Latest News

ബ്രിട്ടീഷുകാരെ ആക്രമിക്കുന്ന ശശി തരൂരിനെ ഇന്ത്യന്‍ പ്രധാനമന്ത്രി ആക്കുമോ? സോണിയ ഗാന്ധിക്ക് ഓണ്‍ലൈന്‍ പെറ്റീഷനുമായി ഒരു വിഭാഗം

2017-03-14 03:40:54am |

പുസ്തകങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും ബ്രിട്ടീഷ് ഭരണകൂടത്തിനെതിരേ ശക്തമായി രംഗത്തു വരുന്ന ശശി തരൂരിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം. ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഓണ്‍ലൈന്‍ പെറ്റീഷന്‍ ക്യാമ്പെയിനായി കത്തിപ്പടരുകയാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ഫലപ്രദമല്ലാത്തതിനാലാണ് ഇത്തരമൊരു ആവശ്യവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് അനുഭാവികള്‍ രംഗത്തു വന്നിരിക്കുന്നത്.

അതിനിടെ ബ്രിട്ടണെതിരേ വീണ്ടും തരൂര്‍ രംഗത്തു വന്നു. ബ്രിട്ടീഷുകാരുടെ കിരാത ഭരണകാലത്ത് 3.5 കോടിയിലധികം ആളുകള്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടതായി ശശി തരൂര്‍ ആരോപിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ മഹത്വം വിളമ്പുന്ന കൊല്‍ക്കത്തയിലെ വിക്ടോറിയ സ്മാരകം, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ യഥാര്‍ഥ മുഖം വെളിവാക്കുന്ന മ്യൂസിയമാക്കി മാറ്റണമെന്നും ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടു. 'അല്‍ ജസീറ'യില്‍ എഴുതിയ കോളത്തിലാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ മഹത്വവല്‍ക്കരിച്ചതിന്റെ തെളിവാണ് കൊല്‍ക്കത്തയിലെ വിക്ടോറിയ സ്മാരകം. ഇന്ത്യയോട് അവര്‍ ചെയ്തതെന്ത് എന്നതിന്റെ തെളിവായി ഈ സ്മാരകത്തെ ഒരു മ്യൂസിയമാക്കി മാറ്റണം. അക്കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായിരുന്ന ഇന്ത്യയെ (1700കളില്‍ ലോകത്തിലെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 27 ശതമാനം) കീഴടക്കി, രണ്ടു നൂറ്റാണ്ടുകളോളം കൊള്ളയും ചൂഷണവും നടത്തി, 1947ല്‍ രാജ്യം വിടുമ്പോഴേക്കും ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാക്കി മാറ്റുകയാണ് ബ്രിട്ടീഷുകാര്‍ ച്യെതതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത 200 വര്‍ഷത്തേക്ക് ബ്രിട്ടന്‍ ഇന്ത്യയ്ക്ക് പ്രതിവര്‍ഷം നഷ്ടപരിഹാരമായി ഒരു പൗണ്ട് തരാന്‍ തീരുമാനിച്ചാലും ഞാന്‍ സന്തോഷവാനാണെന്നും അദ്ദേഹം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് തരൂരിനെ പിന്തുണയ്ക്കുന്നവര്‍ രംഗത്തു വന്നിരിക്കുന്നത്.