Latest News

മരവിപ്പിക്കുന്ന തണുപ്പില്‍ മുത്തശ്ശിയെ രക്ഷിക്കാന്‍ വനത്തിലൂടെ മൈലുകള്‍ താണ്ടി കുഞ്ഞു സഗ്‌ലാന! റഷ്യയിലെ നാലു വയസുകാരിയെ ലോകം നമിക്കുന്നു

2017-03-15 03:27:45am |

മോസ്‌കോ: സൈബീരിയയിലെ മരവിപ്പിക്കുന്ന തണുപ്പില്‍  വന്യജീവികളെ അതിജീവിച്ച്, തന്റെ അസുഖം ബാധിച്ച മുത്തശ്ശിക്ക് സഹായമഭ്യര്‍ഥിക്കാന്‍ മൈലുകള്‍ നടന്ന നാലുവയസ്സുകാരി റഷ്യയില്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. റഷ്യയിലെ തുവ റിപ്പബ്ലിക് സ്വദേശിയായ സഗ്‌ലാന സാല്‍ചെക്കാണ് സാഹസത്തിനൊടുവില്‍ താരമായിരിക്കുന്നത്. സഗ്‌ലാന തന്റെ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം മംഗോളിയന്‍ അതിര്‍ത്തിക്കു സമീപം തായഗ വനത്തിനുള്ളിലെ ഒറ്റപ്പെട്ട കൃഷിയിടത്തിലാണ് താമസം.

അടുത്തുള്ള ഗ്രാമത്തിലേക്ക് ഇവിടെനിന്ന് 12 മൈലിലധികവും ഏറ്റവും അടുത്ത അയല്‍ക്കാരന്റെ വീട്ടിലേക്ക് അഞ്ചു മൈലിലധികവും ദൂരമുണ്ട്.  കഴിഞ്ഞ മാസം ഒരു ദിവസം 60കാരിയായ മുത്തശ്ശിക്ക് ചലനമില്ലെന്ന് സഗ്‌ലാന തിരിച്ചറിയുകയായിരുന്നു. അന്ധനായ മുത്തച്ഛനോട് സംസാരിച്ചശേഷം അയല്‍വാസിയുടെ വീട്ടിലേക്ക് സഹായമഭ്യര്‍ഥിച്ച് പോകാന്‍ അവള്‍ തീരുമാനിച്ചു. കൈയില്‍ ഒരു തീപ്പെട്ടിക്കൂട് മാത്രം കരുതിയാണ് സഗ്‌ലാന അതിരാവിലെ വനത്തിനുള്ളിലൂടെ പുറപ്പെട്ടത്.

തുവ പ്രദേശത്ത് ധാരാളമായി ചെന്നായ്ക്കളുള്ളതായും ഇവ കന്നുകാലികളെ കൊന്നുതിന്നുന്നതായി ഉടമസ്ഥര്‍ പരാതിപ്പെടാറുണ്ടെന്നും പ്രാദേശിക രക്ഷാപ്രവര്‍ത്തന സംഘത്തലവന്‍ സെംയോണ്‍ റബ്‌സ്‌തോവ് പറഞ്ഞു. ഭാഗ്യത്തിന് സഗ്‌ലാന മഞ്ഞില്‍ കുടുങ്ങുകയോ ചെന്നായ്ക്കളുടെ മുന്നില്‍പെടുകയോ ചെയ്തില്ല. നെഞ്ചോളമെത്തുന്ന മഞ്ഞിലൂടെ മണിക്കൂറുകള്‍ നടന്നാണ് അവള്‍ അഞ്ചു മൈല്‍ പിന്നിട്ടത്. എന്നാല്‍, ഇതിനിടയില്‍ അയല്‍വാസിയുടെ വീട് സഗ്‌ലാനയുടെ ശ്രദ്ധയില്‍പെട്ടില്ല. പക്ഷേ, വീണ്ടും അവളെ ഭാഗ്യം തുണച്ചു.

അയല്‍ക്കാരില്‍ ഒരാള്‍ സഗ്‌ലാനയെ കാണുകയും വിവരമന്വേഷിച്ചശേഷം ഗ്രാമത്തിലെ വൈദ്യനെയും അവളെയുംകൊണ്ട് തിരിച്ച് മുത്തശ്ശിയുടെ അടുത്തെത്തുകയുമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് സഗ്‌ലാനയുടെ മുത്തശ്ശി മരിച്ചതായാണ് അവര്‍ കണ്ടെത്തിയത്. കൊടുംതണുപ്പും വിശപ്പും അനുഭവപ്പെട്ടെങ്കിലും വനത്തിലൂടെ നടക്കാന്‍ തനിക്ക് ഒട്ടും ഭയം തോന്നിയില്ലെന്ന് സഗ്‌ലാന പ്രാദേശിക പത്രത്തോട് പറഞ്ഞു. സഗ്‌ലാനയിപ്പോള്‍ സാമൂഹിക കേന്ദ്രത്തിലാണ് താമസിക്കുന്നത്.

പ്രാദേശിക മാധ്യമങ്ങള്‍ സഗ്‌ലാനയെ ഒരു താരമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ടൈഗയിലെ ജനങ്ങളെ ദുരിതങ്ങളുടെ കഥകള്‍ പറഞ്ഞ് ആകര്‍ഷിക്കാന്‍ കഴിയില്ലെന്നും അവര്‍ക്കത് സാധാരണമാണെന്നും എന്നാല്‍ സഗ്‌ലാനയുടെ ധൈര്യം ഏവരുടെയും ഹൃദയം കവര്‍ന്നതായും മാധ്യമങ്ങള്‍ പറഞ്ഞു.   എന്നാല്‍, സഗ്‌ലാനയുടെ കഥ പ്രശസ്തമായതോടെ അവളുടെ അമ്മ എലെനോറക്കെതിരെ തുവ അന്വേഷണ കമ്മിറ്റി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. എലെനോറയും സഗ്‌ലാനയുടെ രണ്ടാനച്ഛനും മറ്റൊരു സ്ഥലത്താണ് താമസം.

കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പ്രായമായ മാതാപിതാക്കള്‍ക്ക് കഴിയില്ല എന്നുറപ്പുണ്ടായിട്ടും സഗ്‌ലാനയെ അവരോടൊപ്പം എലെനോറ നിര്‍ത്തുകയായിരുന്നു എന്ന് കമ്മിറ്റി ആരോപിച്ചു. കേസില്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ എലനോറക്ക് ഒരു വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. എന്നാല്‍, അവര്‍ക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങളില്ലാത്തത് അധികൃതരുടെ അനാസ്ഥകൊണ്ടാണെന്നും കുട്ടിയുടെ അമ്മയെ പഴിക്കേണ്ടതില്ലെന്നും സമൂഹപ്രവര്‍ത്തക സയാന മോന്‍ഗുഷ് ആരോപിച്ചു.