Latest News

ബ്രിട്ടണില്‍ സമരകാഹളം! വേതന പരിഷ്‌ക്കരണം ആവശ്യപ്പെട്ടുകൊണ്ട് ആർ. സി. എൻ. പ്രവർത്തകർ നാളെ പാർലമെന്റ് സ്ക്വയറിലേക്ക്

2017-09-06 02:53:08am | എബ്രഹാം പൊന്നുംപുരയിടം
യു.കെ.യിലെ പൊതുമേഖലാ രംഗത്തെ വേതന അസമത്വത്തിനെതിരെ നേഴ്‌സിംഗ് മേഖലയിലെ പ്രബല തൊഴിലാളി യൂണിയനായ ആർ.സി.എൻ. സമരരംഗത്തിറങ്ങുന്നു. നാളെ, സെപ്റ്റംബർ ആറ് ബുധനാഴ്ച പതിനായിരക്കണക്കിന് ആർ.സി.എൻ. പ്രവർത്തകർ ബ്രിട്ടീഷ് പാർലമെന്റ് സ്‌ക്വയറിൽ സമരകാഹളം മുഴക്കി അണിചേരും. 
 
2010 ലെ കാമറോൺ സർക്കാർ അടിച്ചേൽപ്പിച്ച ശമ്പള വർദ്ധനവിലെ അശാസ്ത്രീയമായ "ക്യാപ്പിംഗ്‌" രീതി പൊതുമേഖലയിലെ തൊഴിലാളികളെയാകെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. വർദ്ധിച്ചുവരുന്ന വിലസൂചികയുമായി തട്ടിച്ചുനോക്കുമ്പോൾ പതിനാല് ശതമാനത്തോളം ഏറ്റക്കുറച്ചിലാണ് ഇപ്പോൾ ഈ മേഖലയിലെ തൊഴിലാളികൾ അഭിമുഖീകരിക്കുന്നത്. ഈ നില തുടർന്നാൽ പൊതുമേഖലയിലെ തൊഴിലാളികളുടെ ജീവിതനിലവാരം പിന്നോക്കം പോകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്.
 
നാളെ ഉച്ചക്ക് 12:30 നും 2:30 നും ഇടയിൽ പാർലമെന്റ് സ്‌ക്വയറിൽ നടക്കുന്ന പ്രതിഷേധ മാർച്ചിലും പൊതുസമ്മേളനത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായിപതിനായിരക്കണക്കിന് ആരോഗ്യമേഖലയിലെ  തൊഴിലാളികൾ ഒത്തുചേരുന്നു. സമര പരിപാടികളുടെ തുടർച്ചയായി ഒക്റ്റോബർ 12 വ്യാഴാഴ്ച പൊതുമേഖലാ തൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രതിഷേധ സമരവും ഉണ്ടായിരിക്കുന്നതാണ്. നേഴ്‌സിംഗ് മേഖലയിലും ഇതര പൊതുമേഖലാ രംഗങ്ങളിലും പ്രവർത്തിക്കുന്ന മലയാളികളായ ജീവനക്കാരുടെ സജീവ സഹകരണം സമരപരിപാടികളിൽ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.