Latest News

തായ്‌ലന്‍ഡും ബാങ്കോക്കും സിംഗപ്പൂരും ഏറ്റവും പ്രിയം, യൂറോപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് ഒന്നാം സ്ഥാനം! സായിപ്പന്‍മാര്‍ മാത്രമല്ല, ഇപ്പോള്‍ ഇന്ത്യക്കാരും ഹോളിഡേ ആഘോഷിച്ചു തുടങ്ങി

2017-08-07 03:16:23am |

മലയാളികൾ കൂട്ടമായി പറക്കുന്നു വിദേശ വിനോദയാത്രകൾക്കായി. കുടുംബമായും ഗ്രൂപ്പുകളായുമുള്ള ഫോറിൻ ടൂർ ഓണക്കാലത്ത് പാരമ്യത്തിലെത്തും.‍ വർഷം 1000 കോടി രൂപയുടെ ബിസിനസിലെത്തിയിരിക്കുകയാണ് കേരളത്തിൽ നിന്നുള്ള ഔട്ട്ബൗണ്ട് ടൂറിസം. രണ്ടായിരത്തിലേറെ പേർക്ക് തൊഴിലും.

ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയാണ് കേരളത്തിലെ വിദേശ വിനോദയാത്രാ സീസൺ. സ്കൂൾ വേനലവധിയും ഓണവും പൂജാ അവധിയും മറ്റും  ഇതേ കാലത്താണ്. വിദേശരാജ്യങ്ങളിൽ  കൊടുംതണുപ്പില്ലാത്ത കാലവും. ഇക്കുറി ഓണക്കാലത്തേക്കുള്ള ബുക്കിങ്ങുകൾ തകൃതിയായി നടക്കുന്നു. സീസണിൽ കേരളത്തിൽ നിന്നു വിദേശത്തേക്കുള്ള വിമാനങ്ങൾ നിറഞ്ഞു പോകുന്നത് ഇത്തരം ഗ്രൂപ്പ് യാത്രികരെയും വഹിച്ചാണ്. കേരളത്തിലാകെ നിന്ന് ഓണക്കാലത്തു  മാത്രം 100 കോടിയുടെ ബിസിനസ് ഉണ്ടാവുമെന്നാണ് അനൗദ്യോഗിക കണക്ക്. വിദേശരാജ്യങ്ങളിലേക്കു നേരിട്ടുള്ള വിമാന സർവീസുകളും വീസ ഓൺ അറൈവൽ സംവിധാനവും യാത്രാ ബിസിനസിലെ വളർച്ചയ്ക്കു കാരണമായി.

പാശ്ചാത്യരുടെ ജീവിതശൈലിയുടെ ഭാഗമാണ് ‘ഹോളിഡേ’ എന്നതുപോലെ, ഉല്ലാസത്തിനായുള്ളു വിദേശയാത്രകൾ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. എന്നാൽ തീർഥയാത്രയായി ഹോളി ലാൻഡിലേക്കും (ഇസ്രയേൽ) മക്കയിലേക്കുമുള്ള യാത്രകൾ ഔട്ട്ബൗണ്ട് ടൂറിസത്തിന്റെ വലിയൊരു ഭാഗമാണ്. ഹജിന് ഔദ്യോഗികമായി പോകുന്നതിനു പുറമേ സ്വകാര്യ ഏജൻസികൾ വഴി 5000 പേർ എങ്കിലും പോകുന്നു. ഒരാൾക്ക് മൂന്നു ലക്ഷം രൂപ ചെലവാണ്. അങ്ങനെ 150 കോടിയുടെ ബിസിനസ്. ഉംറയും ഇത്ര തന്നെയുണ്ട്. ഹോളിലാൻഡിലേക്ക് ഒരാൾക്കു ശരാശരി 90000 രൂപ. വർഷം 3000 പേർ പോകുന്നതു വഴി 30 കോടിയുടെ ബിസിനസ്. 

ഇതിനു പുറമേ സിമന്റ്, ഗൃഹോപകരണ, ഇലക്ട്രോണിക് ഉത്പന്ന, ടൈൽ കമ്പനികളെല്ലാം വ്യാപാരികളെ ഇൻസെന്റീവിന്റെ ഭാഗമായി ഗ്രൂപ്പുകളായി കൊണ്ടു പോകുന്നുണ്ട്. ഇതെല്ലാം ചേരുന്നതാണ് കേരളത്തിന്റെ ഔട്ട്ബൗണ്ട് ടൂറിസമെന്ന് ട്രാവൽ ഏജന്റ്സ്  അസോസിയേഷൻ ഓഫ് ഇന്ത്യ (ട്രായ്) കേരള ചാപ്റ്റർ പ്രസിഡന്റ് റോസ് മസൂദ് പറയുന്നു.

