ഫാ. മാർട്ടിൻ സേവ്യർ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികൾ വൈകാന്‍ കാരണമെന്ത്? സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ വിശദീകരണം ഇങ്ങനെ

2017-07-13 03:02:54am |

ലണ്ടൻ∙ ബീച്ചിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഫാ. മാർട്ടിൻ സേവ്യർ വാഴച്ചിറ സിഎംഐയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികൾ ഇനിയും വൈകും. ഇന്നലെ ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാമെന്നാണ് കഴിഞ്ഞയാഴ്ച സിഐഡി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അടുത്തയാഴ്ചയോടെ മാത്രമേ നടപടികൾ പൂർത്തിയാകാൻ സാധ്യതയുള്ളൂയെന്നുമാണ് ഇന്നലെ സിഐഡി ഓഫിസർ, സഭയുടെയും ഫാ. മാർട്ടിന്റെയും പ്രതിനിധിയായ ഫാ. ടെബിൻ ഫ്രാൻസിസ് പുത്തൻപുരയ്ക്കലിനെ അറിയിച്ചത്. സ്കോട്ട്ലൻഡിലെ എഡിൻബറോയിൽനിന്നും കഴിഞ്ഞമാസം ഇരുപതിന് ദുരൂഹസാഹചര്യത്തിൽ കാണാതായി പിന്നീട് അച്ചനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഫാ. മാർട്ടിന്റെ മൊബൈൽ ഫോൺ ഇനിയും അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായിട്ടില്ല. മൊബൈൽ കോൾലിസ്റ്റ് പരിശോധിക്കുന്നതുൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹത്തിൽനിന്നും ശേഖരിച്ച കോശ സാമ്പിളുകളുകളുടെ പരിശോധനകൾ പൂർത്തിയാക്കി മരണകാരണം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒട്ടേറെ ദുരൂഹതകൾ ബാക്കിനിൽക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം നീളുന്നതും മൃതദേഹം വിട്ടുകിട്ടാൻ വൈകുന്നതും. അന്വേഷണം പൂർത്തിയാകാതെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകാനാകില്ലെന്നു ഫിസ്കൽ ഓഫിസർ ഡിക്ടക്റ്റീവിനു നിർദേശം നൽകിയിട്ടുണ്ട്. 

ഇതിനിടെ ഫാ. മാർട്ടിന്റെ മരണം നടന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും അന്വേഷണത്തിന്റെ പേരിൽ മൃതദേഹം വിട്ടുനൽകാത്ത നടപടിയിൽ ബ്രിട്ടനിലെ മലയാളിസമൂഹത്തിലും വിശ്വാസ കൂട്ടായ്മകളിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. മരണം എത്ര ദുരൂഹമാണെങ്കിലും മൃതദേഹം വിട്ടുനൽകാതെ അനിശ്ചിതമായി വൈകിപ്പിക്കുന്നതിന്റെ യുക്തി ആർക്കും മനസിലാകുന്നില്ല. കൂടുതൽ പരിശോധനകൾ ആവശ്യമാണെങ്കിൽ അതിനായുള്ള ആന്തരികാവയവങ്ങളുടെ കോശസാമ്പിളുകൾ ശേഖരിച്ചശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകുന്നതിൽ എന്തു തടസമെന്ന് ആർക്കും മനസിലാകുന്നില്ല. ഇക്കാര്യത്തിൽ സഭാധികാരികളും ദേശീയ, സംസ്ഥാന രാഷ്ട്രീയ നേതൃത്വങ്ങളും വേണ്ടത്ര നടപടികളും സമ്മർദവും ചെലുത്തുന്നില്ലെന്ന ആക്ഷേപവും ശക്തമായുണ്ട്.