Latest News

ഒരു സംഘടനയേയും മനപൂര്‍വം താഴ്ത്തിക്കെട്ടാന്‍ കുറ്റം പറഞ്ഞിട്ടില്ല, കുറിച്ചിട്ടത് നേരിട്ട ദുരനുഭവങ്ങള്‍! രാഷ്ട്രീയ മുതലെടുപ്പു വേണ്ടെന്ന് ലണ്ടനില്‍നിന്ന് ബിനേഷ്;

2017-08-08 02:54:10am |

തന്റെ പേരില്‍ വിവാദങ്ങള്‍ക്കും രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നേടി ലണ്ടനില്‍ ഉപരിപഠനത്തിനെത്തിയ കാസര്‍കോട്ടുനിന്നുള്ള ആദിവാസി യുവാവായ ബിനേഷ് ബാലന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഉപരിപഠന മോഹവുമായി നടക്കുന്ന കാലത്ത് എസ്എഫ്‌ഐക്കാരില്‍നിന്നും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരില്‍ നിന്നും നേരിടേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ചു ബിനേഷ് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി രംഗത്തെത്തിയത്. 

ഒരു സംഘടനയേയും മനപൂര്‍വം താഴ്ത്തിക്കെട്ടാന്‍ കുറ്റം പറഞ്ഞിട്ടില്ലെന്നും വ്യക്തിപരമായി തനിക്കു നേരിട്ട പ്രയാസങ്ങളും അനുഭവങ്ങളും മാത്രമാണു കുറിച്ചതെന്നും ബിനേഷ് വ്യക്തമാക്കുന്നു. കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് കേന്ദ്രസ്‌കോളര്‍ഷിപ്പോടെ ലണ്ടനില്‍ ഉപരിപഠനത്തിനെത്തിയ ബിനേഷ് എസ്എഫ്‌ഐ നേതാക്കളെയും  സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വിമര്‍ശിച്ചത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. 

binesh-london2

ആദിവാസിയാണെന്നു മനസ്സിലാക്കി തന്നെയാണ് കാര്യവട്ടം ക്യാംപസിലെ ഹോസ്റ്റല്‍ കാലത്ത് അവിടത്തെ എസ്എഫ്‌ഐക്കാര്‍ തന്നെ മര്‍ദിച്ചതെന്നാണു ബിനേഷ് തുറന്നെഴുതിയിരുന്നു. രോഹിത് വെമുലയ്ക്കു വേണ്ടി ശബ്ദിക്കുന്നവര്‍ തന്റെ സ്വപ്നമായ ഉപരിപഠനയാത്ര മുടക്കുമെന്നു വരെ ഭീഷണിപ്പെടുത്തി. ദലിത് ഭീകരനാക്കിയും മുസ്ലിം തീവ്രവാദ സംഘടനകളോടു ബന്ധമുള്ളവനാക്കിയും ചിത്രീകരിക്കാന്‍ ശ്രമിച്ചു. വിദേശപഠനത്തിനുള്ള വീസ തിരസ്‌കരിക്കപ്പെട്ടതിന്റെ വിഷമത്തില്‍ കഴിയവേ, കഴിഞ്ഞ മാര്‍ച്ച് 17നു ഹോസ്റ്റല്‍ മുറിയിലിട്ട് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചുവെന്നാണു പ്രധാന ആരോപണം.  

പ്രത്യേക മാനസികാവസ്ഥയിലായിരിക്കെ, ലൈബ്രറിയിലേക്കു പോകാന്‍ കഴിയുന്നില്ലെന്ന ഫെയ്‌സ്ബുക് പോസ്റ്റിനു പിന്നാലെയാണ് മര്‍ദനമേറ്റതും ആശുപത്രിയിലായതും. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ലൈബ്രറിക്കു മുന്‍പില്‍ നാടന്‍പാട്ട് പരിപാടി നടക്കുന്ന സമയമായിരുന്നു ഇത്. ഇതാവാം അവരെ പ്രകോപിപ്പിച്ചത്. പലരും സാക്ഷികളായ സംഭവത്തെ തനിക്കെതിരാക്കി വ്യാഖ്യാനിക്കാനും ഇവര്‍ ശ്രമിച്ചതായി ബിനേഷ് പറയുന്നു. അവിടെ വിദ്യാര്‍ഥിപോലും അല്ലാതിരുന്ന നേതാവിനെ നാലു മാസത്തോളം പാര്‍പ്പിച്ച ഏകാധിപത്യ മനോഭാവമായിരുന്നു എസ്എഫ്‌ഐക്ക്. തെറ്റുകള്‍ തിരുത്താന്‍ നേതൃത്വം തയാറാകുമെന്നു വിശ്വസിക്കുന്നതായും ബിനേഷ് ചൂണ്ടിക്കാട്ടിയിരുന്നു. 

binesh-london1

ആദിവാസിയായതിനാല്‍ സെക്രട്ടേറിയറ്റില്‍ കടുത്ത അവഗണന നേരിടേണ്ടി വന്നതായും ബിനേഷ് വ്യക്തമാക്കുന്നു. ഫയലിനെക്കുറിച്ച് അന്വേഷിക്കുന്നതു പോലും ആദിവാസിയുടെ അഹന്തയായാണ് അവര്‍ കണ്ടത്. സ്‌കോളര്‍ഷിപ് ലഭിച്ചതിനു പിന്നാലെ ആദ്യചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ലഭിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ, സെക്രട്ടേറിയറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ തന്നോട് അല്‍പം പോലും ദയ കാണിച്ചില്ലെന്നും മറിച്ചായിരുന്നെങ്കില്‍ ഇതിനു മുന്‍പു ലണ്ടനില്‍ എത്തുമായിരുന്നുവെന്നും ബിനേഷ് പറയുന്നു.