കേരളത്തിൽ ടൂർ ഓപ്പറേറ്റർമാരുടെ എണ്ണവും പെരുകിയിട്ടുണ്ട്. കമ്പനിയായി റജിസ്റ്റർ ചെയ്ത സംഘടിത മേഖലയിലെ ടൂർ ഓപ്പറേറ്റർമാരും ഒറ്റയ്ക്ക് പ്രവർത്തിക്കുന്ന ടൂർ ഓപ്പറേറ്റർമാരും ചേർന്നാൽ മുന്നൂറിലേറെ വരും. സംഘടിത മേഖലയിൽ പ്രവർത്തിച്ചു നേടിയ പരിചയവും ഒരു ലാപ്ടോപ്പും സ്മാർട്ഫോണും മാത്രമാണു ഒറ്റയാൻ ടൂർ ഓപ്പറേറ്റർമാരുടെ കൈമുതൽ. 

വർഷങ്ങളുടെ പരിചയമുള്ള ട്രാവൽ ഏജൻസികളുടെ പോലും ആകെ ബിസിനസിന്റെ 15%–20% ഇപ്പോൾ ഔട്ട്ബൗണ്ട് ടൂറിസമാണ്. വർഷം തോറും 15% വരെ വളർച്ചാ നിരക്കും അനുഭവപ്പെടുന്നു. ബാർ നിരോധനവും മറ്റു നിയന്ത്രണങ്ങളും നിലനിന്ന കാലത്ത് കേരളത്തിലേക്കുള്ള  ഇൻബൗണ്ട് സഞ്ചാരികളുടെ എണ്ണത്തിൽ ഇടിവു വന്നതും ഔട്ട്ബൗണ്ട് ടൂറിസത്തിന്റെ വളർച്ചയ്ക്കു കാരണമായിട്ടുണ്ട്. അതിൽ മാത്രം ശ്രദ്ധ പതിപ്പിക്കുന്ന ടൂർ ഓപ്പറേറ്റർമാരും അനേകമായി. 

യാത്രകൾ ഭൂരിപക്ഷവും കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കാണ്. തായ്‌ലൻഡ്, ഇന്തോനേഷ്യ, സിംഗപ്പൂർ, മലേഷ്യ,വിയറ്റ്നാം...അതിൽ തന്നെ   സിംഗപ്പൂരും മലേഷ്യയുമാണു മുന്നിൽ. ഗൾഫ് രാജ്യങ്ങളിൽ യുഎഇയിലേക്കാണു സംഘം ചേർന്നുള്ള യാത്രകൾ. യൂറോപ്പിൽ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളും സ്വിറ്റ്സർലൻഡും ഫ്രാൻസും ജർമനിയും ഹോളണ്ടും മറ്റും മുന്നിട്ടു നിൽക്കുന്നു. ഡിസംബർ–ജനുവരി കാലയളവിലാണ് ഓസ്ട്രേലിയ–ന്യൂസീലൻഡ് യാത്രകൾ. യൂറോപ്യൻ യാത്രയ്ക്കു ശരാശരി ആളോഹരി ഒന്നരലക്ഷം രൂപ ചെലവു വരുമെന്നതിനാൽ ഇതിൽ ടൂർ ഓപ്പറേറ്റർമാർക്കു വരുമാനം കൂടുതലാണ്. ടൂറിസത്തിൽ കേരളവുമായി മൽസരിക്കുന്ന ശ്രീലങ്കയിലേക്ക് മലയാളികൾ കൂട്ടമായി യാത്ര ചെയ്യുന്നുവെന്നതാണു വേറൊരു കൗതുകം.

മധ്യകേരളത്തിൽ നിന്നു മാത്രം 300 കോടിയിലേറെ ബിസിനസ് നടക്കുന്നുണ്ട്. കൊച്ചി വഴിയാണ് യാത്രകളിൽ ഭൂരിപക്ഷവും.  കേരളത്തിലെ എല്ലാ ഭാഗങ്ങളും പരിഗണിക്കുമ്പോൾ വർഷം ആയിരം കോടിയിലേറെ. കേരളത്തിൽ വരുന്ന സഞ്ചാരികൾക്ക് ടൂർ ഓപ്പറേറ്റർമാർക്കുള്ള 5% ജിഎസ്ടിയും ഹോട്ടൽ മുറി വാടകയുടെ മേൽ 18% മുതൽ 28% വരെയുള്ള നികുതികളും നൽകണമെങ്കിൽ വിദേശത്ത് 5% മുതൽ 10% വരെ മാത്രമാണു നികുതി.

