Latest News

പ്രവാസി ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തടവില്‍ കിടക്കുന്നത് ഗള്‍ഫില്‍, സ്ത്രീകള്‍ കൂടുതല്‍ ബ്രിട്ടണിലെ ജയിലുകളില്‍! ഇതാണ് ആ കണക്കുകള്‍ പറയുന്നത്‌

2017-08-12 03:25:56am |

വിവിധ വിദേശ രാജ്യങ്ങളിലായി  7,620 ഇന്ത്യക്കാർ ജയിലിൽ കഴിയുന്നതായി കേന്ദ്ര സര്‍ക്കാര്‍. 86 ജയിലുകളിലായി തടവില്‍ കഴിയുന്ന ഇവരില്‍ 50 ഓളം വനിതകളുമുണ്ട്. 56 ശതമാനം പേരും ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളിലാണ്. ഇവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ സൗദി അറേബ്യയിലെ തടവറകളിലാണ്.  2,084 പേരാണ് സൗദി ജയിലുകളിലുള്ളത്.

സാമ്പത്തിക തട്ടിപ്പ്, പിടിച്ചുപറി, കോഴ എന്നീ കുറ്റങ്ങള്‍ക്കാണ് വലിയൊരു ശതമാനം പേരും തടവിലായത്. മദ്യപിച്ചതിനും മദ്യം വില്‍പ്പന നടത്തിയതിനും ജയില്‍ ശിക്ഷ അനുഭവിക്കുന്നവരും ഇവരിലുണ്ട്. സ്ത്രീകളില്‍ അധികപേരും ശ്രീലങ്ക, നേപ്പാള്‍, ചൈന, ഗള്‍ഫ് രാജ്യങ്ങള്‍, യു എസ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ ജയിലുകളിലാണ്. വിദേശകാര്യ സഹമന്ത്രി എം. ജെ. അക്ബര്‍ ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഈ കണക്കുകള്‍ വിശദീകരിച്ചത്.  

തായ്‌ലന്‍ഡ്, മലേഷ്യ, സിംഗപൂര്‍, ഇന്തോനീഷ്യ എന്നിവിടങ്ങളില്‍ തടവിലുള്ള 500-ഓളം ഇന്ത്യക്കാരില്‍ അധികവും  മനുഷ്യക്കടത്ത്, കുടിയേറ്റ വീസാ ചട്ട ലംഘനങ്ങള്‍ തുടങ്ങിയ  കുറ്റം  ചെയ്തവരാണ്. 546 ഇന്ത്യക്കാര്‍ പാക്കിസ്ഥാൻ ജയിലുകളിലുണ്ട്. ഇവരില്‍  അധികം പേരും സമുദ്രാതിര്‍ത്തി ലംഘിച്ച കുറ്റത്തിന് പിടികൂടപ്പെട്ട മത്സ്യത്തൊഴിലാളികളാണ്. ദക്ഷിണേന്ത്യന്‍ തീരങ്ങളില്‍ നിന്നുള്ള മത്സ്യ ബന്ധന തൊഴിലാളികളും സമുദ്രാതിര്‍ത്തി ലംഘിച്ച കുറ്റത്തിന് ശ്രീലങ്കയടക്കം പല രാജ്യങ്ങളിലും ജയിലിലായിട്ടുണ്ട്. 

തമിഴ്‌നാട്ടില്‍ നിന്നുള്ള തടവുകാര്‍ ബംഗ്ലാദേശ്, ഭൂട്ടാന്‍, ബ്രൂണെ എന്നീ രാജ്യങ്ങളില്‍ തടവിലുണ്ട്. ഇന്ത്യയില്‍ നിന്ന് വലിയ തോതില്‍ കുടിയേറ്റം നടക്കുന്ന ഓസ്‌ട്രേലിയയിലും കാനഡയിലുമായി 115 ഇന്ത്യക്കാരാണ് ജയിലിലുള്ളത്.കൊലപതാകം, ലൈംഗിക പീഡനം, കള്ളപ്പണം വെളുപ്പിക്കല്‍, റോഡപകടങ്ങള്‍ തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ടാണ് ഇവരിലേറെ പേരും പിടിയിലായിട്ടുള്ളത്. തടവുകാരെ കൈമാറല്‍ നിയമം നടപ്പിലായ ശേഷം 170 അപേക്ഷകളാണ് ഇതുവരെ ലഭിച്ചതെന്നും ഇരില്‍ 61 ഇന്ത്യക്കാരെ വിദേശ ജയിലുകളില്‍ നിന്ന് ഇന്ത്യയിലെത്തിച്ചുവെന്നും മന്ത്രി അറിയിച്ചു. 30 രാജ്യങ്ങളുമായി ഇന്ത്യ തടവുകാരെ കൈമാറല്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്.