Latest News

കുളിമുറിയില്‍ ഫോണ്‍ കൊണ്ടു പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ലണ്ടനില്‍ യുവാവിന് സംഭവിച്ചത് ഇതാണ്‌

2017-03-18 03:40:13am |

കുളിമുറിയിലേക്കും ഫോണ്‍ കൊണ്ടു പോകുന്നവരുടെ ശ്രദ്ധയ്ക്ക്. കുളിമുറിയില്‍ ഐ ഫോണ്‍ ചാര്‍ജ് ചെയ്തു കൊണ്ട് ഉപയോഗിച്ച യുവാവിന് ദാരുണാന്ത്യം. ലണ്ടനിലെ എയ്‌ലിംഗ് സ്വദേശിയായ റിച്ചാര്‍ഡ് ബുള്‍ എന്ന യുവാവിനാണ് ബാത്ത്‌റൂമിലെ ഫോണ്‍ ഉപയോഗം ദുരന്തമായി കലാശിച്ചത്.

ബാത്ത്‌റൂമില്‍ ഐ ഫോണ്‍ ചാര്‍ജ് ചെയ്ത് കൊണ്ട് ഉപയോഗിച്ചതിനെ തുടര്‍ന്ന് ബുള്‍ ഷോക്കേറ്റ് മരിക്കുകയായിരുന്നു. എക്‌സ്റ്റന്‍ഷന്‍ കോഡ് ഉപയോഗിച്ചാണ് ബുള്‍ തന്റെ ഫോണ്‍ ചാര്‍ജ് ചെയ്തു കൊണ്ടിരുന്നത്. ഇതിനിടെ വൈദ്യുതി പ്രവഹിക്കുകയായിരുന്നു. ഷോക്കേറ്റ് കിടന്ന ബുള്ളിനെ ഭാര്യ ടാനിയയാണ് കണ്ടെത്തിയത്.

പുറത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ബുള്ളിന് ഷോക്കേറ്റത്. കുളിമുറിയില്‍ പോലും ഫോണ്‍ മാറ്റി വയ്ക്കാത്ത യുവാക്കള്‍ക്കുള്ള മുന്നറിയിപ്പാണ് തന്റെ മകന്റെ മരണമെന്ന് ബുള്ളിന്റെ മാതാവ് കരോള്‍ പറഞ്ഞു. കുളിമുറിയിലെ ഫോണ്‍ ഉപയോഗം എത്രമാത്രം അപകടം പിടിച്ചതാണെന്ന് കൗമാരക്കാര്‍ തിരിച്ചറിയുന്നില്ലെന്നും കരോള്‍ പറഞ്ഞു.