പ്രായം മറന്ന് പറക്കുന്നു കൂട്ടുകാരികൾ

കൊച്ചി∙ പൂർവവിദ്യാർഥിനികൾ, അധ്യാപികമാർ, ഉദ്യോഗസ്ഥകൾ, ക്ലബ്ബുകളിലും റസിഡൻസ് അസോസിയേഷനിലും മറ്റുമുള്ള കൂട്ടുകാരികൾ...ഫോറിൻ ടൂർ പോകുന്ന വനിതകൾ ഇങ്ങനെയൊക്കെ പലതരക്കാരാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനകമാണ് കേരളത്തിൽ ഇങ്ങനെയൊരു ബിസിനസ് തുടങ്ങിയതു തന്നെ. 

യാത്ര സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കോ ദുബായിലേക്കോ യൂറോപ്പിലേക്കോ ജപ്പാനിലേക്കോ വരെ ആകാം. പ്രായം നാൽപ്പത് കഴിഞ്ഞവരാണു ഭൂരിപക്ഷവും. കൊച്ചുകുട്ടികളുടെ ഉത്തരവാദിത്തങ്ങൾ അവസാനിച്ചിരിക്കണം, കയ്യിലുള്ള കാശ് പൊട്ടിക്കാനുള്ള മനോഭാവം വേണം, കൂട്ടുകാരികൾ വേണം...അത്രയൊക്കെയേ ഉള്ളൂ.

പണം ചെലവഴിക്കുന്നതിൽ വന്ന മനോഭാവമാറ്റമാണു പ്രധാന കാരണമെന്ന് കേരള ട്രാവൽസ് ഡയറക്ടർ ജയ ചന്ദ്രഹാസൻ പറയുന്നു. പണ്ടൊക്കെ സമ്പാദ്യം കൊണ്ടു പത്തുപവന്റെ സ്വർണമാല വാങ്ങാനോ പത്തു സാരി വാങ്ങാനോ ശ്രമിച്ചിരുന്നവർ തന്നെയാണ് കൂട്ടുകാരികളുമായി അടിച്ചുപൊളിക്കാൻ പോകുന്നത്. ഭർ‍ത്താക്കൻമാർ ഫുൾ സപ്പോർട്ടാണ്. സമ്പാദിച്ചു കൂട്ടി മക്കൾക്കു കൊടുക്കുക എന്ന രീതി മാറി. മക്കൾ ഇങ്ങോട്ടു കാശുകൊടുക്കുമെന്നായി. അമ്മ കൂട്ടുകാരികളുമായി ടൂറടിക്കാൻ പോകുമ്പോൾ വിദേശ കറൻസി കൊടുത്തുവിടുന്ന മക്കളേറെയുണ്ട്.

മിക്ക യാത്രകളും ഒരാഴ്ചയിലേറെ നീളാത്തതാണ്. ടൂർ ഓപ്പറേറ്റർ കമ്പനിയിൽ നിന്ന് ഒരു പ്രതിനിധി കൂടി (കഴിയുന്നതും വനിത) ഇവരെ അനുഗമിക്കണമെന്ന ആവശ്യമുണ്ട്. വിദേശത്തു ചെന്ന് വാഹനവും താമസ സൗകര്യവും ഉദ്ദേശിച്ച പോലെ നടക്കാതെ കുഴയരുതല്ലോ. അഫിനിറ്റി ഗ്രൂപ്പ് എന്നു വിളിക്കുന്ന പരസ്പരം സൗഹൃദമുള്ളവരുടെ കൂട്ടായ്മകളാണിതെങ്കിലും ചിലപ്പോൾ പരസ്പരം അറിയാത്ത വനിതകൾ പോലും ടൂർ ഓപ്പറേറ്ററുടെ പാക്കേജ് പരിപാടിയിൽ ചേർന്നു വിദേശത്തു പോകുന്നുണ്ട്. എൺപതു വയസുള്ളവർ പോലും സീനിയർ കൂട്ടുകാരികളുമൊത്തു ഹാപ്പിയായി പോകുന്നു. കാലത്തിനു വന്ന മാറ്റം തന്നെ!