Latest News

അത്യാഹിതങ്ങൾ സംഭവിച്ചാൽ ആ കുടുംബത്തെ സഹായിക്കാനായി ഒരു ഫണ്ട് ! എം.എം.സി.എ യുടെ സ്വപ്ന പദ്ധതി "അഭിമാനത്തോടെ ഒരു മടക്കയാത്ര" യാഥാർത്ഥ്യമാവുന്നു

2017-09-07 02:46:00am | അലക്‌സ് വര്‍ഗീസ്‌
മാഞ്ചസ്റ്റർ: യുകെയിലെ മലയാളി അസോസിയേഷനുകൾക്ക് എന്നും മാതൃകയും, മികച്ച പ്രവർത്തന പാരമ്പര്യവുമുള്ള മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ ഒരു പൊൻ തൂവൽ കൂടി എഴുതിച്ചേർക്കപ്പെടുന്നു. അസോസിയേഷന്റെ അംഗങ്ങളുടെ കുടുംബങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള അത്യാഹിതങ്ങൾ സംഭവിച്ചാൽ ആ കുടുംബത്തെ സഹായിക്കാനായി ഒരു ഫണ്ട് രൂപീകരിക്കുകയും, അങ്ങനെ സ്വരൂപിക്കുന്ന തുക പ്രസ്തുത കുടുംബത്തിന് ആവശ്യമെങ്കിൽ ഒരു നിശ്ചിത കാലാവധിക്കായി കൊടുക്കുകയും ചെയ്യുന്ന പദ്ധതിയാണ് "അഭിമാനത്തോടെ ഒരു മടക്കയാത്ര".
 
കാലാവധി അവസാനിക്കുന്ന മുറയ്ക്ക് വാങ്ങിയ തുക തിരികെ അസോസിയേഷന്റെ അക്കൗണ്ടിലേക്ക് തിരിച്ചടക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. മരണം മൂലം വേർപിരിയുന്ന കുടുംബാംഗത്തിന്റെ വേദനയിൽ മറ്റുള്ളവരുടെ മുൻപിൽ യാചിച്ച് നിൽക്കേണ്ട അവസ്ഥ കുടുംബത്തിലെ മറ്റുള്ളവർക്ക് അതിലേറെ  വേദനാജനകമാണ്. ഈ ദുരവസ്ഥക്ക് ഒരു പ്രതിവിധിയായിട്ടാണ് "ടീം എം.എം.സി.എ " ഇത്തരത്തിലുള്ള ഒരു പദ്ധതിയുമായി അംഗങ്ങളെ സമീപിച്ചത്. ഏകദേശം മുഴുവൻ പേരുടേയും പിന്തുണയുമായിട്ടാണ്  ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്.
 
അഭിമാനത്തോടെ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം കഴിഞ്ഞ ദിവസം എം.എം.സി.എയുടെ മുൻ പ്രസിഡൻറ് ശ്രീ. ഉതുപ്പ്. കെ.കെ.യിൽ ആദ്യ ചെക്ക് വാങ്ങി എം.എം.സി.എ പ്രസിഡന്റ് ശ്രീ. ജോബി മാത്യു നിർവ്വഹിച്ചു. സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ സിബി മാത്യു, വൈസ് പ്രസിഡൻറ് ഹരികുമാർ പി.കെ, കമ്മിറ്റിയംഗങ്ങളായ സാബു പുന്നൂസ്, ജനീഷ് കുരുവിള എന്നിവർ പ്രസ്തുത ചടങ്ങിൽ സംബന്ധിച്ചു.
 
കഴിഞ്ഞ രണ്ട് വർഷക്കാലമായി സംഘടനയെ ജോബി മാത്യു അദ്ധ്യക്ഷനായുള്ള കമ്മിറ്റിയാണ് നയിക്കുന്നത്. ഹരികുമാർ.പി.കെ, അലക്സ് വർഗ്ഗീസ്, ആഷൻ പോൾ, സിബി മാത്യു, ജെനീഷ് കുരുവിള, സുമ ലിജോ, സാബു പുന്നൂസ്, മോനച്ചൻ ആൻറണി, മനോജ് സെബാസ്റ്റ്യൻ, ബോബി ചെറിയാൻ,  ജയ്സൻ ജോബ്, ഹരികുമാർ.കെ.വി, ഷീ സോബി എന്നിവരാണ് എം.എം.സി.യുടെ നിലവിലുള്ള ഭാരവാാഹികൾ.