Latest News

ഇന്ത്യ കാണാനെത്തിയ ഐറിഷ് വനിതയെ കാത്തിരുന്നത് കൊടുംക്രൂരത! മാനഭംഗപ്പെടുത്തിയ ശേഷം കൊന്നു, ബിയര്‍ കുപ്പി കൊണ്ട് മുഖം വികൃതമാക്കി; പ്രതി സ്ഥിരം കുറ്റവാളി

2017-03-17 02:29:26am |

ഗോവയിലെ ബീച്ചില്‍ വിദേശിയെ കൊന്നത് ക്രൂരമായ രീതിയില്‍. അവധിക്കാലം ചെലവഴിക്കാനായി എത്തിയ അയര്‍ലന്‍ഡ് സ്വദേശിയായ യുവതിയെയാണ് ഗോവയിലെ ബീച്ചില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അയര്‍ലന്‍ഡിലെ ഡൊനെഗല്‍ കൗണ്ടിയില്‍പ്പെട്ട ബന്‍ക്രാന സ്വദേശിനി ഡാനിയെല്ലെ മക്ലാഗ്ലിന്‍(28) ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് സ്ഥലത്തെ അറിയപ്പെടുന്ന ഗുണ്ടയായ വികാസ് ഭഗതിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു പീഡനത്തിനു ശേഷമാണ് യുവതിയെ കൊന്നതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ചൊവ്വാഴ്ച രാവിലെ സൗത്ത് ഗോവയിലെ ദിയോബാഗ് ബീച്ചിനടുത്ത കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച് മുഖത്തും ശിരസിലും മുറിവുകളേറ്റ് വസ്ത്രമില്ലാത്ത നിലയിലായിരുന്നു മൃതദേഹം.

ബിയര്‍ കുപ്പി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ശേഷം ഇതേ കുപ്പി കൊണ്ട് മുഖവും വികൃതമാക്കി. തിരിച്ചറിയാതിരിക്കാന്‍ യുവതിയുടെ വസ്ത്രങ്ങള്‍ മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ യുവതി ഏറ്റവുമൊടുവില്‍ ഇയാളുമായി സംസാരിച്ചുനില്‍ക്കുന്നത് കണ്ടതായുള്ള ദൃക്‌സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് ഭഗവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് കൂടുതല്‍ ചോദ്യംചെയ്തുവരികയാണ്. സംഭവവുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.

എങ്കിലും അന്വേഷണം കൂടുതല്‍ നടക്കുന്നതായി പോലീസ് വ്യക്തമാക്കി. ഭഗത് ഇവിടുത്തെ സ്ഥിരം കുറ്റവാളിയാണെന്ന് നാട്ടുകാര്‍ പറയുന്നു.തിങ്കളാഴ്ച രാത്രിയില്‍ സംഭവസ്ഥലത്തുനിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള കാനകോനയിലെ പാലോലെം ബീച്ചില്‍ തദ്ദേശവാസികള്‍ക്കൊപ്പം യുവതി ഹോളി ആഘോഷിക്കുന്നത് കണ്ടവരുണ്ട്.

ഞായറാഴ്ച ഗോവയിലെത്തിയ യുവതി നോര്‍ത്ത് ഗോവയിലെ ആരാംബോലിലുള്ള ഹോട്ടലില്‍ താമസിച്ചുവരികയായിരുന്നു. ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുള്ള യുവതി ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇന്ത്യയിലെത്തിയതെന്നും അതിനാല്‍ ബ്രിട്ടീഷ് കോണ്‍സുലേറ്റാണ് കാര്യങ്ങള്‍ അന്വേഷിക്കേണ്ടതെന്നും അയര്‍ലന്‍ഡ് വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു.

ഗോവന്‍ ബീച്ചുകളില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് ഇതിനോടകം കൊല്ലപ്പെട്ടിട്ടുള്ളത്. പല കൊലപാതകങ്ങളും ലഹരിമാഫിയയുമായി ബന്ധപ്പെട്ടുള്ളതാണ്. 2008ല്‍ ബ്രിട്ടനില്‍നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനി സ്‌കാര്‍ലറ്റ് കീലിംഗ് എന്ന 15കാരി കൊല്ലപ്പെട്ട സംഭവം രാജ്യാന്തരതലത്തില്‍ത്തന്നെ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തദ്ദേശവാസികളായ രണ്ടു യുവാക്കളെ അടുത്തിടെ കോടതി വെറുതെവിട്ടിരുന്നു.