Latest News

മലാല ഇപ്പോള്‍ കോടീശ്വരി! ഉന്നതവിദ്യാഭ്യാസത്തിന് ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ചേര്‍ന്നേക്കും

2017-03-14 03:38:59am |

ലണ്ടന്‍: സമാധാന നൊബേല്‍ ജേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസുഫ്‌സായി ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസത്തിന് ചേര്‍ന്നേക്കും. തന്റെ 'എ' ലവല്‍ പരീക്ഷകള്‍ നടക്കാനിരിക്കുകയാണെന്നും മൂന്ന് 'എ' ഗ്രേഡുകള്‍ ലഭിച്ചാല്‍ പി.പി.ഇ (ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണേമിക്‌സ്) കോഴ്‌സിന് ചേരാന്‍ സര്‍വകലാശാലയില്‍നിന്ന് ക്ഷണം ലഭിച്ചതായും 19കാരിയായ മലാല പറഞ്ഞു. സ്‌കൂള്‍ ആന്‍ഡ് കോളജ് ലെക്ചറര്‍ അസോസിയേഷന്റെ ബെര്‍മിങ്ഹാമില്‍ ശനിയാഴ്ച നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് മൂന്ന് എ ഗ്രേഡുകള്‍ വാങ്ങി കോഴ്‌സിനു ചേരാനുള്ള തയാറെടുപ്പിലാണ് താനെന്ന് മലാല വ്യക്തമാക്കിയത്. മൂന്നു വര്‍ഷത്തെ കോഴ്‌സിനൊപ്പം മലാല ഫണ്ട് വര്‍ക്കിലും ശ്രദ്ധിക്കുമെന്ന് അവര്‍ പറഞ്ഞു.  

താലിബാന്‍ ആക്രമണത്തിനു ശേഷം മലാല ഇപ്പോള്‍ കോടിശ്വരിയായി മാറിയിരിക്കുകയാണ്.  പാകിസ്താനിലെ ബാലാവകാശപ്രവര്‍ത്തകയെന്നു പേരെടുത്ത മലാലയെ പണക്കാരിയാക്കിയത് സ്വന്തം ആത്മകഥയും ലോകമെമ്പാടും നടത്തിയ പ്രഭാഷണങ്ങളുമാണ്. സണ്‍ഡേ ടൈംസിലെ മാധ്യമപ്രവര്‍ത്തക ക്രിസ്റ്റീന ലാംപുമായി ചേര്‍ന്ന് എഴുതിയ 'ഐ ആം മലാല' എന്ന പുസ്തകമാണു മലാലയെ കോടീശ്വരിയാക്കിയത്. പുസ്തകത്തിന്റെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ടു മലാലയുടെ കുടുംബം കമ്പനി രൂപീകരിച്ചിരുന്നു.

മലാല, പിതാവ് സൈയുദ്ദീന്‍ യൂസഫ്‌സായ്, മാതാവ് തൂര്‍ പെകായ് എന്നിവര്‍ ഓഹരിയുടമകളായ സലാര്‍സായ് ലിമിറ്റഡ് എന്ന കമ്പനിക്ക് 22 ലക്ഷം പൗണ്ട്(ഏകദേശം ഇരുപതു കോടി രൂപ) ബാങ്ക് നിക്ഷേപമുണ്ട്. 2015 ഓഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം 11 ലക്ഷം പൗണ്ട് ആണു കമ്പനിയുടെ ലാഭം. നൊബേല്‍ പുരസ്‌കാരം നേടിയവരില്‍ ഏറ്റവും കൂടുതല്‍ സമ്പാദിച്ചത് മലാലയാണെന്നു യു.എസ്. കേന്ദ്രീകരിച്ചുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോളിസി സ്റ്റഡീസ് വ്യക്തമാക്കുന്നു. 1,14000 പൗണ്ട് ആണ് പ്രഭാഷണത്തിനു മലാലയ്ക്കു ലഭിക്കുന്ന പ്രതിഫലം. പെണ്‍കുട്ടികള്‍ക്കു സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിച്ച പാകിസ്താനിലെ സ്വാത് ജില്ലയില്‍ മലാലയെ താലിബാന്‍ ആക്രമിച്ചതോടെയാണു ലോകശ്രദ്ധയാകര്‍ഷിച്ചത്.