Latest News

കാറപകടത്തിൽ യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു, മലയാളി യുവതിക്ക് ഓസ്ട്രേലിയയിൽ രണ്ടര വർഷം തടവ്, നാടുകടത്തൽ ഭീഷണിയും

2017-09-07 02:32:50am |

മലയാളി യുവതി ഓടിച്ചിരുന്ന കാർ ഗർഭിണിയായ യുവതി ഓടിച്ചിരുന്ന മറ്റൊരു കാറിൽ ഇടിച്ചതിനെ തുടർന്ന് ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തില്‍ മലയാളി യുവതിക്ക് രണ്ടര വർഷം തടവ്. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ താമസിക്കുന്ന മലയാളി യുവതി ഡിംപിള്‍ ഗ്രേസ് തോമസിനാണ് അശ്രദ്ധമായി വണ്ടി ഓടിച്ചു അപകടമുണ്ടാക്കി ഗർഭസ്ഥ ശിശുവിന്റെ മരണത്തിന് കാരണക്കാരിയായെന്ന പേരിൽ കോടതി തടവു ശിക്ഷ വിധിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റെസിഡന്റായ ഡിംപിളിനെ ശിക്ഷാ കാലാവധിക്കു ശേഷം ഓസ്‌ട്രേലിയയില്‍ നിന്ന് നാടുകടത്താനും സാധ്യതയുണ്ടെന്ന് ഓസ്ട്രേലിയൻ റേഡിയോ എസ്ബിഎസ് റിപ്പോർട്ട് ചെയ്യുന്നു. അപകടം നടക്കുമ്പോൾ ഡിംപിളും ഗർഭിണിയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അവരുടെ ഗർഭവും അലസിപ്പോയിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിന് മെല്‍ബണിലെ ക്രാന്‍ബേണിലാണ്‌ കേസിനാസ്പദമായ അപകടം സംഭവിച്ചത്. ഡിംപിൾ ഓടിച്ചിരുന്ന കാർ സൗത്ത് ഗിപ്സ്ലാന്റ് ഹൈവേയില്‍ റോഡിലെ സൈന്‍ ബോര്‍ഡ് തെറ്റിച്ച് വലതുവശത്തേക്ക് തിരിയാന്‍ നോക്കിയപ്പോഴാണ് അപകടകമുണ്ടായത് എന്നാണ് കേസ്. നിര്‍ബന്ധമായും ഇടത്തേക്ക് തിരിയണം (Must Turn Left) എന്ന നിബന്ധനയുള്ള ഈ പ്രദേശത്ത്, ഹൈവേയിലെ മൂന്നു ലൈനുകള്‍ കടന്ന് ഡിംപിള്‍ ഡ്രൈവ് ചെയ്തിരുന്ന കാര്‍ റോഡിന്റെ മധ്യത്തുള്ള മീഡിയനിലേക്ക് എത്തി. ഈ സമയത്ത് എതിര്‍ വശത്തു നിന്ന് വന്ന കാര്‍, ഡിംപിളിന്റെ കാറില്‍ ഇടിക്കുകയായിരുന്നു.

28 ആഴ്ച ഗര്‍ഭിണിയായ ആഷ്‌ലി അലനായിരുന്നു ഈ കാര്‍ ഓടിച്ചിരുന്നത്. വയറ്റില്‍ സീറ്റ് ബെല്‍റ്റ് മുറുകിയ ആഷ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു‍. പരുക്ക് ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയ നടത്തി പെൺകുഞ്ഞിനെ പുറത്തെടുത്തു. എന്നാല്‍ അപകടത്തിന്റെ ആഘാതം മൂലം രണ്ടു ദിവസത്തിനുള്ളില്‍ കുഞ്ഞ് മരിച്ചു. മരണകാരണമാകുന്ന രീതിയില്‍ അപകടകരമായി വണ്ടിയോടിച്ചു എന്ന കുറ്റത്തിനാണ് ഡിംപിളിന് മെല്‍ബണ്‍ കൗണ്ടി കോടതി രണ്ടര വര്‍ഷം ശിക്ഷ വിധിച്ചിരിക്കുന്നത്. ഈ കുറ്റം ഡിംപിള്‍ നേരത്തേ സമ്മതിച്ചിരുന്നു. 31 വയസുകാരിയായ ഡിംപിള്‍ തോമസ്, ആരോഗ്യമേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്.

ഒരു വര്‍ഷത്തിനു മേല്‍ ശിക്ഷ കിട്ടുന്ന പെര്‍മനന്റ് റെസിഡന്റ്‌സി വിസയിലുള്ളവരെ നാടു കടത്താം എന്നാണ് ഓസ്‌ട്രേലിയയിലെ ഇപ്പോഴത്തെ നിയമം. ഈ നിയമം ചൂണ്ടിക്കാണിച്ച് ശിക്ഷാ വിധി ഒരു വര്‍ഷത്തില്‍ താഴെയാക്കണം എന്ന് ഡിംപിളിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു. നാടുകടത്തല്‍ ഭീഷണി നേരിടുന്നുണ്ട് എന്ന കാര്യം വിധിയിലും ചൂണ്ടിക്കാണിച്ച കോടതി, എന്നാല്‍ വിധി ഇളവു ചെയ്തിട്ടില്ല. പതിനഞ്ചു മാസം കഴിഞ്ഞു മാത്രമേ ഡിംപിളിന് പരോള്‍ ലഭിക്കുകയുള്ളൂ. കുടിയേറ്റകാര്യ മന്ത്രിയുടെ പ്രത്യേക ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ശിക്ഷാ കാലാവധിക്കു ശേഷം ഡിംപിളിനെ നാടു കടത്താന്‍ കഴിയും. വിധി കേള്‍ക്കാന്‍ ഡിംപിളിനൊപ്പം ഭര്‍ത്താവും മൂന്നു വയസുള്ള മകനും കോടതിയിലുണ്ടായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് എല്ലാവരും വിധിപ്രസ്താവം കേട്ടത്.