Latest News

ബ്രെക്‌സിറ്റിന് പാര്‍ലമെന്റിന്റെ പച്ചക്കൊടി, സ്വാതന്ത്ര്യ വാദവുമായി സ്‌കോട്ടലന്‍ഡ് വീണ്ടും, ഉടന്‍ ഹിതപരിശോധന ആവശ്യപ്പെട്ട് നിക്കോള സ്റ്റര്‍ജന്‍! ബ്രിട്ടണില്‍ വീണ്ടും അശാന്തിയുടെ നാളുകള്‍

2017-03-14 03:41:58am |

ലണ്ടന്‍:  ബ്രെക്‌സിറ്റ് നടപടി ക്രമങ്ങള്‍ തുടങ്ങാന്‍ തെരേസാ മേയ്ക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിനു പിന്നാലെ സ്വതന്ത്ര സ്‌കോട്ടലന്‍ഡ് എന്ന ആവശ്യം ശക്തമാകുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയായാലുടന്‍ സ്‌കോട്ട്‌ലന്‍ഡ് സ്വാതന്ത്ര്യത്തിനായി ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് സ്‌കോട്ട്‌ലന്‍ഡ് കാബിനറ്റിലെ മന്ത്രി നിക്കോള സ്റ്റര്‍ജന്‍ രംഗത്തു വന്നു. ബ്രിട്ടണില്‍ നിന്ന് സ്‌കോട്ട്‌ലന്‍ഡിന് വേര്‍പെടാനുള്ള അവസാന അവസരം എന്നാണ് ഇവര്‍ ഇതേക്കുറിച്ച് പറയുന്നത്.

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഹിതപരിശോധനയ്ക്കുള്ള നടപടികള്‍ ആരംഭിക്കുമെന്ന് നിക്കോള സ്റ്റര്‍ജന്‍ പറഞ്ഞു. ഇംഗ്ലണ്ടില്‍ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കണമെന്ന ആവശ്യം തീവ്രദേശീയ വാദികള്‍ കുറച്ചുകാലമായി ഉന്നയിക്കുന്നുണ്ട്. ബ്രെക്‌സിറ്റ് നടപടികളുമായി പ്രധാനമന്ത്രി തെരേസ മേ മുന്നോട്ടുപോകുമ്പോള്‍ ബ്രിട്ടന്‍ വിടാനുള്ള തീരുമാനവുമായി സ്‌കോട്ടലന്‍ഡ് രംഗത്തുവന്നത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ബ്രെക്‌സിറ്റ് വോട്ടെടുപ്പില്‍ ഇംഗ്ലണ്ടും വെയ്!ല്‍സും പിന്തുണച്ചപ്പോള്‍ സ്‌കോട്ട്‌ലന്‍ഡും വടക്കന്‍ അയര്‍ലന്‍ഡും യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

ഇംഗ്ലണ്ടില്‍ നിന്ന് സ്വാതന്ത്ര്യം നേടിയാല്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരാനാണ് സ്‌കോട്ട്‌ലന്‍ഡിലെ ഇപ്പോഴത്തെ ഭരണപക്ഷത്തിന്റെ തീരുമാനം. 2014 ല്‍ ഇംഗ്ലണ്ട് വിടാനുള്ള തീരുമാനത്തില്‍ ഹിതപരിശോധന നടത്തിയപ്പോള്‍ 55-45 ശതമാനം വോട്ടിന് നീക്കം പരാജയപ്പെട്ടിരുന്നു. അതിനുശേഷമാണ് നിക്കോള സ്റ്റര്‍ജന്റെ നേതൃത്വത്തിലുള്ള സ്‌കോട്ടിഷ് ദേശീയ പാര്‍ട്ടി ഒരു ശക്തികേന്ദ്രമായി ഉദിച്ചത്. എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്നു വേര്‍പെട്ടാല്‍ ഉയര്‍ന്ന നികുതിയുടം കടുത്ത ചെലവു ചുരുക്കലും അടക്കമുള്ള നിയന്ത്രണ നടപടികളാകും വേണ്ടി വരികയെന്ന്് പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.