഇങ്ങനെ

2017-07-13 02:58:24am |

കരണ്‍ ചീമ കുഞ്ഞായിരുന്നപ്പോള്‍ അവന്റെ അമ്മ പാടിയിരിക്കാം, കൈനിറയെ  വെണ്ണതരാം എന്ന്...! എന്നാല്‍ വളര്‍ന്നപ്പോള്‍ അവന് വെണ്ണ വെറുപ്പായിരുന്നു. ശരീരം വെണ്ണയോടു മുഖംതിരിഞ്ഞു നില്‍ക്കും. ആകെ അസ്വസ്ഥ. ഒടുവില്‍ അതുതന്നെ അവനെ മരണത്തിലേക്ക് നയിച്ചു. ആ കഥ ഇങ്ങനെ.. 13 വയസുകാരനായ കരണ്‍ബീര്‍ ചീമയെന്ന കൊച്ചുമിടുക്കന്‍ വെസ്റ്റ് ലണ്ടനിലെ പെറിവാലെയിലെ വീട്ടില്‍ നിന്നും രാവിലെ സ്‌കൂളിലേക്ക് പോകുമ്പോള്‍ പറഞ്ഞ ഗുഡ്‌ബൈ അന്ത്യയാത്രയാകുമെന്ന് അവന്റെ അമ്മ റിന ഒരിക്കലും വിചാരിച്ചിരുന്നില്ല.

എന്നാല്‍ രാവിലെ 11.30ന് സ്‌കൂളില്‍ നിന്നും ഫോണ്‍ വന്നതിനെ തുടര്‍ന്ന് അവിടേക്ക് കുതിച്ചെത്തിയ റിനയ്ക്ക് കാണാന്‍ സാധിച്ചത് അവശനായ മകനെ ട്രോളിയില്‍ ഉന്തി ആംബുലന്‍സിലേക്ക് കയറ്റുന്നതായിരുന്നു. ലണ്ടനിലെ ഗ്രീന്‍ഫോര്‍ഡിലെ സ്‌കൂളില്‍ വച്ചാണ് ഇന്ത്യന്‍ വംശജനായ 13കാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരിക്കുന്നത്. വെണ്ണ അലര്‍ജിയായ മകനെ നിര്‍ബന്ധിച്ച് വെണ്ണ തീറ്റിച്ചു കൊന്നുവെന്നണ് അമ്മ റിന ആരോപിക്കുന്നത്. സ്‌കൂള്‍ അധികൃതര്‍ കാര്യങ്ങള്‍ തുറന്ന് പറയുന്നില്ലെന്നും ഹൃദയവേദനയോടെ ഈ അമ്മ വെളിപ്പെടുത്തുന്നു.

ഇതേ തുടര്‍ന്ന് കരണിന്റെ മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സ്‌കൂള്‍ അധികാരികള്‍ക്ക് മേലുള്ള സമ്മര്‍ദം പെരുകിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചെറുപ്പം മുതല്‍ക്ക് തന്നെ വെണ്ണ അകത്തെത്തിയാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന കരണിനെ സഹപാഠികള്‍ ബലം പ്രയോഗിച്ച് വെണ്ണ കഴിപ്പിച്ചതിനാലുണ്ടായ അലര്‍ജി മൂലമാണ് കുട്ടിക്ക് ദുരന്തം സംഭവിച്ചതെന്ന ആശങ്കയാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്. സംഭവത്തില്‍ ഒരു കുട്ടിയെ അറസ്റ്റ് ചെയ്‌തെങ്കിലും കരണിന്റെ മാതാവ് സ്‌കൂള്‍ അധികൃതര്‍ക്കും ഇതിന് ഉത്തരവാദികളെന്ന് സംശയിക്കുന്നവരായവര്‍ക്കെല്ലാമെതിരെ കോടതി കയറിയിരിക്കുകയാണ്.

തന്റെ പ്രിയപുത്രന്റെ മരണവുമായി ബന്ധപ്പെട്ട സത്യങ്ങള്‍ വിദ്യാലയ അധികാരികള്‍ സുതാര്യമാക്കിയില്ലെന്നാണ് പോലീസിനോടും സി ഓഫ് ഇ സ്‌കൂള്‍ ആയ വില്യം പെര്‍കിനോടും റിന പരാതിപ്പെട്ടിരിക്കുന്നത്. കരണിന് വെണ്ണ അലര്‍ജിയാണെന്ന് മുന്‍കൂട്ടി ധാരണയുണ്ടായിരുന്നു സ്‌കൂളുകാര്‍ സംഭവത്തിന് ശേഷം സഹായിക്കാനായി കുട്ടിയെ രക്ഷിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തളര്‍ന്ന് വീണ കരണിനെ നോര്‍ത്ത് പാര്‍ക്ക് ഹോസ്പിറ്റലിലായിരുന്നു ആദ്യമെത്തിച്ചിരുന്നത്.തുടര്‍ന്ന് ഗ്രേറ്റ് ഒസ്മണ്ട് ഹോസ്പിററലിലേക്ക് കൊണ്ടു പോവുകയും അവിടുത്തെ ഐസിയുവില്‍ കിടന്ന് ഈ ജീവന്‍ പൊലിയുകയുമായിരുന്നു.

തന്റെ പുത്രന് വെണ്ണ അലര്‍ജിയാണെന്ന് അറിഞ്ഞിട്ടും ആരൊക്കെയോ അവനെ നിര്‍ബന്ധിച്ച് വെണ്ണ കഴിപ്പിക്കുകയായിരുന്നുവെന്നാണ് അമ്മ റിന ആരോപിക്കുന്നത്. കരണിന്റെ കുട്ടിയുടെ തൊണ്ടയില്‍ നിന്നും വെണ്ണയുടെ അംശം തെളിവായി ലഭിച്ചിരുന്നുവെന്നും റിന എടുത്ത് കാട്ടുന്നു. കൊലപാതകശ്രമക്കുറ്റത്തിനാണ് സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥി അറസ്റ്റിലായിരിക്കുന്നത് .ചീസ് അലര്‍ജിയായിരുന്നുവെങ്കിലും അവന്‍ നോര്‍മല്‍ ലൈഫാണ് നയിച്ചിരുന്നെന്നും റിന വെളിപ്പെടുത്തുന്നു. തന്റെ അലര്‍ജിക്കാര്യം ആരോട് വെളിപ്പെടുത്താനും അവന് ചമ്മല്‍ ഇല്ലായിരുന്നുവെന്നും ഇവര്‍ പറയുന്നു.